Wednesday, December 14, 2016

കോഹിനൂർ ഇൻസ്റ്റിറ്റ്യൂട്ട് .

1978,SSLC,കഴിഞ്ഞ് ബോമ്പെ ഗാരേജിൽ നിന്ന് നാല് ഇന്നത്  പഠിക്കാൻ ഇറങ്ങി പോന്ന് നില്ക്കുന്ന കാലം. എന്നെയും ഹുസൈനെയും ഇങ്ങനെ നിറുത്തിയാൽ പറ്റുകയില്ലല്ലോ. ഒന്നുകിൽ പത്താം ക്ലാസ് വീണ്ടും പഠിക്കണം അല്ലെങ്കിൽ വേറെ എന്തെങ്കിലും പഠിക്കാനയക്കണം. വീട്ടുകാർ ആലോചിച്ചു.അന്ന് ജേഷ്ടൻ അബ്ദു റഹ്മാനും ( കുഞ്ഞിമാൻ  കാക്കു),പെങ്ങൾ സുഹറ (മാളുമ്മ)യും ഭർത്താവും കൂട്ടി ബിന്ദുവും .ബോമ്പെയിലുണ്ട്. വലിയ ജേഷ്ടൻ മുഹമ്മദലി കാക്കു സൗദിയിലാണ്.വലിയ ജേഷ്ടനോട് ആലോചിച്ച്, ഞങ്ങളെ ഏതെങ്കിലും കോഴ്സിന് ചേർക്കാൻ തീരുമാനിച്ചു.അങ്ങനെ ബോമ്പെയിൽ, ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർത്തതായി കുഞ്ഞിമാൻ കാക്കു വിന്റെ കത്ത് കിട്ടി . ഒരു മാസം കഴിഞ്ഞ് ക്ലാസ് തുടങ്ങും ഇലക്രീഷ്യൻ
കോഴ്സ് ആണ്. ഞങ്ങൾ വലിയ സന്തോഷത്തിലായി. ബോമ്പെയിലേക്കുള്ള ടിക്കറ്റ് റിസർവ് ചെയ്തു.അന്ന് ഒറ്റപ്പാലം ബോമ്പെ ടിക്കറ്റിന്ന് അമ്പത്തി ഒമ്പത് രൂപ മാത്രമാണ് ചാർജ്. റിസർവേഷൻ ബർതിന്, പന്ത്രണ്ട് രൂപ കൂടെ അധികം കൊടുക്കണം.
ആദ്യമായി ഒരു ദീർഘദൂര തീവണ്ടിയാത്ര. പോകാത്തദൂരങ്ങൾ,കാണാത്ത ദേശങ്ങൾ, കണ്ടിട്ടില്ലാത്ത നദികൾ, കേൾക്കാത്ത ഭാഷകൾ, രുചിക്കാത്ത ഭക്ഷണങ്ങൾ, കണ്ടിട്ടില്ലാത്ത വേഷങ്ങൾ , കണ്ടിട്ടില്ലാത്ത ആളുകൾ, അനുഭവിക്കാത്ത ചൂരുകൾ, പരിമളം, കെട്ടഗന്ധം, കട്ടർഗന്ധം, അനുഭവിക്കാത്ത യാത്ര, എല്ലാം അനുഭവിക്കാനുള്ള ഒരു തീവണ്ടിയാത്ര.
അന്ന് ജയന്തി ജനത പുലർച്ചെ രണ്ട് മണിക്കാണ് ഒറ്റപ്പാലത്ത് എത്തുന്നത് . ഞങ്ങൾ നേരത്തെ തന്നെ പോകാൻ തീരുമാനിച്ചു ഒറ്റപ്പാലത്തേക്ക് വൈകിയാൽ ബസ്സില്ല.വൈകുന്നേരം അഞ്ചര മണിയോടു കൂടെ ഒറ്റപ്പാലത്തെത്തി .ഇനി എന്ത് ചെയ്യും
ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനമുമ്പിൽ തന്നെയാണ് 'ഇംപീരിയൽ' തിയേറ്റർ . അവിടെ ' ഇവനെന്റെ പ്രിയപുത്രൻ' സിനിമ കളിക്കുന്നു. മുൻപ് 'സെയിനി'ൽ നിന്ന് കണ്ടതാണ്, എങ്കിലും സമയം പോകണ്ടേ, ഫസ്റ്റ്  ഷോക്ക് കയറി, സിനിമ കണ്ടിറങ്ങി, ഊണ് കഴിച്ചു, ഇനിയും ഒരു പാട് സമയം ബാക്കി, വീണ്ടും അതേ സിനിമക്ക് തന്നെ സെക്കന്റ് ഷോക്ക് കയറി.പ്രേംനസീർ, K P ഉമർ, ജയൻ, സോമൻ, റീന തുടങ്ങിയവരഭിനയിച്ച ആ സിനിമയിലെ ഒരു പാട്ട് ഇന്നും മനസ്സിൽ തങ്ങി നില്ക്കുന്നു.ജീവിതാവസാനം വരെ മൂളാൻ പറ്റിയ പാട്ട്. എന്നെപ്പോലെ ഒരു പാട് പേർ മൂളുന്ന പാട്ട്.
ഈ  ജീവിതമൊരു പാരാവാരം
എന്തെന്തപാരം
അലറും തിരമാലകൾ
അടിയിൽ വൻ ചുഴികൾ
തിരമുറിച്ചെന്നും മറുതീരം തേടി
തുഴയുന്നു ഞാനേകനായ്
ഈ വിശ്വതലത്തിലെ സമരാങ്കണത്തിലെ
അതിധീര യോദ്ധാക്കൾ നമ്മളെല്ലാം
ഒരു യുദ്ധസമയം അടുക്കുമ്പോൾ പലരും
ഒളിക്കാം പടവെട്ടി മരിച്ചു പോകാം
പ്രതിബന്ധമെല്ലാം
എനിക്കാത്മശക്തി.
പൊരുതുന്നു ഞാനേകനായ്.

ഞങ്ങൾ കൃത്യം രണ്ട് മണിക്ക് തന്നെ തീവണ്ടി കയറി.
ഞങ്ങളെയും വഹിച്ചുകൊണ്ട് ആ തീവണ്ടി ഭരതപ്പുഴയോരത്ത് നിന്നുള്ള ആ റെയിൽവേ സ്റ്റേഷനിൽ നിന്ന്  യാത്രയായി. വാളയാർ കാട്ടിലൂടെ,   ചോള  ചരിത്രമുറങ്ങുന്ന, കാലത്തെ  കരികാല ചോളന്റെ, നാട്ടിലൂടെ  ആദിത്യ ചോളന്റെ നാട്ടിലൂടെ, രാജരാജ ചോളന്റെ നാട്ടിലൂടെ, രാജേന്ദ്ര ചോളന്റെ നാട്ടിലൂടെ,  തിരുവള്ളുവരുടെ തിരുക്കുറൾ പാട്ടിൻ  നാട്ടിലൂടെ, ചിലപ്പതികാര കഥയുടെ നാട്ടിലൂടെ, ഭാരതിയാർ കവിത മൂളും നാട്ടിലൂടെ, തന്തൈ പെരിയോറുടെ നാസ്തിക നാട്ടിലൂടെ,  കുലശേഖരവർമ ഭരിച്ച, രാജശേഖരവർമ ഭരിച്ച, രാമരാമവർമ ഭരിച്ച ചേരസാമ്രാജ്യത്തിലൂടെ, മഹാവർമ പല്ലവൻ വാണരുളിയ നാട്ടിലൂടെ, നരസിംഹവർമ പല്ലവൻ വാണരുളിയ നാട്ടിലൂടെ,  തെലുങ്കിന്റെ ചരിത്ര സ്രഷ്ടാക്കളായ ഇക്ഷാക്കു രാജവംശം ഭരിച്ചിരുന്ന രാജ്യത്തിലൂടെ, ചന്ദ്രഗുപ്ത മൗര്യൻ ഭരിച്ചിരുന്ന സാമ്രാജ്യത്തിലൂടെ,  രായലസീമ യിലൂടെ,  വിജയനഗര സാമ്രാജ്യമായിരുന്ന  സമതലത്തിലൂടെ,  നവാബ്മാർ ഭരിച്ചിരുന്ന റയ്ച്ചൂർ രാജ്യത്തിലൂടെ, ഡക്കാൻ പീഠ ഭൂമിയിലൂടെ, വിന്ധ്യനിലൂടെ, വിദർഭയിലൂടെ, പശ്ചിമഘട്ട മലനിരകളിലൂടെ,  സഹ്യാദ്രി മലകളിലൂടെ, കാവേരി നദിക്ക് മുകളിലൂടെ, ഗോദാവരി നദിക്ക് മുകളിലൂടെ, കൃഷ്ണ നദിക്ക് മുകളിലൂടെ,  തുംഗഭദ്ര നദിക്ക് മുകളിലൂടെ, ഉൽഹാസ്പുഴക്ക് മുകളിലൂടെ,    കർജത്  മലനിരകളെയും ലോനാവാലാകുന്നുകളെയും തുളച്ചു പോകുന്ന കണ്ടാല തുരങ്കങ്ങളിലൂടെ, നൂറുകണക്കിന് യാത്രക്കാരോടൊപ്പം ശതാവാഹനർ ഭരിച്ചിരുന്ന  രാജ്യത്തിലൂടെ, രാഷ്ട്ര കൂടർ ഭരിച്ചിരുന്ന രാജ്യത്തിലൂടെ, പശ്ചിമചാലൂക്യർ ഭരിച്ചിരുന്ന നാട്ടിലൂടെ, ശിവജിയുടെയും ഔറംഗസേബ് ന്റെയും  പോരാട്ട ഭൂമിയിലൂടെ  ഞങ്ങളെയും ഗർഭത്തിലേറി  ഏഴു തുരുത്തായി കിടന്നിരുന്ന, മുംബാ ദേവിയുടെ നാട്ടിലേക്ക് ചാൾസ് രണ്ടാമന് സ്ത്രീധനം  കിട്ടിയ  അറേബ്യൻ സാഗര കരയിലെ ആ മനുഷ്യ മഹാസാഗര നഗരത്തിലേക്ക്  പാഞ്ഞു.
                                                                         ഞങ്ങളെയും കൊണ്ട് മൂന്നാം ദിവസം പുലർച്ചെയാണ് പലവിധ തടസ്സങ്ങളെയും പിന്നിട്ടു കൊണ്ട് ആ കരി എഞ്ചിൻ ഘടിപ്പിച്ച വണ്ടി   വി.ടി. റെയിൽവേ സ്റ്റേഷനിൽ എത്തിയത് .
കുഞ്ഞിമാൻ കാക്കു തീവണ്ടിയുടെ സമയം ചോദിചു മനസ്സിലാക്കി, ഞങ്ങളെ കാത്ത് നിന്നിരുന്നു. അന്നുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ. ഒൻപത് പളാറ്റ്ഫോമുകൾ.അത്ര മാത്രമെ അപ്പോൾ ശ്രദ്ധിക്കാൻ കഴിഞ്ഞുള്ളൂ. കാക്കുവും പെങ്ങളുമൊക്കെ അന്ന് നേവി നഗറിലാണ് താമസം.
അളിയനും കാക്കുവും നേവിക്കാരാണ്, അവർക്ക് അവിടെ കോർട്ടേഴ്സ് ഉണ്ട്. ഞങ്ങൾ പുറത്തിറങ്ങി, ഞാനാ പ്രകാശപൂരിതമായ ബോമ്പെയുടെ ശിരസ്സിലേക്ക് ഒന്നു നോക്കി. വിക്ടോറിയാ ഇറ്റാലിയൻ ഗോതിയാക്ക് ശില്ല ഭംഗിയിൽ പണി തീർത്തിട്ടുള്ള  അതി മനോഹരമായ രണ്ട് കെട്ടിടങ്ങൾ,
വി.ടി.റെയിൽവേസ്റ്റേഷൻ കെട്ടിടവും ബോമ്പെ മുനിസിപ്പൽ കോർപ്പറേഷൻ കെട്ടിടവും. ഇനിയും നൂറുകണക്കിന് പ്രാവശ്യം കാണാൻ കിടക്കുന്ന കെട്ടിടങ്ങൾ ആനയെയും കടലിനെയും നോക്കുന്നത് പോലെ കണ്ടാലും കണ്ടാലും വീണ്ടും വീണ്ടും കാണാൻ തോന്നുന്ന കെട്ടിടങ്ങൾ. എതിർവശത്തായി കാപിറ്റോൾ തിയേറ്ററിന്റെ ബോർഡ് ആ പുലർ കാലെ തന്നെ ഞൻ ശ്രദ്ധിച്ചു വച്ചു.
                                                     ഞങ്ങൾ അവിടെ നിന്ന് ഒരു ടാക്സി എടുത്ത് ഫൗണ്ടൻ വഴി കൊളാബ വഴി ( ഇനിയും നൂറുകണക്കിന്നു് പ്രാവശ്യം നടക്കാൻ ഉള്ള വഴി) ശക്തമായ നേവി പോലീസ് കാവലും ചെക്ക് പോസ്റ്റും  കടന്ന്  നേവി ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കും മാത്രം പ്രവേശനമുള്ള ( മറ്റാർക്കെങ്കിലും അവിടെ പ്രവേശിക്കണമെങ്കിൽ പ്രത്യേക പാസ് ലഭിച്ചവരായിരിക്കണം, കച്ചവടക്കാർ, അലക്ക് കാർ, മറ്റു സേവന ജോലികൾ ചെയ്യുന്നവർ എന്നിവർക്കൊക്കെ പ്രത്യേക അനുമതി വേണം.) ബോമ്പെയുടെ ഏറ്റവും തെക്ക് വശത്തായി  കിടക്കുന്ന നേവി നഗറിലെത്തി. നിറയെ കോട്ടേജുകൾ, ചെക്ക് പോസ്റ്റും കടന്ന്, കിഴക്കോട്ട് പോയി.( ആദ്യത്തെ  മൂന്ന് കെട്ടിടങ്ങൾ കഴിഞ്ഞ് നാലാമതായി വടക്ക് വശത്തായാണ് കാക്കു  താമസിച്ചിരുന്ന കോട്ടേജ് ഉള്ള കെട്ടിടം സ്ഥിതി ചെയ്തിരുന്നത്,  മൂന്ന് നിലയുള്ള ആ കെട്ടിടത്തിലെ രണ്ടാം നിലയിലായിരുന്നു ആ കോട്ടേജ് ) ഞങ്ങൾ ആ കോട്ടേജി ന് മുമ്പിലെത്തി.  കാക്കു ആ കോട്ടേജിന്റെ  പ്രധാന വാതിൽ തുറന്ന് അകത്ത് കടന്നു,  പുറകെ ഞങ്ങളും  മുന്നിൽ ഒരു വരാന്ത. ആവരാന്തയിൽ നിന്ന് രണ്ട് വാതിലുകൾ. ഒരു വാതിൽ വരാന്തയിലേക്ക് ഉള്ള  പ്രധാന  വാതിൽ  കടന്ന  ഉടനെ  വലത് വശത്ത് ആയും മറ്റേ വാതിൽ നേരെ നാം ചെല്ലുന്നതിന് അഭിമുഖമായും. ഞങ്ങൾക്ക്  ചെല്ലേണ്ടിയിരുന്നത് ഈ അഭിമുഖമായി കിടക്കുന്ന വാതിലിനടുത്തേക്കാണ്.
 വലത് വശത്ത് ഉള്ള വാതിലിനുള്ളിലെ മുറികളിൽ താമസിക്കുന്നത് ഒരു ബീഹാറിയും ഭാര്യയുമാണ്. ഞങ്ങൾ അഭിമുഖമായി കിടക്കുന്ന വാതിലിനടുത്തേക്ക് നടന്നു. കാക്കു വാതിൽ മുട്ടി വിളിച്ചു. "ഹഫ്സാ". താത്ത  അകത്ത് നിന്ന് വന്ന് വാതിൽ തുറന്നു. ഒരു സ്വീകരണമുറി/ഭക്ഷണ മൂറി, (ഇതാണ് ഇനി മൂതൽ ഞങ്ങളുടെ ബെഡ്റൂമും കൂടെ). പിന്നെ ഒരു ബെഡ് റൂമും ഒരു  അടുക്കളയും. ഞങ്ങൾ  കുളിച്ച് ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ ബീഹാറിയുടെ അടുക്കളയിൽ നിന്നു് അന്നു വരെ  അനുഭവിക്കാത്ത ഭക്ഷണ0 തയ്യാറാക്കുന്ന രൂക്ഷഗന്ധം.(കടുകെണ്ണയിൽ വെളുത്തുള്ളി മൂപ്പിച്ച് ഭക്ഷണം തയ്യാറാക്കുന്നതാണ് എന്ന് പിന്നീട് ഏറെ കഴിഞ്ഞാണ് മനസ്സിലായത്). ഞങ്ങൾ ചായ കുടി കഴിഞ്ഞ് അന്നു് കിടന്നുറങ്ങി.
പിറ്റെന്നു് ഉച്ചക്കാണ് .ഞങ്ങൾക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ പോകേണ്ടത്. ദാദറിലാണ് ഇൻസ്റ്റിറ്റ്യൂട്ട്. നേവി നഗറിൽ നിന്ന് ബസ് കയറി,കൊളാബ  റീഗൽ തിയേറ്ററിന് മുൻവശം ഇറങ്ങി  ചർച്ച് ഗേറ്റ് റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു പോയി അവിടെ നിന്ന്  ട്രെയിനിന് ടിക്കറ്റെടുത്ത്  ദാദർ വെസ്റ്റിൽ  ഇറങ്ങണം. ആദ്യ ദിവസം കാക്കു കൂടെ പോന്നു. ഞങ്ങൾ നേവി നഗറിൽ സുമിത്ര മാർക്കറ്റിന്റെ അടുത്ത് നിന്നു് മൂന്നാം നമ്പർ ഡബിൾ ഡക്കർ ബി.ഇ.എസ്.ടി  ബസിൽ കയറി. (ആദ്യ ഡബിൾ ഡക്കർ  ബസ് യാത്ര). രണ്ട് മണിക്കാണ് ക്ലാസ് അതു കൊണ്ട് തന്നെ ഒരു പത്രണ്ട് മണിയോട് കൂടെ പുറപ്പെട്ടു .ആ സമയമായതുകൊണ്ട് ബസ്സിൽ അധികം തിരക്കില്ല.മുകളിൽ തന്നെ കയറി. ഏറ്റവും  മുൻവശത്തായി സീറ്റ് പിടിച്ചു. ആ മഹാ നഗരത്തെയൊന്ന് അടുത്തറിയാൻ കൺകുളിർക്കെ കാണാൻ, കാണാത്ത കാഴ്ചകൾ കാണാൻ. ആ കാഴ്ചയിൽ അധികമൊന്നും  മനസ്സിലാക്കാൻ  കഴിഞ്ഞില്ലെങ്കിലും. സെൻറ് ജോൺ ചർച്ചും, ഡൽഹി ദർബാർ ഹോട്ടലും, രണ്ട് വശത്തും നിരനിരയായുള്ള അതി മനോഹരങ്ങളായ കളിപ്പാട്ടങ്ങൾ തൂക്കി ഇട്ടു കൊണ്ടുള്ള വഴിയോര കച്ചവടക്കാർ, കുട്ടികളുടെ ഉടുപ്പുകൾ വലിയവ രു ടെ വസ്ത്രങ്ങൾ, പുരുഷൻമാരുടെ ജീൻസുകൾ, പാന്റുകൾ,ഷഡ്ഡികൾ ബ നിയനുകൾ, ബെൽറ്റുകൾ, പഴ്സുകൾ, സ്ത്രീകളുടെ പഴ്സുകൾ, വാനിറ്റി ബാഗുകൾ ലിപ്സ്റ്റിക്കുകൾ, മേക്ക്അപ് കിറ്റുകൾ, അവരുടെ അടിവസ്ത്രങ്ങൾ ,ജലക്ട്രോണിക് സാധനങ്ങൾ,മ്യൂസിക്ക് ഇൻസ്ട്രമെന്സ് ,ഇതൊക്കെ ആഒരു യാത്രയിൽ തന്നെ ഇന്നും മനസ്സിൽ തങ്ങി നില്ക്കുന്ന കാഴ്ചകളാണ്. ഞങ്ങൾ  റീഗൽ തിയേറ്റർ കഴിഞ്ഞ്  ബോമ്പെ  മ്യൂസിയത്തിനു  മുൻപിൽ ബസ്സിറങ്ങി. ഇനി ചർച്ച് ഗേറ്റ് വരെ നടക്കണം. ഹൈക്കോടതിയുടെ മുമ്പിലൂടെ, മഹിന്ദ്ര ഹോക്കി ഗ്രൗണ്ടിന് ഓരം ചേർന്നു് വഴി വാണിഭക്കാരെയൊക്കെ പുറകിലാക്കി  ഞങ്ങൾ കടന്നു പോയി. മുമ്പിൽ ഇടത് വശത്ത് ഈ റോസ് തിയേറ്റർ  നേർ എതിർവശത്തായി ഞങ്ങളുടെ വലത് വശത്തായി ചർച്ച് ഗേറ്റ് റയിൽവേ സ്റ്റേഷൻ.
ഞങ്ങൾ അവിടുന്ന് തന്നെ ഒരു സീസൺ ടിക്കറ്റെടുത്തു. ഒരു മാസത്തേക്ക് ഒരാൾക്ക് പതിനഞ്ച് രൂപ മാത്രം. "ഈ സമയമായത് കൊണ്ട് ഇരിക്കാൻ  സീറ്റ് കിട്ടി "കുത്തിമാൻ കാക്കു പറഞ്ഞു. ബോമ്പെയുടെ തെക്കെ അറ്റത്ത് കിടക്കുന്ന  ടെർമിനസ് സ്റ്റേഷൻ വഴിയാണല്ലോ ദിവസേന മുപ്പത് ലക്ഷത്തോളം ആളുകൾ,നരിമാൻ പോയന്റിലേക്ക്, കഫ് പരേഡിലേക്ക്, കൊളാബയിലേക്ക്, മന്ത്രാലയയിലേക്ക്, ഹൈക്കോടതിയിലേക്ക്,മറൈൻ ഡ്രൈവിലേക്ക്, ഫുട്ബാൾ സ്റ്റേഡിയത്തിലേക്ക്, ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക്, ഹോക്കി സ്റ്റേഡിയത്തിലേക്ക്, ഓവൽ മൈതാനത്തേക്ക്, വന്ന് പോയി കൊണ്ടിരിക്കുന്നത്. ആ തിരക്കൊക്കെ ഞങ്ങൾ അനുഭവിക്കാൻ കിടകുന്നതേയുള്ളൂ. സബർബൻ തീവണ്ടിയിലെ കാല് വെക്കാൻ പറ്റാത്ത തിരക്ക്, തല തിരിക്കാൻ പറ്റാത്ത തിരക്ക്,പുറം കാഴ്ചകൾ ക്കായി  എത്തി നോക്കാൻ പറ്റാത്ത തിരക്ക്, മൂക്ക്  കൊണ്ട് ശ്വസിക്കാൻ പറ്റാത്ത തിരക്ക്, വയറുകളുടെ, തിരക്ക്, ചന്തികളുടെ തിരക്ക്, ലിംഗങ്ങളുടെ തിരക്ക്, വിയർപ്പുകളുടെ തിരക്ക്, കെട്ട ഗന്ധത്തിന്റെ തിരക്ക്, ശബ്ങ്ങളുടെ തിരക്ക്,പോക്കറ്റടിക്കാരുടെ തിരക്ക്,ഇതൊക്കെ ഞങ്ങൾ  പിന്നീട് അനുഭവിക്കുക തന്നെ ചെയ്തു.
ഞങ്ങൾ ദാദർ റെയിൽവേ സ്റ്റേഷനിൽ വണ്ടി  ഇറങ്ങി.ഒന്നാം നമ്പർ  പ്ളാറ്റു ഫോമിലായത് കൊണ്ട് ഫ്ളൈ ഓവർ കയറേണ്ടി വന്നില്ല. നേരെ പടിഞ്ഞാറ് വശത്തുള്ള റോഡിലേക്കിറങ്ങി,തെക്കോട്ട് നടന്നു. ഇവിടെയും നടക്കാൻ പറ്റാത്ത തിരക്ക്, കൈവണ്ടിക്കാരുടെ  തിരക്ക്, കാൽനടയാത്രക്കാരുടെ തിരക്ക്, കറുപ്പും മഞ്ഞയും ചായമടിച്ച ഫിയറ്റ് ടാക്സി കാരുടെ തിരക്ക്, പൂകച്ചവടക്കാരുടെ തിരക്ക് , പൂക്കളുടെ തിരക്ക്, പൂക്കാരികളുടെ തിരക്ക്,
പൂക്കാരികൾ പൂ വാങ്ങിക്കാനായി പുക്കാർ ചെയ്യുന്ന തിരക്ക്. പൂക്കളുടെ സുഗന്ധത്തിന്റെ തിരക്ക്, മുല്ലയുടെ സുഗന്ധം, മല്ലികയുടെ സുഗന്ധം, ജമന്തിയുടെ സുഗന്ധം, പനിനീരിന്റെ സുഗന്ധം, ചെമ്പകത്തിന്റെ സുഗന്ധം,
 ഭംഗികൾ, താമര പൂവിന്റെ ഭംഗി, ആമ്പൽ പൂവിന്റെ ഭംഗി,  സൂര്യകാന്തി പൂവിന്റെ ഭംഗി, വാടാമല്ലിയുടെ ഭംഗി, വാഴം തട്ടയുടെ ഭംഗി, ഇതെല്ലാം ആ സ്വദിച്ചും അനുഭവിച്ചും ഞങ്ങൾ ഇവയെല്ലാം കടന്നു പോയി. ഒരു മുന്നൂറ് മീറ്റർ കൂടെ മുന്നോട്ട്  പോയപ്പോൾ വലത് വശത്തായി ഞങ്ങ ൾ ക്ക്  ഇരുന്ന് പഠിക്കേണ്ടുന്ന ഇൻസ്റ്റിറ്റ്യൂട്ട്.
'കോഹിനൂർ ഇൻസ്റ്റിറ്റ്യൂട്ട്'. ഞങ്ങൾ  അവിടെ കടന്നു് ചെന്നു.പ്രിൻസിപ്പൽ ഞങ്ങളുടെ പേർ അഡ്മിഷൻ രജിസ്റ്ററിൽ ചേർത്തു. അന്ന് കുറച്ചു നേരം ക്ലാസിൽ ഇരുന്നു. ആകെ ഒരു ദിവസം രണ്ട് മണിക്കൂറാണ്  ക്ലാസ്.ക്ലാസ് മാസ്റ്റർ അശോക് സർ.ക്ലാസെടുത്തത് മുഴുവൻ ഇംഗ്ലീഷിൽ. ഇംഗ്ലീഷ് എന്തെങ്കി ലും വല്ലതും രണ്ടക്ഷരം അറിയുമായിരുന്നെങ്കിൽ നാട്ടിൽ പത്താം ക്ലാസ് ജയിച്ചേനെ, ഈ ഇലക്ട്രീഷ്യൻ കോഴ്സ് പഠിക്കാൻ വരുമായിരുന്നില്ലല്ലോ?. ഒന്നും മനസ്സിലായില്ല. അന്ന് എഴുന്നേറ്റ് പോന്നു പിറ്റെ  ദിവസം ഞങ്ങൾ  ഒറ്റക്ക്  പോന്നു. തലേ ദിവസം തന്നെ ഒറ്റക്ക് വരേണ്ടുന്ന വിധവും ബസ് സ്റ്റോപ്പും ബസ് നമ്പറുകളും വഴികളും ഒക്കെ പറഞ്ഞു തന്നിട്ടുണ്ടായിരുന്നു. ഞങ്ങൾ ഉച്ചക്ക് തന്നെ ക്ലാസിലെത്തി.അശോക് സാറാണ് ക്ലാസെടുക്കുന്നത്. ആകെ മൂന്ന് മാസത്തെ ക്ലാ സാണ്. അതിലിടക്ക്  വിദ്യുഛക്തി കൂടെ എത്താത്ത കുഗ്രാമത്തിൽ നിന്ന് വന്ന രണ്ട് പേർ ഈ മഹാനഗരത്തിൽ വച്ച്, നെഗറ്റീവിനെയും, പൊസിറ്റീവിനെയും, പഠിക്കണം, ന്യൂട്ടറും, ഫേസും,  പഠിക്കണം, ഇലക്ടോണും, ന്യൂട്രോണും, പ്രോടോണും, പഠിക്കണം, എർത് എന്താണെന്നു് പഠിക്കണം, കപാസിറ്റർ, എന്താണെന്നു് പഠിക്കണം, സ്വിച്ച് എന്താണെന്ന് പഠിക്കണം,റെസിസ്റ്റൻസ് എന്താണെന്ന്  പഠിക്കണം. ഇതൊക്കെ അന്നത്തെ അറിവ് വച്ച് പൊതുവായി ഞാൻ എന്താണ് പഠിക്കേണ്ടത് എന്ന്  എന്റെ മനസ്സിലുള്ള ധാരണ. എന്നാൽ ക്ലാസ് തുടങ്ങിയപ്പോൾ ഇതൊന്നും അല്ല കറണ്ടിനെ കുറിച്ച് ഒരു പാട് പഠിക്കാനണ്ട് എന്ന് മനസ്സിലായി. പക്ഷെ മനസ്സിലാക്കണമെങ്കിൽ ഭാഷ വഴങ്ങണം, ഹിന്ദി വഴങ്ങണം, ഇംഗ്ലീഷ് വഴങ്ങണം. എല്ലാം പതുക്കെ പതുക്കെ വഴങ്ങി വ രുന്നുണ്ടായിരുന്നു.എന്റെ ധാരണയി ലുണ്ടായിരുന്നത് മാത്രമല്ല കറണ്ട്, അതിന്റെ ബാലപാഠം പഠിക്കാനള്ള പുസ്തകങ്ങൾ കിട്ടി, ഞങ്ങൾക്ക് ക്ലാസെടുക്കുന്ന പുസ്തകങ്ങൾ കിട്ടി.
പ്രതിരോധിക്കാത്ത വാഹക പ്രതലത്തിലൂടെയുള്ള സ്വതന്ത്ര ഇലക്ട്രോണകളുടെ ഒരാറ്റത്തിൽ നിന്ന് മറ്റൊരാറ്റത്തിലേക്ക് ഊർജം കൈമാറിക്കൊണ്ടുള്ള ഒഴുക്കാണ് വിദ്യുഛക്തി  എന്ന് ജോസഫ് മാസ്റ്റർ  ഫിസിക്സിൽ ഒമ്പതാം ക്ലാസിലോ പത്താം ക്ലാസിലോ പഠിപ്പിച്ചിരിക്കാം  പക്ഷെ ഞാനന്നു് അഭ്രപാളികളിലെ പുതിയ പുതിയ ലോകം തിരയുകയായിരുന്നല്ലോ. ഈ വിവരം ഞാൻ ബോമ്പെയിൽ നിന്നാണു് പഠിച്ചത്.വിദ്യുഛക്തിയുടെ അടിസ്ഥാന ബ വിശേഷങ്ങളായ വോൾട്, ആമ്പിയർ, ഓം എന്നിവയൊക്കെ എന്താണെന്നു് പഠിച്ചതും ബോമ്പെയിൽ നിന്നു തന്നെ. വോൾടെന്നാൽ പ്രവാഹ വേഗത ( ഇലക്ട്രോണകളുടെ ഒഴുക്ക് സമ്മർദ്ദo ചെലുത്തുന്ന മാത്ര ) ആണെന്നും, ആമ്പിയർ എന്നാൽ ഒരു വാഹക  ആറ്റത്തലൂടെ നിശ്ചിത സമയത്ത് കടന്നു പോകുന്ന  ഇലക്ട്രോണുകളുടെ എണ്ണമാണെന്നും, ഓം എന്നാൽ വിദ്യുഛക്തിയെ  കടത്തിവിടാതിരിക്കാൻ  വാഹകം ചെലുത്തുന്ന പ്രതിരോധ ത്തിന്റെ  മാത്രയാണെന്നും ഞാൻ അവിടെ നിന്നു തന്നെ പഠിച്ചു. വൈദ്യുതോർജം യാന്ത്രികോർജമായി മാറുന്നതെങ്ങനെയെന്ന് പഠിച്ചു.സർവ്വോപരി ഒരു വയർ ചുരുളിലൂടെ വിദ്യുഛക്തി കടത്തിവിടുമ്പോൾ  അതിനു ചുറ്റും ഒരു കാ ന്തികമണ്ഡലം ഉണ്ടാവുമെന്നും, ഈ വയർ ചുരുളി നടുത്ത് ഒരു സ്ഥായിയായ കാന്തിക മണ്ഡലം നിറുത്തിയതിനു ശേഷം വയർ  ചുരുളിലൂടെയുള്ള വിദ്യുഛക്തി പ്ര വാഹത്താൽ ഉണ്ടാവുന്ന താത് കാലിക കാന്തിക മണ്ഡലവും സ്ഥിര മണ്ഡലവും ആകർഷണമോ  വി കർഷണമോ ഉണ്ടാവുമെന്നും, ഇത്  ചലനത്തിന്ന് കാരണമാകുമെന്നും അവിടെ നിന്ന് തന്നെ  പഠിച്ചു. അങ്ങനെ കറണ്ടിനെ കുറിച്ച് ഉള്ള പ്രാഥമിക വിവരം മാത്രം പഠിച്ചു. ഒരു ഇലക്ട്രിഷ്യനോട് അസിസ്റ്റന്റായി വരട്ടെ എന്നു് ചോദിക്കാൻ ഉള്ള പഠിപ്പ് മാത്രം.ഈ പഠിപ്പെല്ലാം കഴിഞ്ഞ് മൂന്ന് മാസങ്ങൾക്ക് ശേഷം നാട്ടിൽ തിരിച്ചെത്തി.പഠിച്ച പഠിപ്പൊന്നും പ്രയോഗിക്കാൻ അവസരം കിട്ടാതെ രണ്ട് മാസം വെറുതെ നടന്നു. സൗദിയിൽ  ഫോട്ടോഗ്രാഫർക്ക് നല്ല ചാൻസ് ആണ് എന്ന് പറഞ്ഞ് വലിയ കാക്കു ഹുസൈനോട് ഫോട്ടോഗ്രാഫി പഠിക്കാൻ  പറഞ്ഞു ഹുസൈൻ ഫോട്ടോഗ്രാഫി പഠിക്കാൻ പോയി. അപ്പോൾ കുഞ്ഞിമാൻ കാക്കു എന്നെ വീണ്ടും വിളിച്ചു.ബോബെയിൽ ഒരു പ്ളാസ്റ്റിക്ക് കമ്പനിയിൽ ജോലി ഉണ്ട് എന്ന് പറഞ്ഞ്. ഞാൻ വീണ്ടും ബോമ്പെയിലേക്ക് തന്നെ പോയി.
ഇപ്പോൾ എന്റെ രണ്ടാമൂഴം, ഈ രണ്ടാമൂഴത്തിൽ  ഞാൻ ഒരു പാട് പഠിത്തം പഠിച്ചു സൽസ്വഭാവവും,ദുസ്വഭാവവും പഠിച്ചു.  എന്റെ അനുഭവ പാOങ്ങളുടെ ആയിരക്കണക്കിന് അധ്യായങ്ങളിൽ  നൂറുകണക്കിന് അധ്യായങ്ങൾ ബോമ്പെ എനിക്ക് പറഞ്ഞു തന്നു.
അതെല്ലാം പിന്നീട്.
ഈ പോസ്റ്റ് ഞാനെന്റെ കുഞ്ഞിമാൻ കാക്കുവിന് സമർപ്പിക്കുന്നു.




No comments:

Post a Comment