Saturday, December 10, 2016

നവാഗതർക്ക് സ്വാഗതം

1982 അന്ന് PTM കോളേജ് അങ്ങാടിപ്പുറം പോളിടെക്ക് നിക്കിന്റെ കെട്ടിടത്തിൽ സ്വന്തം കെട്ടിടമാകുന്നത് വരെ താല്കാലികമായി നടത്തുന്ന കാലം. അവിടെയാണ് ഞാൻ പ്രിഡിഗ്രിക്ക്ചേരുന്നത്.ശങ്കേഴ്സിൽ നിന്ന് ട്യൂഷൻ എടുത്ത്, SSLC പാസായി, കോളേജിൽ ചേരുന്നതിന്നു് വേണ്ടി അപേക്ഷ കൊടുത്ത എനിക്ക് ഇൻറർവ്യു കാർഡ് വന്നു. അവിടെ ഫസ്റ്റ് ഗ്രൂപ്പും സെക്കന്റ് ഗ്രൂപ്പും ഇല്ല തേഡ്, ഫോർത്, ഫിഫ്ത് , എന്നീ ഗ്രൂപ്പുകൾ മാത്രമാണ് ഉള്ളത്,
അതു കൊണ്ട് തന്നെ അത്യാവശ്യം  കുതിര സെറ്റൊക്കെ ഒത്ത് കൂടുന്ന ഒരു സ്ഥലം.കാരണം ഒരു വിധം  കുതിര കളിച്ച് നടന്ന വനൊന്നും 300 മാർക്കിനപ്പുറം പത്താം ക്ലാസിൽ വാങ്ങിക്കാൻ നല്ല പ്രയാസമായിരുന്ന കാലം. 300 മാർക്കോ കൂടുതലോ വാങ്ങിയവരധികവും ഫസ്റ്റ് ഗ്രൂപ്പ്,അല്ലെങ്കിൽ സെക്കന്റ് ഗ്രൂപ്പ് എടുത്ത് മണ്ണാർക്കാടോ മഞ്ചേരിയോ പോയിട്ടുണ്ടാവും. അപൂർവ്വമായി ഫോർത് ഗ്രൂപ്പിൽ ഫസ്റ്റ് ക്ലാസ് മേടിച്ചവർ ഇല്ലെന്നല്ല,
ഞാൻ 238 മാർക്ക് കാരൻ തേഡ് ഗ്രൂപ്പിനാണു് ഫസ്റ്റ് ചോയ്സ് കൊടുത്തത് അന്നേ എനിക്ക്  economics ഉം History യും ഇഷ്ടമാണ്. 225 മാർക്ക് നേടിയവർക്ക് വരെ പല വിധ ഗ്രേസ് മാർക്ക് നേടി അന്നവിടെ തേഡ് ഗ്രൂപ്പിൽ അഡ്മിഷൻ ലഭിച്ചു.അതിലും താഴ്ന്ന 210 കാരൊക്കെ ഫിഫ്ത് ഗ്രൂപ്പിലും.  കൂടുതൽ മാർക്ക് വാങ്ങിച്ച ആരെങ്കിലും ഫിഫ്ത് ഗ്രൂപ്പ് ഫസ്റ്റ് ചോയ്സ് ആയി കൊടുത്തിട്ടുണ്ടായിരുന്നോ എന്നു് എനിക്കറിയൂല്ല. ഏതായാലും ഒരു കാര്യം അറിയാം ഇന്നത്തെ പല ബുദ്ധിമാൻമാരും പ്രഗത്ഭന്മാരും ആയ വക്കീലൻമാർ പലരും അന്നത്തെ 210 കാരാണ് എന്ന്, (അതവർ ഈഗോ കൊണ്ട് ഇപ്പോൾ സമ്മതിക്കുക ഇല്ലെങ്കിലും), തനിക്ക് പണ്ടേ ഭയങ്കര ബുദ്ധിയാ എന്നായിരിക്കും ഇപ്പോഴത്തെ അവരുടെ നിലപാട്.(സ്കൂൾ പഠിത്തം കഴിഞ്ഞാലും കോളേജ് പഠിത്തം കഴിഞ്ഞാലും ഉപയോഗിച്ചാൽ ബുദ്ധി മൂർച്ച കൂടും). ഏതായാലും എനിക്ക് തേഡ് ഗ്രൂപ്പിൽ അഡ്മിഷൻ ലഭിച്ചു.
ഇന്ന് കോളേജ് തുറക്കുന്നു. ഞാൻ വളരെ ആഹ്ളാദത്തോട് കൂടെ പുതിയ  ഷർടും തുണിയും ഒക്കെ ഉടുത്ത് രണ്ട് നോട്ട് പുസ്തകവും ചരിത്ര പുസ്തകവും, എക്കണോമിക്സും, കയ്യിൽ പിടിച്ച് കോളേജിന്റെ മുൻപിൽ ബസ് സ്റ്റോപ്പിൽ ബസിറങ്ങി. അന്നവിടെ റെയിൽവേ ഗേറ്റ് കഴിഞ്ഞാൽ തെക്ക് വശത്ത് ഓടിട്ട തട്ടുള്ള കെട്ടിടത്തിനു മുകളിൽ  ദേശസേവിനി വായനശാല, ജോസേട്ടന്റെ ടെയ്ലർ ഷോപ്പ്, അതിനടി വശത്ത് ഉപ്പോടൻപോക്കർ ഹാജിയുടെ ഹോട്ടൽ അത് കഴിഞ്ഞ് മൊയതുട്ടി കാക്കയുടെ സൈക്കൾ ഷോപ്പ്, തൊട്ടടുത്തായി മൊയ്തുട്ടി കാക്കയുടെ തന്നെ ഹോട്ടൽ, പിന്നെ ചെരുപ്പ് കുത്തി അച്ചുട്ടിയേട്ടൻ ഇരിക്കുന്നു, അത് കഴിഞ്ഞാൽ രായിൻ കാക്കയുടെ സ്റ്റേഷനറി, ശേഷം സർവ്വീസ് ബാങ്ക്. പിന്നെ തെക്ക് വശത്ത് കടകളൊന്നും ഇല്ല, രണ്ട് വീടുകൾ പിന്നെ പ്രതിഭ ട്യൂട്ടോറിയൽ കോളേജ്, വർക്ക്ഷോപ്പ്, അടുത്തായി വീടുകൾ.കുറെ കഴിഞ്ഞ് വരിക്കത്ത് ബാലന്റെയൊക്കെ ചായക്കട,വർക്ക്ഷോപ്പ്.വടക്ക് വശത്ത് FC1 യിലേക്ക് പോകുന്ന റോഡ് റോഡിന് തൊട്ട് കിഴക്കായി ഉണ്ണിയേട്ടന്റെ ബാർബർ ഷോപ്പ് അതു കഴിഞ്ഞാൽ സൈനുക്കാന്റെയും കുഞ്ഞാൻ കാക്കാന്റെയും പല ചരക്ക് കട അതിനു മുകളിലായി എം എസ് എഫ് ആപ്പീസ്, കീഴെപലചരക്ക് കട കഴിഞ്ഞാൽ
സപ്ളൈ ആപ്പീസറുടെ വീട്, അതിനു മുമ്പിലായി ബസ് സ്റ്റോപ്പ്, പ്രതിഭ മുഹമ്മദലി മാസ്റ്ററുടെ വീട്, അത് കഴിഞ്ഞാൽ ഇടയിലായി ഒരു പത്തടി വീതി വഴി വടക്കോട്ട് വെയർ ഹൗസിലേക്ക് കോളേജ് മതിലിന് ചാരി പോകുന്നു, ഈ വഴിയുടെ പടിഞ്ഞാറ് വശത്തായി  അബ്ദറ കാക്കാന്റെ വീട്, മാടശ്ശേരി മമ്മി കാക്കാന്റെ വീട്, അഫ്സലിന്റെ ജിംനേഷ്യം, , നന്നാസാഹിബിന്റെ തറവാട് വീട്, (ബീ താത്തയുടെ വീട് )  ബീതാത്താന്റെ വീടിന്റെ കോലായിയിൽ വി.ശശികുമാറിന്റെ ഒരു ഒറ്റമുറി ട്യൂഷൻ സെന്റർ. അതിനപ്പുറം കോളേജിന്റെ മതിൽ.ചിലപ്പോഴൊക്കെ കോളേജിലേക്ക് മതിൽ ചാടിക്കടന്ന് കുറുക്കു വഴിയായി ഈ വഴിയും ഉപയോഗിക്കും.ഈ വഴി തുടങ്ങുന്നേടത്ത് കിഴക്ക് വശത്തായി, (കിഴക്കോട്ട് പോകുന്ന PWDറോഡിന്റെ വടക്ക് വശത്തായി) നായരുടെ ഒരു ചെറിയ ചായക്കട , പിന്നെ ഹംസക്കയുടെ ബാർബഷാപ്പ്,  അതിനു മുകളിൽ CPI(M) പാർടി LC .ആപ്പീസ്, ഒരു പഴയ ഓടിട്ട കെട്ടിടം. പുറകിലൂടെയാണ് ആപ്പീസിലേക്കുള്ള വഴി നേരത്തെ പറഞ്ഞ പത്തടി വഴിയിൽ നിന്ന് വേണം അങ്ങോട്ട് കയറാൻ ഒരു പഴയ മരക്കോണി, അതിലേക്ക് കയറണമെങ്കിൽ കെട്ടിടത്തിലെ മുകളിലെ കഴുക്കോലിൽ  നിന്നു് ഒരു ചകിരി കയർ ഏതോ വർഷങ്ങൾക്ക് മുൻപ് തൂക്കിയിട്ടിരിക്കുന്നു. കോണിയാണെങ്കിൽ ശരിക്കും ഒന്നിടവിട്ട  പടികൾ മാത്രമാണുള്ളത്, ബാക്കി  ഇടയിലെ പടികൾ വേറിട്ട് പോകുകയോ  ഒരു ഭാഗം പൊട്ടി കോണിയുടെ വശത്തെ കാലിൽ  തൂങ്ങി കിടക്കുകയോ ആണ്. ആ ആപ്പീസിന്മുകളിൽ കയറിയാൽ നല്ല ഒരു ട്രക്കിങ്ങിന്റെ ഫലം ചെയ്യും അതിനു ഉള്ളിൽ കയറിയാൽ ഒരു എട്ട് x ഒമ്പത് സൈസിൽ ഒരു കുടുസ്സുമുറി 3 ബഞ്ച്, ഒരു വലിപ്പുള്ള മേശ, ഒരു മരത്തിന്റെ വാതിൽ ഇളകി കിടക്കുന്ന കബോഡ്, ഇത്രയുമായാൽ അങ്ങാടിപ്പുറത്തെ അന്നത്തെ CPIM ആപ്പീസും, SFI ആപ്പീസും,DYFl, CITU,ആപ്പീസും,KP T U, KGTA, കർഷക സംഘം, കർഷക തൊഴിലാളി, മഹിള, തുടങ്ങി പാർടിയുമായി ബന്ധപ്പെട്ട എല്ലാ തൊഴിലാളി സംഘടനകളുടെയും പ്രവർത്തനങ്ങളുടെ കേന്ദ്രമായി ഉപയോഗിച്ചിരുന്ന ആപ്പീസായി.
അത് കഴിഞ്ഞാൽ ആലസ്സൻ ഹാജിയുടെ വീട് ,ഹംസക്ക,വെള്ള അസി തുടങ്ങിയവരുടെ വീട്, ക്ലീനർ ഹമീദിന്റെ വീട്.
ആ വീടിന മുൻപിലെ കോലായിൽ ആനമങ്ങാട് ബാബുരാജിന്റെ ബുക്ക് ഷോപ്പ് ഇവിടെയും SFIക്കാരുടെ ഒരു ഇരിപ്പിട കേന്ദ്രമാണ് ജില്ലാ കമിറ്റിയിൽ നിന്ന് നേതാക്കളാരെങ്കിലും വന്നാൽ ഇവിടെയാണ് ഇരിക്കാറ്.പിന്നെയും കിഴക്ക് പോളിയിലേക്കുള്ള ഇരട്ട ഗേറ്റ് കവാടം. അത് കഴിഞ്ഞാൽ ബസ്സ്റ്റോപ്,അബ്ദുഹാജിയുടെ മരമല്ല്, അബ്ദുഹാജിയുടെ വീട്, ബാവക്കയുടെ വീട്, ഉണ്ണി  ചെട്ടിയാരുടെ വീട്, പോളി ഹോസ്റ്റലിലേക്കുള്ള വഴി, വഴിക്ക് കിഴക്ക് വശത്തായി,  പോളി കോർട്ടേഴ്സ്. റെയിൽവെ ഗേറ്റിന് പടിഞ്ഞാറ് തെക്ക് അപ്പുവേട്ടന്റെ  ചായക്കട വടക്ക് തരകൻ ഹൈസ്കൂൾ കാളിപ്പാടൻ അലവിക്കയുടെ സ്റ്റേഷനറി കട റെയിൽവെ സ്റ്റേഷനിലേക്ക്  ഉള്ള റോഡ്.ഇത്രയും  പറഞ്ഞത് ഞാൻ കോളേജ് തുറന്ന ദിവസം പുതിയകുപ്പായവും തുണിയും ധരിച്ച് കയ്യിൽ പുസ്തകവുമായി വന്നിറങ്ങിയ റയിൽവേ ഗേറ്റിന്റെ പരിസരം.
ഞാൻ പ്രധാന കവാടത്തിലൂടെ തന്നെ അകത്ത് കടന്നു.നേരെ മുൻപിൽ വടക്കോട്ടായി ഒരു ടാറിട്ട റോഡ് ആകെ ഒരു 150 മീറ്റർ ദൂരം കാണും. ആ റോഡ് അവസാനിക്കുന്നത് പോളിടെക്ക് നിക്കിന്റെ ആപ്പീസും, സ്റ്റാഫ് റൂമും, പ്രിൻസിപ്പൽ റൂമും മെക്കാനിക്കൽ, ഇലക്ട്രിക്കൽ, തുടങ്ങിയ ക്ലാസ് മുറികളും നടക്കുന്ന പ്രധാന ഇരു നില കെട്ടിടം. കെട്ടിടത്തിന് മുമ്പിലായി വൃത്താകൃതിയിലുള്ള തറ, ആ തറ ചുറ്റും ഒരു രണ്ടരയടി ഉയരത്തിൽ ഉയർത്തി കെട്ടിയിരിക്കുന്നു. ഈ തറയിലാണ് പോളി കൊടിമരവും SFI, MSF, KSU  എ ന്നീ വിദ്യാർത്ഥി സംഘടനകളുടെ കൊടി  മരവും ഉള്ളത് ഈ റോഡിന്റെ വലത് വശം വോളിബോൾ, ബാസ്കറ്റ് ബോൾ കോർട്, വൃത്താകൃതിയിലുള്ള തറ എത്തുന്നതിനു മുൻപായി പടിഞ്ഞാറ് ഭാഗത്തായി വെയർഹൗസിസിനോട് ചേർന്നു് ആസ്ബറ്റോസ് ഷീറ്റിനാൽ മേഞ്ഞ  പോളി ഓഡിറ്റോറിയം. ഈ ഓഡിറ്റോറിയത്തിലാണ് ഫസ്റ്റ് ഇയറിന്റെയും സെക്കന്റ് ഇയറിന്റെയും രണ്ട് ഷിഫ്റ്റുകളായുള്ള ഫിഫ്ത് ഗ്രൂപ്പ് ക്ലാസുകൾ നടക്കുന്നത് സ്റ്റേജും ഈ കെട്ടിടത്തിനകത്ത് തന്നെയാണ് എന്തെങ്കിലും പ്രധാന ഫങ്ങ്ഷൻ നടക്കുമ്പോൾ  മര തട്ടിക കൊണ്ടു മറച്ച രണ്ട് ക്ലാസ് മുറികളും ഒന്നാക്കി മാറ്റും.ഈ സ്റ്റേജിനും  പുറകിലായി ലൈബ്രറി. പോളിയുടെ തന്നെ പ്രധാന കെട്ടിടത്തിനോട് ചേർന്ന് പടിഞ്ഞാറുവശത്തായി തെക്ക് വടക്കായി പടിഞ്ഞാറോട്ട് പ്രധാന കവാടമായി കൊണ്ട് കോളേജിന്റെ ഓഫീസും പ്രിൻസിപ്പൽ റൂമും സ്റ്റാഫ് റൂമും സ്ഥിതി ചെയ്യുന്ന കെട്ടിടം. ഈ കെട്ടിടത്തിന്റെ അടിവശം ഓഫീസ് ആവശ്യ ങ്ങൾക്കും അറബി ഓപ്ഷൻ ആയി എടുത്തവരുടെ ക്ലാസ് റൂമിനായും ഉപയോഗിക്കുന്നു. മുകൾ വശത്ത് തേഡ് ഗ്രൂപ്പ് രണ്ടാം കൊല്ലക്കാരുടെ രണ്ട് ഷിഫ്റ്റ് ക്ലാസും നാലാം ഗ്രൂപ്പുകാരുടെ രണ്ട് ഷിഫ്റ്റ് ക്ലാസ്സും ഹിന്ദി  അനുബന്ധ ഭാഷയായി എടുത്തവരുടെ ഒരു ക്ലാസ് മുറിയായും ഉപയോഗിക്കുന്നു.കൂടാതെ പെൺകുട്ടികളുടെ മൂത്രപ്പുര മുകളിലും സ്റ്റാഫ് മൂത്രപ്പുര അടിവശത്തും.ഈ കെട്ടിടത്തിനു് മുൻപിൽ  വിദ്യാർത്ഥി സംഘടനകളുടെ കൊടിമരങ്ങളും കോളേജിന്റെ കൊടിമരവും.ഈ പ്രധാന കെട്ടിടത്തിന്നു് വടക്ക് വശത്തായി  കുറച്ച് താഴ്ന്ന ഭാഗം ഇവിടെ കിഴക്ക് പടിഞ്ഞാറായി നീളത്തിൽ ആസ്ബറ്റോസിന്റെ മൂന്ന് ഒറ്റ നില കെട്ടിടങ്ങൾ, ഈ കെട്ടിടങ്ങളിലെ ഏറ്റവും വടക്ക് ഭാഗത്ത് കോളേജിന്റെ പ്രധാന കെട്ടിടത്തിന്ന് അഭിമുഖമായി കിടക്കുന്ന കെട്ടിടത്തിൽ പ്രിഡിഗ്രി ക്ലാസുകൾ, മൂന്നാം ഗ്രൂപ്പിന്റെ ഒന്നാം കൊല്ലത്തെ രണ്ട് ഷി'ഫ്റ്റുകളൂം നാലാം ഗ്രൂപ്പിന്റെ ഒന്നാം കൊല്ലത്തെ രണ്ട് ഷിഫ്റ്റുകളൂം. പുറകിലായി പോളിയുടെ പ്രാക്ടിക്കൽ ലാബ് .അതിനും പുറകിലായി കളി മൈതാനം. ഈ കെട്ടിടത്തിന്ന് പടിഞ്ഞാറു വശത്തായി കാന്റീൻ, പോളി കെട്ടിടത്തിന്റെ തൊട്ടു പുറകിലായിസ്ഥിതിചെയ്യുന്നു.പുറകിലാണെങ്കിലും കോളേജിന്റെയും പോളിയു ടെ യും ഭാഗങ്ങളിൽ നിന്നൊക്കെ ഇവിടേക്ക് വേഗത്തിൽ എത്തിപ്പെടാനുള്ള വഴികളുണ്ട്.
കോളേജിന്റെ പടിഞ്ഞാറ് വശത്ത്  FCI യിലേക്ക് പോകുന്ന റോഡിൽ നിന്നും വെയർ ഹൗസിന്റെ രണ്ട് കെട്ടിടങ്ങളുടെ ഇടയിൽ കൂടെ കയറി കൊണ്ട് വരാൻ പാകത്തിൽ കോളേജിലേക്ക്  ഉള്ള പ്രധാന ഗെയിറ്റ് വച്ചിരിക്കുന്നു. ഈ ഗെയിറ്റ് കടക്കുമ്പോൾ ഇടത് വശത്തായി ആൺകുട്ടികളുടെ മൂത്രപ്പുര.  ഈ പറഞ്ഞതൊക്കെ ആ കോളേജിന്റെ പരിസരവും പശ്ചാതലവും. ഞാൻ അകത്തേക്ക് കയറുമ്പോൾ ഇ തൊക്കെ അവിടെ കുറെ കാലത്തേക്കെങ്കിലും സ്ഥായി ആയി നില്ക്കുന്ന പശ്ചാതല സൗകര്യങ്ങൾ. എന്നാൽ ഇതിനേക്കാളൊക്കെ എന്നെ ആകർഷിച്ചത് ഞാൻ പോളിയുടെ പ്രധാന കവാടം കടന്നു  വരുമ്പോൾ തന്നെ. ഞങ്ങൾ ആദ്യവർഷക്കാരെ സ്വീകരിക്കാൻ വച്ചിരിക്കുന്ന  സ്വാഗത ബോർഡുകളും ബാനറുകളുമാണ്. പ്രധാന കവാടത്തിൽ തന്നെ പ്രധാന വിദ്യാർത്ഥി സംഘടനകളുടെ യൊക്കെ ബാനറുകളുണ്ട്, ബോർഡുകളുണ്ട്. SFi ക്കാരുടെ വക, KSU വിന്റെ വക, MSF ന്റെ
വക, ABVP യുടെ വക, AIMSF, കൂടാതെ, LDSF, UDSF എന്നീ  പേരു കളിലും സ്വാഗത ബോർഡുകൾ ബാനറുകൾ. വെള്ള, നീല, പച്ച, തുടങ്ങിയതോരണങ്ങൾ, തോരണങ്ങൾക്കിടയിൽ  - - - -                                   'നവാഗതർക്ക് സ്വാഗതം'
രണ്ട് ഷിഫ്റ്റ് കൂടെ ആയി ആയിര കണക്കിന് കുട്ടികൾ .എസ് എഫ് ഐ ക്കാർ, എം, എസ് എഫുകാർ, കെ എസ് യു ക്കാർ എ ബി വി പി ക്കാർ എ ഐ എം എസ് എഫുകാർ ഇതിലൊന്നും പെടാത്ത രാഷ്ട്രീയം ഇല്ലാത്തവർ,  കുറച്ച്  എ ഐ എസ് എ  ഫുകാർ .ഞാൻ കേറിപോകുമ്പോൾ തന്നെ ആകെ നിറങ്ങൾ കൊടിതോരണങ്ങളുടെ നിറങ്ങൾ, ബാനറുകളുടെ നിറങ്ങൾ, ബോർഡുകളുടെ നിറങ്ങൾ കുട്ടികളുടെ നിറങ്ങൾ, നിറങ്ങൾ, നിറങ്ങൾ, നിറങ്ങൾ, ..... ബഹളം ആകെ ബഹളം, മു ദ്രാവാക്യങ്ങൾ, ജാഥകൾ, പ്രകടനങ്ങൾ, നവാഗതർക്ക് സ്വാഗതമോതി ക്കൊണ്ട് . സ്വാഗതം, സ്വാഗതം, സ്വാഗതം, എസ് എഫ് ഐ യുടെ സ്വാഗതം, നവാഗതർക്ക്, സ്വാഗതം, സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം, സിന്ദാബാദ്, എസ് എഫ് ഐ  സിന്ദാബാദ്.
സ്വാഗതം നവാഗതർക്ക് എം എസ് എഫിൻ സ്വാഗതം.  സ്വാഗതം സ്വാഗതം സ്വാഗതം നവാഗതർക്ക് സ്വാഗതം KSU വിൻ സ്വാഗതം. എസ് എഫ് ഐ യും, എം എസ് എഫും, കെ എസ് യു വും വ്യത്യസ്ഥ സംഘങ്ങളായി തന്നെ മുദ്രാവാക്യം വിളിച്ച് കാമ്പസ് ഒന്നാകെ പ്രകടനം നടത്തുന്നു, അതത് സംഘടനകളുടെ യൂനിറ്റ് പ്രസിഡൻറുമാരും സെക്രട്ടറിമാരും ഈ പ്രകടനങ്ങൾക്ക് നേതൃത്വം കൊടുത്ത് കൊണ്ട് മുൻപിൽ തന്നെയുണ്ട്. എസ് എഫ് ഐ യുടെ മുൻപിൽ മധു, ഹനീഫ, സതീഷ്, മനോജ്, ശങ്കരൻ,  എം എസ് എഫിന് അബ്ദുള്ള, യൂസുഫ്, നൂറുദീൻ, സെയ്തലവി, കെ എസ് യു വിന്റെ മുൻപിൽ എ.പി.അനിൽകുമാർ, ഡേവിഡ്, അച്ചു, കുഞ്ഞിമുഹമ്മദ്, കൃഷ്ണദാസ് .എസ് എഫ് ഐ സംഘത്തിൽ ഒരു  മുപ്പതോളം ആളും കെ.എസ്.യു  പ്രകടനത്തിൽ ഒരു  നാൽപതോളം ആളുകളും എം എസ് എഫ് പ്രകടനത്തിൽ ഒരു അമ്പതോളം ആളുകളും ഉണ്ടാവും. സ്വാഗതം, സ്വാഗതം, സ്വാഗതം' നവാഗതർക്ക് സ്വാഗതം, ഒരു വിഭാഗത്തിന്റെ മുദ്രാവാക്യത്തേക്കാൾ തങ്ങളുടെ ശബ്ദം ഉയർന്നു കേൾക്കണം ഓരോരുത്തരും ഉച്ചത്തിലുച്ചത്തിൽ...... ഞാൻ ക്ലാസിൽ കയറിയിട്ടില്ല, ക്ലാസിൽ  പുസ്തകം വച്ചിട്ടില്ല അധ്യാപകരെ കണ്ടിട്ടില്ല'പ്രിൻസിപ്പലിനെ (മുഹമ്മദുണ്ണി സാറിനെ) കണ്ടിട്ടില്ല പക്ഷെ  ഈ ബഹളമൊക്കെയും കണ്ടു, സ്വാഗത ബോർഡുകൾ കണ്ടു, കൊടിതോരണങ്ങൾ കണ്ടു, പ്രകടനങ്ങൾ കണ്ടു,  അതിലൊരു പ്രകടനം എന്നെ വല്ലാതെയാകർഷിച്ചു എസ് എഫ് ഐ ക്കാരുടെ പ്രകടനം ( ആളു കുറവായിരുന്നെങ്കിലും ) കാരണം ഞാൻ സ് കൂളിൽ പഠിക്കുന്ന കാലം അടിയന്തരാവസ്ഥ കാലം KSF ഉമായി ചങ്ങാത്തത്തിലായിരുന്നല്ലോ പുലാക്കൽ മുഹമ്മദലി മുദ്രാവാക്യം വിളിക്കുമ്പോൾ  കൂ ടെ  ചേർന്ന്. അന്നേ അതെന്റെ ഉപ്പാന്റെ പാർടിയാണെന്ന ബോധം  വല്ലാത്ത ഒരു ആകർഷണമാണ് ഉണ്ടാക്കിയത്.
എസ് എഫ് ഐ ക്കാരുടെ പ്രകടനത്തിന്റെ പിന്നിൽ ആ വരുന്ന വരവിൽ തന്നെ ഞാനും മു ദ്രാവാക്യം ഏറ്റുചൊല്ലി നടന്നു. അവസാനം എല്ലാ പ്രകടനങ്ങളും കോളേജിന്റെ പ്രധാന കെട്ടിടത്തിന്റെ കവാടത്തിന മുൻപിൽ ഒത്ത് കൂടി. ഉറക്കെയുറക്കെ  മത്സരിച്ച് മുദ്രാവാക്യം വിളിച്ചു. സ്വാഗതം, സ്വാഗതം, സ്വാഗതം, നവാഗതർക്ക് സ്വാഗതം, എസ് എഫ് ഐ സിന്ദാബാദ് ,കെ സ് യു സിന്ദാബാദ് എം എസ് എഫ് സിന്ദാബാദ്...... എസ്എഫ് --.... കെ.എസ്...എം എസ് .... എസ് .... കെ.... എം.... സിന്ദാ........ സി....... എനിക്കാവേശമായി, ഞാൻ നില്ക്കുന്ന സംഘത്തിന്റെ ശബ്ദം ആ ളു കുറവാണെങ്കിലും താഴാൻ പാടില്ല. എനിക്കാണെങ്കിൽ നല്ല ഒച്ചയും ഞാൻ ഉച്ചത്തിലുച്ചത്തിൽ വിളിച്ചു എസ് എഫ് ഐ സിണ്ടാബാദ്, എസ് എഫ് ഐ സിന്ദാബാദ്, എസ് എഫ്,േO..േഠ..... ട്ടേ... എവിടുന്നൊക്കെയോ അടിപൊട്ടി എന്റെ മുഖത്തും  പുറത്തും നെഞ്ചിലും ഞാൻ നോക്കിയപ്പോൾ മുന്നിൽ എ.പി അനിൽകുമാർ, അച്ചു,ഡേവിഡ്.അനിൽ കുമാറൊക്കെ എന്നെ അടിക്കുകയാണ്. അടിപൊട്ടിയ തോട്  കൂടെ എസ് എഫ് ഐ ക്കാർ എല്ലാവരും ഓടിയിരിക്കുന്നു അവിടെ കെ.എസ് .യു ക്കാരും എം എസ് എഫുകാരും മാത്രം. അവരുടെ നടുവിൽ ഞാനൊറ്റക്ക് അവരെന്നെ പൊതിരെ തല്ലുന്നു അനിൽ കുമാർ എന്നെ ചവിട്ടി, ഞാൻ പുറകോട്ട് മറിഞ്ഞു വീഴുന്നു വീഴ്ചയിൽ ഞാൻ അനിൽകുമാറിന്റെ തുണി പിടിച്ച് വലിച്ചു ആ മുണ്ട് കീറി.കൂട്ടത്തിൽ ഞാനൊറ്റക്ക് ആവുംവിധം ചെറുത്ത് നിന്നു. ഒരു എസ് എഫ് ഐ ക്കാരനും സഹായത്തിനില്ല പിടിച്ചു മാറ്റാനില്ല.നിറയെ അടി വീഴുന്നു. ഭാവിയിൽ ഇതിനേക്കാൾ കൂടുതൽ അടി കിട്ടാനുള്ള അടിയുടെ തുടക്കം. ഞാൻ ഇനി ഒരു എസ് എഫ് ഐ പ്രകടനത്തിലും നിൽക്കരുത് അതിനുള്ള താക്കീത്  "മേലിൽ എസ് എഫ് ഐ പ്രകടനത്തിൽ നിൽക്കുകയില്ല എന്ന് പറഞ്ഞാൽ അടി നിറുത്താം" അടി നിങ്ങളെത്രയടിച്ചാലും ഞാൻ എസ് എഫ് ഐ ക്കാരനായി ഇവിടെ ഉണ്ടാവുംഇല്ലെങ്കിൽ കൊന്നിടാം." ഓട ടാ എല്ലാവരും ഓടിയില്ലേ എന്താ  നിനക്കോടിയാൽ" ആരോടിയാലും ഞാനോ ടുകയില്ല. അതിനുശേഷവും ആ വർഷം മുഴുവൻ ഒരു ആഴ്ചയിൽ ചുരുങ്ങിയത് (കോളേജ് ഉണ്ടെങ്കിൽ)ഒരു പ്രാവശ്യമെങ്കിലും ചിലപ്പോൾ അത് രണ്ടാവാം മൂന്ന് പ്രാവശ്യം വരെ ഒരു ആഴ്ചയിൽ അങ്ങനെ അടി കിട്ടിയിട്ടുണ്ട് അതും പത്തോ   ഇരുപതോ ആളുകളിൽ കുറഞ്ഞ് ഒരിക്കലും അവർ തച്ചിട്ടില്ല. കോളേജിലെ കെ എസ് യു ക്കാരും എം എസ് എഫു കാരും മാത്രമല്ല, പോളിയിലെ കെ എസ് യു ക്കാരും എസ് എഫ് ഐ ക്കാരനായി എന്ന ഒറ്റ കാരണത്തിന് അവർക്ക് കിട്ടുന്ന അവസരം അവരും പാഴാക്കാറില്ലായിരുന്നു. പക്ഷെ എത്ര കൂട്ടം തച്ചാലും, ബോധം കെട്ട് വീഴുന്നത് വരെ തച്ചാലും ഒരിക്കൽ പോലും ഞാൻ ഓടിയിട്ടില്ല. അന്നും ഞാൻ ഓടിയില്ല.തല മിന്നുന്നു, ആകെ ഒരു കറക്കം ആരോ തലക്ക് ഇടിച്ചു, കണ്ണ്  ഇരുട്ടടക്കുന്നു... ഓർമ വരുമ്പോൾ സ്റ്റാഫ് റൂമിൽ പാലക്കീഴ് മാഷ് ഒരു ഗ്ലാസ് വെള്ളം നീട്ടിപ്പിടിച്ച് കുടിക്കാൻ പറയുന്നു....ആ ശുപത്രിയിൽ കൊണ്ടു പോകുന്നു..കോൺഗ്രസ് ഭരണകാലം. ആൻറണി കോൺഗ്രസ് ഇന്ദിരാ കോൺഗ്രസിൽ ലയിച്ച കാലം അവരുടെ അതീവ ശക്തി കാലം എന്റെ കേസില്ല അവരെ സഹായിക്കാൻ എം.എം മുസ്തഫ, എം.എം ബഷീർ, ഛോട്ടാസദാശിവൻ -ഉണ്ണിയേട്ടൻ, വിശ്വൻ (വിശ്വൻ പിന്നീട് എന്നെ മാത്രം ഇങ്ങനെ തല്ലുന്നതിന് അവരെ എതിർത്തിട്ടുണ്ട് ) എന്നെ വന്ന് നോക്കാൻ ഗന്ധർവൻ  അബ്ദു കാക്ക, മൂസ കട്ടി കാക്ക, മാധവൻ നായർ...
അതൊരു ഗംഭീര വരവേല്പ് ആയിരുന്നു എന്റെ P TM കോളേജിലേക്ക് ഉള്ള വരവേല്പ്..
 ' നവാഗതർക്ക് സ്വാഗതം'. അടിയുടെ    ഉത്രാളിക്കാവ് വെടിക്കെട്ട് കൊണ്ട് സ്വാഗതം.തൃശുർ വെടിക്കെട്ട് വരാൻ കിടക്കുന്നേയുള്ളൂ,  പാറ,വല്ലങ്ങി പിന്നെയും ബാക്കിയാണ് എന്ന മുന്നറിയിപ്പ്. തൃശുരും, വല്ലങ്ങിയും,പാറയും എല്ലാം ഞാൻ അനുഭവിക്കുക തന്നെ ചെയ്തു.  ഡയഫ്രo   തെറ്റി കൈമുട്ടിന്റെ എല്ല് പൊട്ടി.ആശുപത്രിയിൽ കിടന്നു. കള്ള കേസുകൾ, വീടിൽ കയറി എത്രയോ പ്രാവശ്യം പോലീസ് നായാട്ട്, ലാത്തിയടി, ജയിൽവാസം, കേസുകൾ,കോടതികൾ,
എല്ലാം ആ 'നവാഗതർക്കുള്ള സ്വാഗതത്തോട് കൂടെ '     തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ.
ശേഷം ഓരോ അനുഭവവും പിന്നീട് പറയാം.



  

No comments:

Post a Comment