Thursday, December 8, 2016

എങ്ക പാട്ടൻ സൊത്തു.

തിരൂർക്കാട് A.M.H.Sൽ പഠിക്കുന്ന കാലം ഏഴാം ക്ലാസ് കൊല്ലപ്പരീക്ഷ അടുക്കുന്നു. പരീക്ഷയുടെ തലേ ദിവസം ക്ലാസ് മാസ്റ്റർ വർഗ്ഗീസ് മാഷ്  ക്ലാസിൽ വന്നു.ഓരോ കുട്ടികളുടെയും ഹാജർ നിലവാരത്തെ കുറിച്ചും പഠന നിലവാരത്തെ കുറിച്ചും കുട്ടികൾക്ക് ഹാജർ പട്ടിക നോക്കി Alphabeticalഓർഡറിൽതന്നെ പേർവിളിച്ചു പറഞ്ഞു കൊടുക്കുകയായിരുന്നു. ഓരോരുത്തരെയും
വിളിച്ച് അവരവർ ഹാജരായ ദിവസം, അവർക്ക് അരക്കൊല്ല പരീക്ഷയിൽ കിട്ടിയ മാർക്ക് എന്നിവ പറഞ്ഞു കൊടുത്തു. പട്ടികയിൽ എന്റെ പേരി നടുത്തെത്തിയപ്പോൾ എന്നെ വിളിച്ചു.
"മുഹമ്മദ് ബഷീർ ".ഒരു ദിവസം പോലും, അവധിയില്ല മുഴുവൻ ഹാജർ. അരക്കൊല്ല പ്പരീക്ഷയിൽ എല്ലാത്തിലും നല്ല മാർക്ക്.അഭിമാനത്തോട് കൂടെ ഞാൻ ഇരുന്നു. കൊല്ലപ്പരീക്ഷയിൽ ഫുൾ മാർക്ക് വാങ്ങാൻ മാഷുടെ പ്രോത്സാഹനം. ഞാൻ  അങ്ങനെ തന്നെ ചെയ്തു.
ഇപ്പോൾ ഞാൻ ഏഴാം ക്ലാസിൽ നിന്ന് നല്ല മാർക്കോട് കൂടെ പാസായി വന്ന്, എട്ടാം ക്ലാസിൽ അഭിമാനത്തോട് കൂടെ ഇരിക്കുന്നു. സ്കൂൾ ജീവിതത്തിലെ അവസാന അഭിമാന നിമിഷം അതായിരുന്നു എന്ന്പിന്നീട്  ഉള്ള എന്റെ പെർഫോർമൻസ് തെളിയിച്ചിട്ടുണ്ട്. കുറെ പഴയ  കൂട്ടുകാരും ഒപ്പം പുതിയ കൂട്ടുകാരും.കബീർ പാതാരി,K H സെയ്ത് ചെറുകര.C H സുബൈർ, ഛോട്ടാ മുഹമ്മദലി, മായിൻ, ഉമർ M . ഉമർ E.P സെയ്തലവി അരിപ്ര, പിന്നെ ഏലംകുളം ബഷീറും.
കുളത്തൂർ ടി.മുഹമ്മദ് മൗലവിയാണ് ക്ലാസ് മാസ്റ്റർ. അറബിക്ക് അധ്യാപകനാണ് അദ്ദേഹത്തിന്റെ ക്ലാസ് അതീവ രസകരമാണ്.ഒരുപാട് ഒപ്പാരികൾ ഉണ്ടാവും, കഥകളുണ്ടാവും ഹാസ്യം ഉണ്ടാവും. അങ്ങാടിപ്പുറത്തെ  ഹംസ  കുഞ്ഞായിൻ ഹംസയായി ഇന്നും തുടരുന്നത് അദ്ദേഹത്തിന്റ.ഹംസയുടെ കോമാളിത്തം കണ്ടുള്ള "എട കുഞ്ഞായീനേ " എന്നുള്ള   ഒറ്റ വിളി  കൊണ്ടാണ. പല്ല് തേക്കാത്ത മകന് കരിമ്പ് വാങ്ങി തിന്നാൻ പൈസ കൊടുത്ത വാപ്പാന്റെയടുത്തേക്ക് കൊപ്ര പിണ്ണാക്കും തിന്ന് വരുന്ന മകനെ കണ്ട വാപ്പാന്റെ അവസ്ഥയാക്കരുത്  നിങ്ങളെന്നെ എന്നുള്ള പ്രയോഗമൊക്കെ ഇന്നും മായാതെ മനസ്സിൽ തങ്ങി നില്ക്കുന്നു. അങ്ങനെ വളരെ പ്രഗത്ഭനും പ്രശസ്തനുമായ അദ്ദേഹം എന്റെ ക്ലാസ് മാഷായിരുന്നു എന്നുള്ളത് വളരെ അഭിമാനത്തോട് കൂടി തന്നെ ഓർക്കുന്നു . എപ്പോഴും വെള്ളക്കളർ കുപ്പായമോ ഇളം കളർ കപ്പായമോ മാത്രമേ ഇടുകയുള്ളൂ. എപ്പോഴും ചിരിച്ച മുഖഭാവം. ആകെ ഒരു പ്രാവശ്യം മാത്രമാണദ്ദേഹത്തിന്റെ കയ്യിൽ നിന്ന് ചൂരലടി വാങ്ങിയിട്ടുള്ളത്. അങ്ങനെയാവില്ല ശരി അദ്ദേഹം അടിക്കാറേ ഇല്ലായിരുന്നു. ആ ഒരടി നിർബ്ബന്ധപൂർവ്വം ചോദിച്ച് വാങ്ങിച്ചതായിരിക്കും.
ഇനിയാണ്  ജീവിതത്തിന്റെ ടേണിങ്ങ് പോയന്റ്. ഏലംകുളം ബഷീറും ഞാനും,സ്കൂളിൽ വലിയ കൂട്ടായി .ബഷീർ ഏലംകുളം മമ്മദ് ഹാജിയുടെ മകൻ ഇലാഹിയ്യ കോളേജ് ബോർഡിങ്ങിൽ നിന്നു് പഠിക്കുന്നു. ബോർഡിങ്ങിൽ പഠിക്കുന്ന കൂട്ടികളെയൊക്കെ ഏതോ രാജ കുടുംബത്തിലെ കുട്ടികളെ കാണുന്നത് പോലെ മനസ്സിൽ ഒരു വല്ലാത്ത ചെറുപ്പം സ്വയം തോന്നുന്ന അവസ്ഥയിലാണ് നോക്കി കണ്ടിരുന്നത്. കാരണം ബോർഡിങ്ങിൽ പഠിക്കുക എന്ന് പറഞ്ഞാൽ വളരെ പണച്ചെലവ് ഉള്ള കാര്യം ആണ്. അത് അന്നത്തെ കാലത്ത് സമൂഹത്തിൽ വളരെ കുറച്ച് പേർക്ക് മാത്രം കഴിയുന്ന കാര്യമാണ്. അതു കൊണ്ട് തന്നെ കയ്യെത്തിപ്പിടിക്കാൻ കഴിയാത്ത ഉയരത്തിൽ നില്ക്കുന്ന ഒരുത്തൻ എന്നോട്‌ സുഹൃത്തായത് വലിയ അഭിമാനം തോന്നിയ സ് കൂൾ ദിനങ്ങളായിരുന്നു. ഒരു വെള്ളിയാഴ്ച ദിവസം ബഷീർ എന്നോട് പറഞ്ഞു " സെയിൻ തിയേറ്ററിൽ ഒരു ഉഗ്രൻ സിനിമ വന്നിരിക്കുന്നു" ഞാൻ ചോദിച്ചു ഏതാണ് സിനിമ?. " ,എങ്ക പാട്ടൻ സൊത്തു', തമിഴ് സിനിമയാണ്, കളറാണ്, ജയശങ്കറും, അശോകനും ഭയങ്കര സ്റ്റണ്ടാണ് ,മോട്ടോർ സൈക്കിൾ റേസിങ്ങ് ഒക്കെ ഉണ്ട് ഞാൻ ഇന്ന് മാറ്റിനിക്ക് പോകും നീ പോരുന്നോ " ഞാൻ അതിനു മുൻപ് ജീവിതത്തിൽ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് സിനിമ മാത്രമെ കണ്ടിട്ടുള്ളൂ. 'ലോട്ടറി ടിക്കറ്റ് ' .അത് സ് കൂളിൽ നിന്ന് കൊണ്ടുപോയതാണ്.അല്ലാതെ സിനിമയൊന്നും കണ്ടിട്ടില്ല കാണാൻ ഉമ്മ സമ്മതിച്ചിട്ടും ഇല്ല. അരിപ്ര മഹല്ല് ഖാളിയാരായിരുന്ന മുഹമ്മദ് മുസ്ല്യാരുടെ മകളായ ഉമ്മാക്ക് സിനിമ പെരുത്ത് ഹറാമായിരുന്ന കാലം. സിനിമ കണ്ടതിന് ഉമ്മാന്റടുത്ത്നിന്ന് ഒരു പാട് തല്ല് പിന്നീട് കിട്ടിയിട്ടുണ്ട്. (ഇതിനൊക്കെ ഉമ്മാ നോട് പ്രതികാരം ചെയ്തത് പിന്നീട് കുറെ വർഷങ്ങൾക്ക് ശേഷം വീട്ടിൽ ഒരു ടെലിവിഷൻ വാങ്ങിയിട്ടാണ്. മഗ്രിബ് നിസ്കാരത്തിന് ശേഷം ഇശാ വരെ ഓതിയിരുന്ന ഉമ്മ ഓത്തിന്റെ നീളം  കുറച്ചു സീരിയലു കാണാ തിരിക്കാൻ വയ്യ എന്നായി. "അങ്ങനെ തന്നെ വേണം ങ്ങക്ക്, സിനിമ കണ്ടതിന്ന് എന്നെ തച്ചതിന്നു് പടച്ചവൻ അപ്പളക്കപ്പളെ അല്ലെങ്കിലും  ഈ ജീവിതകാലത്ത് തന്നെ  തന്ന പണിയാണ് ഈ സീരിയലുകൾ "എന്ന് ഞാൻ പറയുമ്പോൾ നിഷ്കങ്കമായ ഒരു പൊട്ടിച്ചിരിയായിരിക്കും മറുപടി "ജ്ജൊന്ന് മുന്നിന്ന് മാറിന്നാ ഞാൻതൊന്ന് കാണട്ടെ".
ഏതായാലും ബഷീറിന്റെ ചോദ്യം ഒരു വലിയ
മോഹമായി മനസ്സിൽ പ്രത്യേ കിച്ചും നല്ല സ്റ്റണ്ടും ബൈക്ക് റേസിങ്ങും ഒക്കെ ഉണ്ട് എന്നറിഞ്ഞതോട് കൂടെ വലിയ ആകാംക്ഷയായി അതൊന്ന് കാണണം. പിന്നീട് ക്ലാസിൽ ശ്രദ്ധിക്കാനേ കഴിഞ്ഞില്ല.
ചർച്ചയായി ഞാനും ബഷീറും തമ്മിൽ, എങ്ങനെ പോകും, ടിക്കറ്റ് എങ്ങനെ എടുക്കും, അഞ്ച് പൈസക്ക് കാപ്പിയും അഞ്ച്പൈസക്ക് പൂളയും കിട്ടുന്ന കാലം. ഒരു നയാ പൈസ കയ്യിലില്ല, ടിക്കറ്റിന് -ബഞ്ചിന് അറുപത് പൈസ വേണം. ബസ്സിന് സി,ടി അങ്ങോട്‌ പത്ത് പൈസ ഇങ്ങോട്ട് പത്ത് പൈസ, എൺപത് പൈസ ഇത്രയെങ്കിലും എങ്ങനെയെങ്കിലും ഒപ്പിക്കണം. അവന്റെ കയ്യിൽ വാപ്പ കൊടുത്ത പോക്കറ്റ് മണിയുണ്ട്. എന്റെ ബസ് പൈസ അവൻ എടുക്കാം എന്നേറ്റു. എന്നാലും  ടിക്കറ്റിന് പൈസ വേണം, ഉച്ചക്ക് ശേഷം ക്ലാസിൽ നിന്ന് ലീവ് വേണം , സിനിമ കാണണമെങ്കിൽ ഉമ്മാന്റെ സമ്മതം വേണം. ആ കാലത്ത് ഒരിക്കലും നടക്കാത്ത വലിയ വലിയ കടമ്പകൾ. പണം എന്ന ആനമല കയറിയാൽ സഹ്യപർവ്വതം എന്ന കുളത്തൂർ മൗലവി മുൻപിൽ. സഹ്യപർവ്വതവും താണ്ടികയറിയാൽ ഉമ്മ എന്ന എവെറസ്റ്റ്. ഞാൻ അന്ന് എട്ടാം ക്ലാസിലല്ലെ എത്തിയുള്ളൂ, കുഞ്ഞു കാലുകളല്ലെ, ഈ കുഞ്ഞു കാലുകളെങ്ങനെ താണ്ടും ഈ മഹാ മലകളെ ?.
രണ്ട്  കുഞ്ഞു ബുദ്ധികൾ കുളത്തൂർ മൗലവിയുടെ അറബി ക്ലാസ് കേട്ടില്ല, ചിന്നമ്മ ടീച്ചറുടെ കെമിസ്ട്രി കേട്ടില്ല,ജോസഫ് മാഷുടെ ഫിസിക്സും കേട്ടില്ല, മുഹമ്മദ് കുട്ടി മാസ്റ്ററ്ടെ കണക്കും കേട്ടില്ല. ഇടയിലെ ഇട വേളയിലും  ആലോചനയോടാലോചന. നാലാം പീരിയഡ് അവസാനം അവനൊരു വഴി കണ്ടു പിടിച്ചു.ശരിക്കും അവൻ ഒരു ബുദ്ധിജീവി തന്നെ, ഇപ്പോൾ 'എല്ലാത്തിനും പരിഹാരമായി'. അതൊരു ജനുവരി മാസം ആണ് എന്റെ വീട്ടിൽ അന്ന് ധാരാളം പറങ്കിമാങ്ങ ഉണ്ടാകുമായിരുന്നു. ഞാൻ അത് പച്ച ഈർക്കിലിൽ കോർമ്പല കുത്തി അവനും കൂട്ടുകാർക്കുംകൊണ്ട്കൊടുക്കു മായിരുന്നു.
അങ്ങനെയാണ് അവന് ആ ഐഡിയ മനസ്സിൽ വന്നത് An Idea Can  change your Life എന്ന പരസ്യമൊന്നും അന്നില്ലെങ്കിലും ആ ഐഡിയ എന്റെ ജീവിതം മാറ്റി മറിക്കുക തന്നെ ചെയ്തു. എന്റെ തൊടിയിൽ നിന്ന്  കുറച്ച് പറ്ങ്കേങ്ങന്റണ്ടി പെറുക്കണം എന്നിട്ട് അത് ഏത്ങ്കിലും പീടികയിൽ കൊണ്ടു കൊടുക്കണം ടിക്കറ്റിനു് പൈസ ആകും. ആ ഐഡിയ എനിക്ക്  ഇഷ്ടപ്പെട്ടു. എന്നാലും അതിനു്മുമ്പ്,ഒരുകടലക്കച്ചവടക്കാരന്റെയടുത്ത് നിന്ന് പോലും ഒരണ്ടിക്ക് പകരമായി ഒരുചൂരികടലയൊ,ഒരുചക്കരമുട്ടായിക്കാരന്റെയടുത്ത് നിന്നും രണ്ടണ്ടിക്ക്  പകരമായി  ഒരുചക്കരമുട്ടായിയോവാങ്ങിച്ചിട്ടില്ല.അങ്ങനെയെന്തെങ്കിലും  വേണമെങ്കിൽ ഉമ്മ പൈസ തരും അല്ലാതെ അണ്ടിയൊന്നും പെറുക്കി വിൽക്കരുത്  അത് നല്ല സ്വഭാവമല്ല എന്ന് ഉമ്മ എപ്പോഴും പറയും. അങ്ങനെയൊരു സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഉമ്മ നേരത്തേ കണ്ടിട്ടുണ്ടാവും, എന്നെ പെറ്റ ഉമ്മയല്ലെ? -  'ഉമ്മ ഏതാ മൊതല് '.
                                    ഞാൻ ഉച്ചക്ക് കഞ്ഞിക്ക് പോയി വരുമ്പോൾ  അണ്ടി കൊണ്ടുവരണം .
എനിക്ക് പേടിയാവാൻ തുടങ്ങി. എങ്ങനെ അണ്ടി പെറുക്കും ഈ നട്ടുച്ച നേരത്ത് കഞ്ഞിക്ക് വന്നു് അണ്ടിപെറുക്കുന്നത് ഉമ്മ കണ്ടാൽ 'പറുങ്കൂച്ചി ചുള്ളി മുതുവമ്പുറത്ത് കൂടെ വുഗ്ഗും.' ഞാൻ ആലോചിച്ചു അവനോട് കൂടെ എന്നോടൊത്ത് ഉച്ചക്ക് കഞ്ഞിക്ക് വരാൻ പറഞ്ഞു. അവൻ നേരത്തേ  ബോർഡിങ്ങിൽ നിന്ന് ഉച്ചക്ക്  സ്കൂൾ  വിട്ടാൽ വീട്ടിൽ  ആവശ്യമുണ്ടെന്നു് നൊണ  പറഞ്ഞ് ലീവെടുത്തിട്ടുണ്ടായിരുന്നു. ഇനി ഉച്ചക്കഞ്ഞിക്ക് വിടാനുള്ള ബെല്ലടിക്കണം ഒരു അഞ്ചോ പത്തോ മിനുട്ട് കൂടെ ഉണ്ടാവും. അതൊരു ഒന്നൊന്നര പത്ത് മിനുട്ടായിരുന്നു.അത്രയും ദീർഘിച്ച പത്ത് മിനുട്ട് എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന് ഇപ്പോൾ ഓർമ്മ വരുന്നില്ല.  ( ഇനി ഇത് പോലുള്ള ഏതെങ്കിലും നിമിഷങ്ങളെ പറ്റി ഓർക്കമ്പോഴായിരിക്കും ചിലപ്പോൾ നീളം കൂടിയ മറ്റൊരു പത്ത് മിനുട്ട് ഓർമ വരിക.അതപ്പോൾ പറയാം).
                            ബെല്ലായി തൂക്കിയിട്ടിരുന്ന കനം കൂടിയ പിച്ചള തളികയിൽ പ്യൂൺ മുഹമ്മദ് കാക്ക ബെല്ല് മുട്ടി കൊണ്ട് നീട്ടിയടിച്ചു. തറയിൽ വീണുടഞ്ഞ കോട്ടി ഭരണി മാതിരി വ്യത്യസ്ഥ നിറങ്ങൾ  വ്യത്യസ്ഥ വസ്ത്രങ്ങൾ വ്യത്യസ്ഥ വലുപ്പമുള്ള ആണും പെണ്ണുമായിട്ടുള്ള കുട്ടികൾ സ്കൂൾ മൈതാനത്തേക്ക് നിറഞ്ഞൊഴുകി. അന്ന് യൂനിഫോം സമ്പ്രദായം തുടങ്ങിയിട്ടില്ല.  അന്ന് വരെയും എന്റെ അയൽവാസിയായ ഗുണ്ടു മയമാലി ആണ് ഉച്ചക്കഞ്ഞിക്ക് വിട്ടാൽ ഒരു കിലോമീറ്റർ ദൂരമുള്ള വീട്ടിലേക്ക് ആദ്യമെത്തുക. അവൻ സ്കൂൾ വിടലും ഓടലും കഴിയും  ആ ഒരു കിലോമീറ്റർ ഒരിക്കൽ പോലും അവൻ നില്ക്കുകയില്ല. പക്ഷെ അന്ന് ഞങ്ങളവനെ മറികടന്നു. അങ്ങനെ ബഷീറും എന്റെ കൂടെ കഞ്ഞി കുടിച്ചു . ടെൻഷൻ കാരണം എനിക്ക്  കഞ്ഞി കുടിച്ചിട്ട്  ഇറങ്ങിയില്ല.ഉമ്മാന്ററടുത്ത് അവന് പറ്ങ്കേങ്ങ വേണംന്നു് പറഞ്ഞ് പറ്ങ്കേങ്ങ പെറുക്കാൻ സമ്മതം വാങ്ങിച്ചു, തൊടിയിലേക്കോടി.പറങ്കി മാങ്ങ ആയിരുന്നില്ല ഉദ്ദേശം പറങ്കി അണ്ടിക്ക് കിലോക്ക് ഒന്നര രൂപയുള്ള ആ കാലത്ത് ഒരു അരക്കിലോ അണ്ടി എങ്ങനെയെങ്കിലും വേഗം പെറുക്കിയെടുക്കണം.ഉമ്മാക്ക് അന്ന് വരെ ഉമ്മാന്റെ നല്ല കുട്ടിയായിരുന്ന എന്നെ സംശയമൊന്നും ഇല്ലല്ലോ!.?
അന്ന് തൊടിയിൽ നിറയെ പറങ്കിമാവുകൾ വ്യത്യസ്ഥ വലുപ്പങ്ങളിൽ പത്ത് മുപ്പതോളം വരുന്ന പറങ്കിമാവുകൾ. ചിലവ ആർക്കും വഴങ്ങാതെ അടിവശത്ത് ഒരു കൊമ്പ് പോലുമില്ലാതെ ഉയർന്നു പൊങ്ങി പോയിട്ടുണ്ടാവും,ചിലത് ഏത് കുട്ടിക്കും കയറാനും കളിക്കാനും പാകത്തിൽ നാലുഭാഗത്തേക്കും പടർന്നു് നില്ക്കുന്ന കൊമ്പുകളുള്ളവയായിരിക്കും,ചിലവയാ കട്ടെ തായ് മരത്തിനെയാകെ സംരക്ഷിച്ച് നിറുത്തുന്നവിധത്തിൽ നാല് വശവും ആകെ പടർന്ന് പന്തലിച്ച് നിലം മുട്ടിക്കിടക്കുന്നവ യായിരിക്കും.ഒരു പറങ്കിമാവും മറ്റൊരു പറങ്കി മാവിന്റെ മാങ്ങയുടെ രൂപത്തിലും, രുചിയിലും, വലുപ്പത്തിലും പറങ്കിമാങ്ങകളെ തന്റെ ചില്ലയിൽ തൂക്കിയിടുകയില്ല ഓരോ പറങ്കി മാവിന്റെ മാങ്ങയും വ്യത്യസ്ഥ ങ്ങളായിരിക്കും ചിലത് മഞ്ഞ, ചിലത് ചുവപ്പ്, ചിലത് കടുംമഞ്ഞ, ചിലത് കടും ചുവപ്പ് , ചിലത് ഇളം മഞ്ഞ , ചിലത് ഇളം ചുവപ്പ്, ചിലത് അതിമധുരം, ചിലത് ഇളം മധുരം, ചിലത് എത്ര പഴുത്താലും ചവർപ്പ്, ചിലത് പറങ്കിമാങ്ങയുടെ രുചിയോടു കൂടെ തന്നെവരിക്കച്ചക്കയുടെ രുചി കൂടെ സ്വാംശീകരിച്ച് വെച്ചവർ, ചിലവ കറു മൂസിന്റെ രുചിയെ സ്വാംശീകരിച്ചവർ ചിലരെ വെറുതെ  തിന്നേണ്ടവർ, ചിലരെ   ഉപ്പും മുളകും കൂട്ടി തിന്നേണ്ടവ, ഓരോ പറങ്കി മാവും ഓരോ മുഖ ഛായയുള്ള പറങ്കി മാങ്ങയെയും അണ്ടിയെയും ' ആണ്  വിളയായ് നൽ കാറെങ്കിലും ഒരു പറങ്കിമാവും തന്റെ വ്യത്യസ്ഥ ചില്ലകളിൽ വ്യത്യസ്ഥ മുഖഛായയുള്ള പറങ്കി മാങ്ങയെയും അണ്ടിയെയും  വിളയായ് നൽ കാറില്ല, അവർ ക്കെല്ലാം ഒരേ ഛായ ആയിരിക്കും അതുകൊണ്ട് തന്നെ വീട്ടിൽ കൂട്ടത്തോടെ  കൂട്ടയിൽ വച്ചാലും ഇന്നത് ഇന്ന മാവിന്റെ അണ്ടി എന്ന് വ്യക്തമായും തിരിച്ചറിയാം ഒരു കടയിൽ കൊണ്ടു കൊടുത്താൽ പോലും എത്ര വലിയ കൂട്ടത്തിൽ നിന്നും സ്വന്തം കുഞ്ഞിനെ തിരിച്ചറിയുന്നത് പോലെ ഒരു കശുമാവ് ഉടമസ്ഥൻ തന്റെ  കശുമാവിന്റെ അണ്ടി ഏതാണെന്ന് തിരിച്ചറിയും.
എന്നാൽ ഈ വ്യത്യസ്ഥങ്ങളായ പറങ്കി മാങ്ങകളൊക്കെയും തങ്ങളുടെ തല കീഴ്ക്കാം തൂക്കായി ഇട്ടു കൊണ്ട് വ്യത്യസ്ഥ മരങ്ങളിൽ വ്യത്യസ്ഥ മുഖഛായയോടു കൂടെ സ്വയം ഞെട്ടറ്റു വീഴാനോ തോട്ടിയുമായി വന്ന് ഞെട്ടറ്റു വീഴ്ത്തുന്നവന് വഴങ്ങി കൊടുക്കാനോ ആയി ചില്ലകളിൽ തൂങ്ങി കിടക്കാറാണ് പതിവ്. കാറ്റിനാൽ സ്വയം ആടുമ്പോഴോ ആരെങ്കിലും കുലുക്കി ചാടിക്കുമ്പോഴോ  കൂട്ടത്തോടെ വീണു കിടക്കുന്ന പറങ്കിമാങ്ങകൾ  അതി മനോഹരമായകാഴ്ചയാണെങ്കിലും,എന്നെയും ഹുസൈനെയും സംബന്ധിച്ച് അതൊരു  വേദനിക്കുന്ന പണിയായിരുന്നു. ചില മാങ്ങകളിൽ നിന്ന് അണ്ടി വേഗത്തിൽ ഇടിഞ്ഞെടുക്കാം. ചിലതിൽ നിന്ന് തള്ളവിരലും ചൂണ്ടും വിരലും നടുവിരലും വേദനിച്ചാലും അണ്ടി ഇടിഞ്ഞെടുക്കാൻ     പറ്റുകയില്ല.ചില ചുവട്ടിൽ ചാടി കിടക്കുന്ന പറങ്കിമാങ്ങകൾ രണ്ട് ദിവസമാകമ്പോഴേക്ക് ചീഞ്ഞ് അഴുകിയിട്ടുണ്ടാവും. അങ്ങനെയുള്ള മാങ്ങയുടെ അണ്ടിയിൽ പിടിച്ചു കൊണ്ടാണ് ആ മാങ്ങ പെറുക്കാറ്. അണ്ടിയിൽ പിടിച്ച് ഉയർത്തുമ്പോഴേക്ക് തന്നെ അഴുകിയ മാങ്ങയുടെ തൊണ്ണൂറ്റഞ്ച് ശതമാനവും നിലത്ത് വീണിട്ടുണ്ടാവും. എന്നാൽ ബാക്കി അഞ്ച് ശതമാനത്തിൽ നിന്ന്  ആ പറങ്കിണ്ടിയെ വേർപ്പെടുത്താനുള്ള ശക്തി അന്നത്തെ ഞങ്ങളുടെ കുഞ്ഞു വിരലുകൾക്കുണ്ടായിരുന്നില്ല . മറ്റു ചിലവ തോട്ടി കൊണ്ടു കൊളുത്തി വലിക്കുന്നതിനിടയിൽ വീണ പച്ച അണ്ടികളായിരിക്കും.അങ്ങനെയുള്ളഅണ്ടികൾക്ക്  മാങ്ങ ഉണ്ടാവുകയില്ല കുഞ്ഞുകാറമാങ്ങ പോലും ആകാത്ത ആ മാങ്ങയുടെ പൂപ്പ പച്ച അവസ്ഥയിൽ ഉണങ്ങിയാൽ പിന്നെ പൊട്ടിച്ചെടുക്കണം പറങ്കിമാവിന്റെ ചുവട്ടിൽ എപ്പോഴും പൊന്തക്കാടുകളായിരിക്കും. ഒരു പാട് തൊട്ടാവാടിച്ചെടികൾ കാര മൂൾച്ചെടികൾ താളിമുൾച്ചെടികൾ പുല്ലാനി പൊന്തകൾ അതിനിടക്ക് തൊടു  കക്കൂസായി ഉപയോഗിക്കുന്ന കാലം.കാരമുൾചെടി  കുപ്പായമിടാത്ത ശരീരത്തിന്റെ പുറത്ത് കോറി മുറിയാക്കുമെങ്കി്ൽ താളിമുൾചെടി ഷഡ്ഡി യി ടാത്ത  ചന്തിയെയും  കാൽ തുടകളെയും കുത്തി വേദനിപ്പിച്ചിട്ടുണ്ടാവും. തൊട്ടാവാടിയാകട്ടെ കൽപാദങ്ങളിൽ കുത്തി കേറിയിട്ടുണ്ടാവും. അങ്ങനെ  മുറിവു പറ്റിയും വേദന സഹിച്ചും ചിലപ്പോഴൊക്കെ തീട്ടത്തിൽ ചവിട്ടിയും തന്നെ ദിവസേന യെന്നോണം നാല്പതും അമ്പതും കിലോ അണ്ടി ഞങ്ങൾപെറുക്കിയുണ്ടാക്കിയിരുന്നു.
                                    ഞാനും ബഷീറും വേഗം അണ്ടി പെറുക്കാൻ തുടങ്ങി ചിലവ കുഞ്ഞു അണ്ടികൾ ചിലവ ഇടത്തരം ചിലവ മുഴുത്തത്. ഒരു നൂറ് നൂറ്റി ഇരുപത്തി അഞ്ച് അണ്ടിയെങ്കിലും വേണം അര കിലോ ആകാൻ ആ കണക്ക് ഒക്കെ അന്നേക്ക് ഉമ്മാന്റെ കൂടെമലഞ്ചരക്ക്കാരൻെറയടുത്ത് അണ്ടി വിൽകാൻ പോയുള്ള പരിചയം കൊണ്ട് പഠിച്ച് വച്ചിട്ടുണ്ടായിരുന്നു. അത്രയും അണ്ടി ഞങ്ങൾ പെറുക്കി അരയിൽതിരുകി.
                              ആ അണ്ടി തോട്ടോളി ഉണ്ണീൻ കാക്കയുടെ കടയിൽ കൊണ്ടു കൊടുത്തു .എഴുപത്തിയഞ്ച് പൈസ കിട്ടി.
പണം എന്ന ആനമല കയറി,കുളത്തൂർ മൗലവി എന്ന സഹ്യപർവ്വതവും ഉമ്മ എന്ന എവറസ്റ്റും കയറാൻ നിന്നില്ല എല്ലാം കുറുക്കു വഴി ആരോടും ഒന്നും പറഞ്ഞില്ല. ഉമ്മായോട് മിണ്ടിയില്ല, ഉച്ചക്ക് ശേഷം ക്ലാസിൽ കയ റിയില്ല, തിരൂർക്കാട് 2.20 ന് എത്തുന്ന മഞ്ചേരി  ഒറ്റപ്പാലം 'വിജയ ' ബസ്സിൽ അന്നാദ്യമായി സിനിമ കാണാനുള്ള യാത്രയുടെ തുടക്കം കുറിച്ചു. സിനിമ കാണാനുള്ള ആയിരക്കണക്കിന് യാത്രയുടെ തുടക്കം, സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ യാത്രയുടെ തുടക്കം. അന്നാദ്യമായി സിനിമ ടിക്കറ്റിന് വേണ്ടി വരിയിൽ തിക്കി  തിരക്കി നിന്നു. അതിനു ശേഷം നില്ക്കാൻ പോകുന്ന ആയിരക്കണക്കിന് വരികളുടെ തുടക്കം. എന്റെ ജന്മം തന്നെ വരി നിന്നാണെങ്കിലും, അത് ഒരാളുടെ പുറകിൽ മാത്രം നിന്നാൽ മതിയായിരുന്നു.ഇവിടെയിതാ നൂറു കണക്കിനാളുകൾ മുമ്പിൽ, രണ്ട് ഭാഗവും ഉയർത്തിക്കെട്ടി  കൃത്രിമമായി ഉണ്ടാക്കിയ ഇരുട്ട് പിടിച്ചഇടനാഴിയിലെ ശ്വാസം മുട്ടിക്കുന്ന വരികളിൽ.അവരുടെയിടയിൽ ഒരാളായി ഞാനും. (ഭാവിയിലെ ഇതിനേക്കാൾ നീണ്ട ഇടനാഴിയിലെ ഇരുട്ടിൽ ഇതിലും നീണ്ട നേരം ഒരു ബഞ്ചിന്റെ ടിക്കറ്റിനായി കാത്ത് നിലേക്കണ്ടുന്ന എന്റെ നിൽപിന്റെ തുടക്കം).
ഞങ്ങൾ രണ്ട് പേരും ടിക്കറ്റെടുത്തു തിയേറ്ററിനകത്ത് കയറി.ബഞ്ചിൽ നടുവിലായാണ് ഇരിപ്പിടം കിട്ടിയത്.
സിനിമ തുടങ്ങി (അന്നെനിക്ക് ഒരു നടീനടൻ മാരെയും അറിയില്ല എന്നാൽ പിന്നീട് അതിലുള്ളവരെയൊക്കെ എനിക്കറിയാം ജയശങ്കർ, ശിവകുമാർ ,അശോകൻ,രാജ കോകില,തുടങ്ങി അന്നത്തെ പ്രശസ്തർ തന്നെ ).സിനിമ യുടെ തുടക്കത്തിൽ തന്നെ ഒരു കശപിശ അത് ജയശങ്കറിന്റെ ജേഷ്ടന്റെ കൊലപാതകത്തിൽ കലാശിക്കുന്നു.തുടർന്ന് പ്രതികാരം. ആ സിനിമയിൽ ഞാനാദ്യമായി സ്റ്റണ്ട് കണ്ടു, പാട്ട് രംഗം കണ്ടു അർദ്ധനഗ്നകളായ ആദിവാസി വേഷധാരിയായ നായികയെ കണ്ടു അർദ്ധ നഗ്നകളായ പാട്ടുകാരികളെ കണ്ടു പക്ഷെ  പിള്ള മനസ്സിൽ കള്ളമില്ലല്ലോ ആ കള്ളികളെ ആസ്വദിക്കാനുള്ള മൂപ്പായിരുന്നില്ലല്ലോ?.  അന്നുവരെ ഞാൻ കാണാത്ത മോട്ടോർ സൈക്കിളോട്ട മത്സരംകണ്ടു,അന്നുവരെ ഞാൻ കാണാത്ത മരുഭൂമി കണ്ടു, അന്ന് വരെ കാണാത്ത ഒട്ടകയോട്ടം കണ്ടു, ഞാൻ കാണാത്ത മഞ്ഞുമലകളെകണ്ടു,കാശ്മീരതുഷാരത്തിലെ ഐസ് ചേസിങ്ങ് കണ്ടു, ഒരു 13കാരന്റെ മുമ്പിൽ അഭ്രപാളിയിൽ ഒരു വിശാല ലോകം തുറക്കുന്നു. പുതിയ പുതിയ അഭ്രപാളിയിൽ പുതിയ പുതിയ ലോകം കാണാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ തുടക്കം.
'എങ്ക പാട്ടൻ സൊത്തു' ഒറ്റ ഡോസിൽ അടിമപ്പെടുത്തുന്ന കോക്ടെയിൻ ലഹരിയെക്കാൾ വീര്യം കൂടിയ സിനിമ ലഹരിയാണ് എന്നിൽ പടർത്തിയത്, അവിടുന്നിങ്ങോട്ട് ആയിരക്കണക്കിന് സിനിമകൾ ആയിരക്കണക്കിന് അഭ്രപാളികൾക്ക് മുൻപിൽ,ചിത്രാലയ, സംഗീത, ജഹനറ, കോഴിക്കോട്ടെ, സംഗം,
അപ് സര, ഡേവിസൺ, കോറണേഷൻ, രാധ, ക്രൗൺ, പുഷ്പ, തൃശൂർ_ രാഗം, രാമദാസ്,ഗീത, പാലക്കാട്‌ അരോമ, പ്രിയ, പ്രിയദർശിനി, ന്യൂ , ഗൗഢർ, എറണാകുളം, ഷേണായീസ്, ലിറ്റിൽ ഷേണായീസ്, പത്മ, മേനക, ശ്രീധർ, നിലമ്പൂർ ഫെയറിലാന്റ്, ജ്യോതി ,തിരൂർ സെൻട്രൽ, മലപ്പുറം, ഡിലൈറ്റ്, പെരുമാൾ, മഞ്ചേരി ശ്രീദേവി, അവസാനം, ബോമ്പെ,- മിനർവ, റീഗൽ, ഈ റോസ്, കാപ്പിറ്റോൾ, ഷാലിമാർ, രൂപം, മറാത്ത മന്ദിർ '---- എന്റെ ജീവിത പഠന കാലം, പത്താം ക്ലാസ് കൊല്ല പരീക്ഷ വരെ ഞാൻ ശിവദാസൻ മാസ്റ്ററു ടെ ഇംഗ്ലീഷ് ക്ലാസ് കേട്ടില്ല, മുഹമ്മദ് കുട്ടി മാസ്റ്ററുടെ കണക്ക് കേട്ടില്ല, ചിന്നമ്മ ടീച്ചറുടെ കെമിസ്ട്രി കേട്ടില്ല, സരസമ്മ ടീച്ചറുടെ മലയാളം കേട്ടില്ല, അയ്യപ്പൻ പിള്ള സാറിന്റെ ഹിന്ദിയും, സുമതി ടീച്ചറുടെ ഹിന്ദിയും കേട്ടില്ല. കുളത്തൂർ മൗലവിയുടെ അറബിയും കേട്ടില്ല,രാമൻ മാസ്റ്ററുടെ ഡ്രോയിങ്ങ് വരച്ചില്ല, മൊയ്തുട്ടി മാസ്റ്ററുടെ ഡ്രോയിങ്ങും വരച്ചില്ല, ഉസ്മാൻ മാസ്റ്ററുടെ ചരിത്രവും കേട്ടില്ല, വീട്ടിൽ വന്നാൽ ഒരു പുസ്തകവും ഞാൻ കണ്ടില്ല.കേട്ടത് സിനിമാക്കഥകൾ മാത്രം, കണ്ടത് സിനിമ പോസ്റ്ററുകൾ മാത്രം. സിനിമ,സിനിമ,സിനിമ............. മോണിങ്ങ് ഷോ, നൂൺഷോ, മാറ്റിനി, ഫസ്റ്റ് ഷോ, സെക്കന്റ് ഷോ,.......സിനിമ,സിനിമ, സിനിമ........
ഒരു പാട് സിനിമ കൂട്ടുകാർ, അവരോടൊത്ത് സിനിമ കാണാൻ പോയതിന്റെയും  കണ്ട് വന്നിട്ടുള്ളതുമായ രസകരമായ കഥകൾ പിന്നീട്.
ഈ പോസ്റ്റ് ഹൃദയ സ്തംഭനം വന്ന് മരിച്ചു പോയ ഏലംകുളം ബഷീർ എന്ന കൂട്ടുകാരന് സമർപ്പിക്കുന്നു.

No comments:

Post a Comment