Wednesday, December 21, 2016

അധിക്ബോൽണോ കോണാ അഹോ

ബോമ്പെയിലെ രണ്ടാമൂഴവുമായി ഞാൻ ബോബെയിലെത്തി.കുഞ്ഞിമാൻ  കാക്കു അന്ന് നേവിയിൽ തന്നെയായിരുന്നുവെങ്കിലും, ഫാമിലി നാട്ടിലായിരുന്നത് കൊണ്ട്, കോളി വാഡ C .G. S  കോർടേഴ്സി ലാണു് താമസം. കോളിവാഡ എന്ന് പറയുമെങ്കിലും ആന്റോപ് ഹിൽന്റെയും കോളിവാഡയുടെയും ഇടയിലായാണ് അന്ന് C.G.ട കോർട്ടേഴ്സിന്റെ  സെക്ടർ  അഞ്ച് ഉണ്ടായിരുന്നത്.അന്നത്തെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പാർപ്പിട കോളനിയാണ് CGS. അന്ന് ഞാൻ ഇത്രയധികം ആളുകൾ ഒരുമിച്ച് താമസിക്കുന്ന ഒരിടം മുൻപ് കണ്ടിട്ടുണ്ടായിരുന്നില്ല. രണ്ടും മൂന്നും നിലകളുള്ള നൂറുകണക്കിന്  കെട്ടിടങ്ങൾ, അതിലെ ആയിരകണക്കിന് കോർട്ടേഴ്സുകൾ, ലക്ഷകണക്കിന് താമസക്കാർ . തെക്ക് വടക്കായി കിടക്കുന്ന കോളി വാഡയുടെ തെക്ക് നിന്നു് തുടങ്ങി തെക്ക് കിടക്കുന്ന വഡാലയുടെ വടക്ക് വരെ നീണ്ടു കിടക്കുന്ന  കെട്ടിട സമുച്ചയങ്ങൾ. മറ്റൊരു വശത്ത് ആറോപ് ഹിൽ കിഴക്ക് തെക്കായി കിടക്കുന്നു. വടക്കായി കിങ്ങ്സ് സർക്കിൾ .വടക്ക് പടിഞ്ഞാറായി മഹേശ്വരി ഉദ്യാൻ. ഇവിടെ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് പോകണമെങ്കിൽ കിങ്ങ്സ് സർക്കിൾ റെയിൽവേ സ്റ്റേഷനും ഗുരുതേജ് ബഹാദൂർ നഗറും ( കോളി വാഡ ) തുല്യ ദൂരത്തിലായാണ് സ്ഥിതി ചെയ്യുന്നത് ഒരു പതിനഞ്ച് ഇരുപത് മിനുട്ട്  നേരം നടക്കാൻ ഉണ്ടാവുo. മാട്ടുങ്കയിലേക്കാണെങ്കിൽ  ഒരു ഇരുപത്തി അഞ്ച് മിനുട്ട് നേരം  നടക്കണം.C .G.ട  കോർടേഴ്സിലെ ഈ താമസത്തിനിടക്കാണ് കുഞ്ഞിമാൻ കാക്കു  ഫ്ളാറ്റ് ഉടമസ്ഥന്റെ മരുമകനുമായി ചങ്ങാത്തത്തിലാവുന്നത്.'സുധാകർ' അദ്ദേഹമാണ് അദ്ദേഹം ജോലി ചെയ്യുന്ന പ്ളാസ്റ്റിക്  കമ്പനിയിലേക്ക് ആളെ ആവശ്യമുണ്ടെന്ന്  കാക്കുവിനോട് പറഞ്ഞത്. അങ്ങനെ ആ ജോലിക്ക് വേണ്ടി  കാക്കു എന്നെ വിളിച്ച് വരുത്തുക യായിരുന്നു.സെക്ടർ അഞ്ചിലെ ആ കെട്ടിടത്തിന്  തെക്ക് വ ശത്ത് കൂടെ കയറാൻ ഒരു വഴിയും വടക്ക് വശത്ത് കൂടെ കയറാൻ മറ്റൊരു വഴിയും ഉണ്ടായിരുന്നു.നാല് വശേത്തക്കും അടഞ്ഞ കെട്ടിടമായി സ്ഥിതി ചെയ്തിരുന്ന ഈ കെട്ടിടത്തലേക്ക് തെക്കും വടക്കുംഭാഗത്തുള്ള തുറന്ന വഴിയിലൂടെ നടുമുറ്റത്തിലേക്ക് ഇറങ്ങി വേണ്ടിയിരുന്നു മുകൾ നിലകളിലെ ഫ്ളാറ്റുകളിലേക്ക് പോകാൻ.രണ്ടാം നിലയിലായിരുന്നു സെക്ടർ
5/3c/4 നമ്പർ കോർട്ടേഴ്സ്. ഈ കോർടേഴ്സ് അന്ന് സെൻട്രൽ എക്‌സൈസിലെ  ഒരു ജീവനക്കാരന് അനുവദിച്ചുകിട്ടിയ മൂന്ന് റൂമും ഡൈനിങ്ങ് ഹാളും ഒരു അടുക്കളയും രണ്ട് ബാത്റൂമും അടങ്ങുന്ന അന്നത്തെ അവിടുത്തെ സൗകര്യങ്ങൾ വച്ച് സാമാന്യം തരക്കേടില്ലാത്ത  വലിപ്പത്തിലുള്ള ഒരു കോർടേഴ്സ് ആയിരുന്നു.ഇതിലെ ഒരു മുറി ഈ ഉദ്യോഗസ്ഥൻ കുഞ്ഞിമാൻ കാക്കുവിന് വാടകക്ക് കൊടുക്കുകയായിരുന്നു. ബാക്കി രണ്ട് മുറികളിലായി അദ്ദേഹത്തിന്റെ ഭാര്യയും രണ്ട് പെൺമക്കളും  രണ്ട് ആൺമക്കളും. അദ്ദേഹവും, മരുമകനും. ഈ കുടുംബം മുഴുവനായും മഹാരാഷ്ട്രയുടെ തെക്ക് വശത്തായി  കിടക്കുന്ന  രത്നഗിരിയിൽ നിന്ന് വന്നവരാണ്.
ഞാൻ ബോമ്പെയിൽ ചെന്നിറങ്ങിയതിന്റെ പിറ്റെ ദിവസം തന്നെ സുധാകർ പുലർച്ചെ  ഞാനുമായി ഗോരേഗാവി ലേക്ക് പുറപ്പെട്ടു. കോർടേഴ്സിൽ നിന്ന്  കിങ്ങ്സ് സർക്കിൾ  ഷൺമുഖാനന്ദാ ഹാൾവഴി അറോറ സിനിമ തിയേറ്ററും, മഹേശ്വരി ഉദ്യാനവും കഴിഞ്ഞ്  തമിഴ് അമ്പലവും കഴിഞ്ഞ് വേണം മാട്ടുങ്ക റെയിൽവേ സ്റ്റേഷനിലെത്താൻ ഇവിടെ നിന്നും സെൻട്രൽ സബർബൻ  ട്രെയിനിൽ കയറി  ദാദറിലിറ ങ്ങി അവിടെ നിന്നും വെസ്റ്റേൺ സബർബനിൽ കയറി ഗോറേ ഗാവ് റെയിൽവേ സ്റ്റേഷനിലെത്തണം. ഹാർബർ സബർബൻ മുറിച്ച് കടന്ന് സെൻട്രൽ സബർബൻ കയറി പശ്ചിമ സബർബനിൽ  മാറി കയറി  ഈ വഴിയൊക്കെ ആദ്യ ദിവസം സുധാകറോ ടൊപ്പവും പിറ്റെന്ന് മുതൽ  ഞാൻ തനിച്ചം യാത്ര ചെയ്തു.ജോലിക്ക് പോകണമെങ്കിൽ കാലത്ത് അഞ്ച് മണിക്ക് എഴുന്നേറ്റ് പമ്പ് ചെയ്യുന്ന മണ്ണെണ്ണ സ്റ്റൗ കത്തിച്ച് ചോറും കറിയും വച്ച് പാത്രത്തിലാക്കി കൊണ്ടു പോകണം. ഏഴു മണിക്ക് കമ്പനിയിലെത്തണം. വീണ്ടും ബോബയിലെ അതിസാഹസികമായ സബർബൻ യാത്ര. കാലത്ത് തന്നെ തിരക്ക് തുടങ്ങിയിട്ടുണ്ടാവും തിരക്കോട് തിരക്ക് സബർബൻ തീവണ്ടിയിലെ കാല് വെക്കാൻ പറ്റാത്ത തിരക്ക്, തല തിരിക്കാൻ പറ്റാത്ത തിരക്ക്,പുറം കാഴ്ചകൾ ക്കായി  എത്തി നോക്കാൻ പറ്റാത്ത തിരക്ക്, മൂക്ക്  കൊണ്ട് ശ്വസിക്കാൻ പറ്റാത്ത തിരക്ക്, വയറുകളുടെ, തിരക്ക്, ചന്തികളുടെ തിരക്ക്, ലിംഗങ്ങളുടെ തിരക്ക്, വിയർപ്പുകളുടെ തിരക്ക്, കെട്ട ഗന്ധത്തിന്റെ തിരക്ക്, ഗട്ടർ ഗന്ധത്തിന്റെ തിരക്ക്, ശബ്ദങ്ങളൂടെ തിരക്ക് ,കാലുകളുടെ തിരക്ക്,  ചെരുപ്പുകളുടെ  തിരക്ക്,ഷൂസുകളുടെ,തിരക്ക്,ശബ്ങ്ങളുടെതിരക്ക്,പോക്കറ്റടിക്കാരുടെ തിരക്ക്, ഒന്നാം ഊഴത്തിന്റെ ഇരട്ടി തിരക്ക് ഇപ്പോൾ ഞാൻ അനുഭവിക്കയായിരുന്നു.ദിവസേന ധാരാവിയുടെ ഓരം ചാരി മാഹി മിന്റെയും ബാന്ദ്രയുടെയും ഇടയിൽ കിടക്കുന്ന ബോമ്പെയിലെ മുഴുവൻ കക്കൂസ് മാലിന്യവും വന്ന് ചേരുന്ന  കക്കൂസ്  കായലിന്റെ ഓരത്ത് കൂടെ മൂക്കില്ലാതിരുന്നെങ്കിൽ എന്ന് ഓർത്ത് പോവുന്ന രണ്ട് നേരമുള്ള യാത്ര.തിരക്കിയുള്ള യാത്ര. എന്തിനാണീ തിരക്ക്,  എവിടേക്കാണ്   ഈ ആളുകളൊക്കെയും വരികയും പോകുകയും ചെയ്യുന്നത്. ജോലിക്ക്, കച്ചവടത്തിന്, സ്കൂളിലേക്ക്, ആശുപത്രിയിലേക്ക്, കല്യാണത്തിന്,  നിശ്ചയത്തിനു്, മരിച്ചതിന്, ഉല്ലാസയാത്രക്ക്. എല്ലാ യാത്രക്കും ഈ സബർബൻ യാത്രാ വണ്ടി. തിരക്കുള്ള വണ്ടി .
                                          ഗോറേഗാവ് ഈസ്റ്റിൽ ഇറങ്ങി ഒരു പത്ത് മിനുട്ട് നടക്കണം കമ്പനിയിലേക്ക്. കമ്പനിയിലേക്ക് എത്തുന്ന വഴിയിലും, കമ്പനി കഴിഞ്ഞിട്ടും, കമ്പനി എത്തുന്നതിനു മുൻപായിട്ടും നാനാഭാഗത്തേക്ക്തി,രിഞ്ഞ് പോകുന്ന റോഡിന്റെ വശങ്ങളിലും  കമ്പനികൾ.ഇരുമ്പ് കമ്പനികൾ, ചെമ്പ് കമ്പനികൾ , അലൂമിനിയ കമ്പനികൾ, പ്ലാസ്റ്റിക് കമ്പനികൾ, കളിപ്പാട്ട കമ്പനികൾ, മരുന്ന് കമ്പനികൾ, വയർ കമ്പനികൾ, പൈപ്പ് കമ്പനികൾ, പേപ്പർ കമ്പനികൾ, ശബ്ദം പുറം തള്ളുന്ന കമ്പനികൾ, പുക പുറന്തള്ളുന്ന കമ്പനികൾ, വെളിച്ചം പുറന്തള്ളുന്ന കമ്പനികൾ,  കെട്ട ഗന്ധം പുറന്തള്ളുന്ന കമ്പനികൾ,  ഗട്ടർ ഗന്ധം പുറന്തള്ളുന്ന കമ്പനികൾ, നീല വെള്ളം  പുറന്തള്ളുന്ന കമ്പനികൾ, പച്ച വെള്ളം പുറന്തള്ളുന്ന കമ്പനികൾ, ചുവന്ന വെള്ളം പുറന്തള്ളുന്ന കമ്പനികൾ, മഞ്ഞ വെള്ളം പുറന്തള്ളുന്ന കമ്പനികൾ, അഴുക്ക് ചാലുകൾ അതിര് തീർക്കുന്ന  കമ്പനികൾ, ഞാൻ കാണാത്ത മറ്റനേകം  കമ്പനികൾ. കമ്പനികൾ, കമ്പനികൾ, കമ്പനികൾ...
അവക്കിടയിലെ ഒരു ചെറിയ കമ്പനിയിലാണ് ഞാനെത്തിപ്പെട്ടത്.
സുധാകർ ആ കമ്പനിയിലെ  സൂപ്പർവൈസറായിരുന്നു. അദ്ദേഹം മുതലാളിയോട് എന്നെ പരിചയപ്പെടുത്തി.ഏത് സമയവും കമ്പനിയിലുണ്ടാകുമായിരുന്ന മുതലാളിതന്നെയാണ്,കമ്പനി മാനേജ്‌ ചെയ്യുകയും ചെയ്തിരുന്നത്.
സുധാകർ എനിക്ക് കമ്പനിയിലെ ജോലി എന്താണെന്നു് കാണിച്ചു തന്നു. അപ്പോഴാണ്  ഞാൻ ആ കമ്പനി ആദ്യമായി ശരിക്കും ശ്രദ്ധിക്കുന്നത്. കുറെ  ആൺകുട്ടികളും പെൺ കുട്ടികളും എന്തോ ചുരണ്ടി കൊണ്ടിരിക്കുന്നു. ഒരാൾ ഒരു മെഷിനിന്റെ സ്വിച്ച് ഓണാക്കുകയും ഓഫാക്കുകയും ചെയ്തു  കൊണ്ടിരിക്കുന്നു. അയാൾ ഓരോ പത്ത് സെക്കന്റിലും ആ മെഷീനിന്റെ വാതിൽ തുറക്കുകയും തയ്യാറായ ഉൽപന്നം പുറത്തെടുക്കുകയും വാതിൽ അടക്കുകയും ചെയ്യുന്നുണ്ട്..താഴെയായി ഒരു  ഡ്രo, ആ ഡ്രം നിറയെ വെളുത്ത ട്രാൻസ്പാരന്റായ കുറെ മണി മണി തരികൾ. തൊട്ടടുത്ത്‌വേറൊരു കടലാസുപെട്ടിയിൽ ഓഡിയോ കസറ്റിന്റെ ട്രാൻസ് പാരന്റായ കെയ്സുകൾ.ഈ കെയ്സുകളുടെ വക്കിന്റെ മൂർച്ച കളയുന്നതിനു വേണ്ടിയാണ്  ഞാൻ നേരത്തെ കണ്ട ആളുകൾ ചുരണ്ടി കൊണ്ടിരിക്കുന്നത്.രണ്ട് വലിയ പ്ളാസ്റ്റിക് ഇൻജകഷൻ .... മോൾഡിങ്ങ് മെഷീനുകൾ . ആ മെഷിനിന് ഒരു വലിയ കാളം (അരിപ്പ പോലുള്ള) തിരശ്ചീനമായി വച്ചിട്ടുള്ള ആ മെഷിന്റെ അടുത്ത് ചൂട്  ഉണ്ട് എന്നും മാത്രമാണ്  അപ്പോൾ മനസ്സിലായത്. എന്നാൽ പിന്നീട് കുറച്ച് ദിവസംകഴിഞ്ഞപ്പോൾ ആ മെഷിനിനെ  അടുത്ത് മനസ്സിലാക്കാൻ കഴിഞ്ഞു.
 ഒരു പ്ളാസ്റ്റിക് ഉൽപന്നം  ഉണ്ടാക്കാനാവശ്യമായ അസംസ്കൃത വസ്തുവായ പ്ളാസ്റ്റിക്ക് ഗ്രാന്വുൽസ് ആണ് ആ ട്രാൻസ്പാരന്റ് തരികഒളന്നും ആതരികൾ മെഷി നിന്റെ മുകളിലുള്ള കാളത്തിലേക്ക് ഇടുമ്പോൾ ഒരു നോസിൽ വഴി ഇറങ്ങി ചൂടായി നില്ക്കുന്ന ഒരു സ്ക്രൂ പോലുള്ള വലിയ ആക് സിൽ ഈ തരികളെ  കറക്കുകയും ആ കറക്കത്തിനിടയിൽ ചൂടായിനില്ക്കുന്ന,ഒരുവായുമണ്ഡലത്തിനകത്ത് വച്ച് ആതരികൾ ഉരുകി പശ പരുവത്തിലാകുകയും ഈ പശയെ ഈ സ്ക്രൂ ആക്സിൽ, മോൾഡ് വന്ന് അമർന്ന് നില്ക്കേണ്ടുന്ന മോൾഡിന്റെ തന്നെ ശൂന്യമായ ഫിമെയിൽ പ്രതലത്തിലേക്ക് തള്ളിവിടുകയും ചെയ്യുകയാണെന്നും.അതേസമയം തന്നെ മോൾഡ് ഫിമെയിൽ പ്രതലത്തിൽ അമരുകയും സെക്കന്റുകൾക്കുള്ളിൽ മോൾ ഡിന്റെ ആകൃതി എന്താണോ അതേ ആകൃതിയിൽ ഉൽപന്നം രൂപപ്പെടുകയും ചെയ്യു ക യാണെന്നും മനസ്സിലാക്കാൻ കഴിഞ്ഞു.
സുധാകർ ഇവിടെ എന്നോട് ഒരു സ്റ്റൂൾ നീക്കി തന്ന്  ഒരു അരികിലായി ഇരിക്കാൻ പറഞ്ഞു. ഒരു കടലാസ് പെട്ടിയിലെ കസറ്റിന്റെ കുറെ ട്രാൻസ്പാരന്റ് കെയ്സുകളും മുന്നിലേക്ക്  നീക്കി തന്നു. ഒരു ആക്സോ  ബ്ളേഡ് മുറിഞ്ഞ കഷണം  അതിന്റെ പല്ല് വശം രാകി മൂർച്ച കൂട്ടി കത്തി പോലെ ആക്കിയിട്ടുണ്ടാവും  അതിന്റെ പിടിയായി ഉപയോഗിക്കാൻ മെഷിനിൽ നിന്ന് ഉരുകിയൊലിക്കുന്ന പ്ളാസ്റ്റിക്ക് വച്ചമർത്തി തണുപ്പിച്ച് രൂപപ്പെടുത്തിയിട്ടുണ്ടാവും. ഇത്തരത്തിലുള്ള എത്ര കത്തികൾ വേണമെങ്കിലും അവിടെ സുലഭമാണ്. അങ്ങനെയുള്ള ഒരു കത്തിയും  കയ്യിൽ തന്നു.എന്നിട്ട് ആ പെൺകൂട്ടിളും ആൺകുട്ടികളും ചെയ്യുന്നത് പോലെ  കെയ്സിന്റെ മൂർച്ച കളഞ്ഞ് മിനുസപ്പെടുത്താൻ ആവശ്യപ്പെട്ടു.
ഞാൻ ജോലി ആരംഭിച്ചു.ബോമ്പെയിലെ രണ്ടാമൂഴത്തിൽ  എന്റെ ജീവിതത്തിലെ ശമ്പളത്തിനായുള്ള ആദ്യ ജോലി.ആ വർത്തനങ്ങളായ ദിവസങ്ങൾ  തിങ്കളാഴ്ച മാത്രം ഒഴിവ്. ഞാൻ  പതുക്കെ ആ ജോലിയിൽ ഒരു താളം കണ്ടെത്തുകയായിരുന്നു. ഇപ്പോൾ ട്രാൻസ് പാരന്റ് കെയ്സുകൾ മാത്രമല്ല കറുത്ത കെയ്സുകൾ കൂടെ കമ്പനി ഉണ്ടാക്കാൻ തുടങ്ങിയിരിക്കുന്നു. അപ്പോഴാണ്  ഈ കറുത്ത ഭാഗം ആകെയ്സിന്റെ അടപ്പ് ആണ് എന്നും  ട്രാൻസ് പാരന്റ് ആയ ഭാഗം സോക്കറ്റ് ആണ് എന്നും അറിഞ്ഞത്. അന്ന് വീഡിയോ കാസറ്റ് ഇറങ്ങാത്ത കാലം.ടെലിവിഷൻ തന്നെ അധികം ആരുടെയടുത്തും ഇല്ല. ബ്ളാക്ക് ആ ന്റ് വൈറ്റ് ടി.വി  തന്നെ അപൂർവമായി ആരുടെയെങ്കിലും അടുത്ത് ഉണ്ടായാലായി. ആളുകളൊക്കെ ടേപ് റെക്കോർഡറിനെയും ഓഡിയോ സെറ്റിനെയും പ്രണയിച്ചിരുന്ന കാലം  എവിടെ നോക്കിയാലും പാട്ടുകൾ, ടേപ് റെക്കോർഡറുകൾ, പനാസോണിക്ക്, സോണി, 3M, ഇംപാക്സ്,ഷാർപ്പ്, മി ത് സുബിഷി, ഹിറ്റാച്ചി, പയനിയർ, 523,543,5410, 2110,2120. ഈ കണ്ട കമ്പനികളുടെയൊക്കെ വ്യത്യസ്ഥ മോഡലുകളിലേക്ക് ലക്ഷക്കണക്കിന് ) ഓഡിയോ കസറ്റ് ഇറങ്ങിയിരുന്ന കാലം. ഖുർആൻ, ബൈബിൾ, ഗീത, രാമായണം, മതപ്രഭാഷണങ്ങൾ,  പാട്ടുകൾ, സിനിമാ പാട്ടുകൾ, പാശ്ചാത്യ സംഗീതം, ഹിന്ദി സംഗീതം, തമിഴ്, മലയാളം, മറ്റു പ്രാദേശിക ഭാഷാ പാട്ടുകൾ, കവ്വാലി, മാപ്പിളപ്പാട്ടുകൾ, മറ്റു ഭക്തിഗാനങ്ങൾ, രാഷ്ട്രീയ ഗാനങ്ങൾ, രാഷ്ട്രീയ പ്രചാരണ പ്രസംഗങ്ങൾ, നൂറുകണക്കായ ദേശങ്ങളിലെ ആയിരകണക്കായ ഭാഷകളിൽ, ലക്ഷ കണ്ക്കായ ടേപ്റെക്കോർഡറുകളിൽ, കോടികണക്കായക കസറ്റുകളിൽ, കോടാനുകോടി പാട്ടുകൾ, ഈ പാട്ടുകൾ ആകസറ്റു കളിലിരിക്കാൻ സുരക്ഷിതമായി കുറച്ചധികകാലം ഇരിക്കാൻ കെയ്സ് വേണം. ഞാനും  ഒരു സംഗീത സംരക്ഷകനായി കാവൽകാരനായി ഒരു ആക്സോബ്ളേഡിന്റെ കത്തിയും കയ്യിൽ പിടിച്ച് പണി തുടങ്ങിയിരിക്കുന്നു.  സംഗീതം സംരക്ഷിക്കാനുള്ള പണി. ഓഡിയോ കസറ്റിന്റെ കെയ്സ് ചുരണ്ടുന്ന പണി.ദിവസങ്ങൾ കഴിയുന്തോറും ഞാൻ ആ പണിയിൽ നിപുണനായി തുടങ്ങി. എന്റെ  വേഗത കൂടി കൂടി വന്നു.ആദ്യമൊക്കെ ഇരുനൂറു് ഇരുനൂറ്റമ്പത് കെയ്സുകൾ മിനുസപ്പെടുത്തിയിരുന്ന ഞാൻ അത്  എണ്ണൂറ് എണ്ണൂറ്റമ്പത് വരെ  കെയ്സുകൾ മിനുസപ്പെടുത്താൻ കഴിയുന്ന വേഗത കൈവരിച്ചു.
ബാക്കിയുള്ളവരൊക്കെ മറാഠികളായിരുന്നു.അവർ തുരുതുരെ സംസാരിച്ചു കൊണ്ടിരിക്കും.ഞാൻ മാത്രമാണ് മറാഠി അല്ലാത്ത ഒരേ ഒരാൾ. എനിക്ക്  അവരുടെ ഭാഷ ഒട്ടും തന്നെഅറിയുകയില്ലായിരുന്നു. അവരും  ഒരു എണ്ണൂറ്  എണ്ണൂറ്റമ്പത് എണ്ണം മിനുസപ്പെടുത്തും.
 ഒരു ദിവസം മുതലാളി വന്നു് അവരോട് ചോദിച്ചു "അധിക് ബോൽണോ കോണാ അഹോ" എനിക്ക് ഒന്നും മനസ്സിലായില്ല. പക്ഷെ അവർ എന്നെ ചൂണ്ടി കാണിച്ച് കൊടുക്കുനുണ്ടായിരുന്നു.എന്നിട്ട് ഒരു ചിരിയും.ഇത് കണ്ട തോട് കൂടെ മൂതലാളി എന്നെ ഓഫീസ് റൂമിലേക്ക് വിളിപ്പിച്ചു. ഞാൻ ആകെ പേടിച്ചു പോയി. എന്റെ പേടി  കമ്പനിയിൽ നിന്ന് എന്തെങ്കിലും നഷ്ടപ്പെടുകയോ കളവ് പോകുകയോ ചെയ്തിട്ടുണ്ടോ, അതോ അന്ന്  ഗ്രാന്യൂൽസ് ഒരു മറാഠി പയ്യന്റെയടുത്ത് നിന്ന് തട്ടി മറിഞ്ഞ്  പോയിട്ടുണ്ടായിരുന്നു.അത് ഞാനാണെന്നെന്തെങ്കിലും പറഞ്ഞു കൊടുത്തോ ?.
ഞാൻ അല്ല എന്ന് ആംഗ്യ ഭാഷയിൽ  മുതലാളിയോട് പറഞ്ഞു. എങ്കിലും അദ്ദേഹം എന്നെ  ഓഫീസിലേക്ക് വിളിപ്പിക്കുക തന്നെ ചെയ്തു. അദ്ദേഹമാണെങ്കിൽ വലിയ ഗൗരവക്കാരനാണ്. പേടിച്ചു കൊണ്ട് തന്നെ ഞാൻ പുറകെ ചെന്നു. ഓഫീസിനകത്ത് കയറിയതും തന്റെ മേശവലിപ്പ് തുറന്ന് അദ്ദേഹം ഒരു രണ്ട് രൂപ നോട്ട് എടുത്ത് എന്റെ കയ്യിൽ തന്നു." ഏക് തംസ് അപ് ലേഖി ആഓ " എനിക്ക് ഒന്നും മനസ്സിലായില്ല. എന്തോ ഒന്ന് കൊണ്ടു വരാനാണ് എന്ന് മാത്രം മനസ്സിലായി.പക്ഷെ എന്താണെന്ന് മാത്രം മനസ്സിലായില്ല.ഞാൻ വീണ്ടും ചോദിച്ചു. "ക്യാ " അദ്ദേഹം തന്റെ വലത് കൈ നാല് വിരലുകൾ മടക്കി തള്ളവിരൽ നഖം അദ്ദേഹത്തിന്റെ തന്നെ മുഖത്തിന്ന് അഭിമു 'ഖമായി വരുന്ന വിധത്തിൽ ഉയർത്തി കാണിച്ച് "ഹാപ്പി ഡെയ്സ്  ആർ ഹിയർ എഗെയ്ൻ" എന്ന് പറഞ്ഞു. അപ്പോഴാണ് ഞാൻ അത് മനസ്സിലാക്കിയത്., ഒരു ദിവസം ഞാനൊരു അമ്പത് പ്രാവശ്യമെങ്കിലും കാണുന്ന പരസ്യo  തള്ളവിരൽ ഉയർത്തി മറ്റു നാല് വിരലുകൾ മടക്കിയ ചുവന്ന കൈ മുഷ്ഠി യുടെ ചിത്രം. ഒരു  ഇരുപത്തി അഞ്ച് പ്രാവശ്യമെങ്കിലും വായിക്കുന്ന വാചകം.'ഹാപ്പി ഡെയ്സ് ആർ ഹിയർ എഗെയ്ൻ'. എനിക്ക് കാര്യം മനസ്സിലായി ഇപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്.(മുതലാളിതന്ന രണ്ട് രൂപ അന്നത്തെ  ഇരുനൂറ് മില്ലി ലിറ്റർ തംസ് അപ്  കുപ്പിയുടെ വിലയായിരുന്നു ). എനിക്ക് സന്തോഷമായി രാവിലെ ഏഴ് മണിക്ക് കമ്പനി തുറന്നാൽ ഉച്ചക്ക് ഒരു മണിക്ക് ചോറ് കഴിക്കുന്ന സമയം വരെയും ഒരേ ഇരുപ്പ്.സംഗീതത്തെ സംരക്ഷിക്കാനുള്ള കത്തിയുമായുള്ള ഇരുപ്പ്.അതിൽ നിന്ന് ഒരു അര മണിക്കൂർ മോചനം പതിനൊന്നു് മണി സമയത്ത്.അന്ന് ഗോറേ ഗാവ് റെയിൽവേ സ്റ്റേഷന് അടുത്തേ  'തംസ് അപ്'കിട്ടുകയുള്ളൂ.
ഒരു പത്ത് മിന്ട്ട് അങ്ങോട്ടും നടക്കണം പത്ത് മിനുട്ട് ഇങ്ങോട്ടും പിന്നെ ഞാൻ  എന്റെ ആക്കത്തിന്ന് ഒരു പത്ത് മിനുട്ടും എടുക്കും അത് ആ സമയങ്ങളിൽ എനിക്ക് ഒരു വലിയ ആശ്വാസമായിരുന്നു. ഞാൻ തംസ് അപും വാങ്ങി മുതലാളിക്ക്  കൊണ്ട് കൊടുത്തു. എങ്കിലും  എനിക്ക് ആകാംക്ഷയായി എന്തായിരുന്നു മുതലാളി അവരോട് ചോദിച്ചത്,എന്താണ് അവർ എന്നെ ചൂണ്ടി കാണിച്ചു കൊടുക്കാൻ കാരണം. ഞാൻ തിരിച്ച് വന്ന് എനിക്ക് അന്ന് അറിയാവുന്ന  മുറിഹിന്ദിയിൽ  മെഷിൻ ഓപ്പറേറ്ററോട് ചോദിച്ചു. "സേട് ജി ഇ തർ ആയാ ക്യാ പൂഛാ "മുതലാളി എന്താണ് നേരത്തേ  ചോദിച്ചത് എന്നാണ് ഞാൻ ചോദിക്കുന്നത് എന്ന് എന്റെ തപ്പിയുള്ള  മുറിഹിന്ദിയിൽ നിന്നു് അദ്ദേഹം  ഊഹിച്ചു കാണും. അദ്ദേഹം എനിക്ക് മറുപടി തന്നു " കോൻ ജാദാ  ബാത് കർതാ ഹെ "
(ആരാണ് കൂടുതൽ സംസാരിക്കുന്നത്) 'അധിക് ബോൽണോ കോണാ അഹോ' അപ്പോഴാണ് എനിക്ക്  കാര്യം മനസ്സിലായത്.മുതലാളി  എന്നെ കണ്ടറിഞ്ഞ് സഹായിച്ചതാണോ അതോ ശരിക്കും  ഞാൻ അധികം വർത്തമാനം പറയു ന്നു എന്ന് മനസ്സിലാക്കി എന്നെ കടയിലേക്ക് പറഞ്ഞയച്ചതാണോ എന്ന് എനിക്ക്  ഇപ്പോഴും  അറിയൂല.ഏതായാലും ദിവസവും ഓരോ തണുത്ത തംസ് അപ് മുതലാളിക്ക്, എനിക്കൊരു തണുത്ത ആശ്വാസവും.
ഇപ്പോൾ ഞാൻ കൂടുതൽ വേഗത്തിൽ കൂടുതൽ എണ്ണം പാട്ടുകളെ സംരക്ഷണവലയത്തിലാക്കാൻ തുടങ്ങി.ഒരു ആയിരം ആയിരത്തി ഇരുനൂറ് വരെ  കെയ്സുകളെ മിനുസപ്പെടുത്താൻ എനിക്ക് കഴിഞ്ഞു.
                         ശമ്പള ദിവസമായി  എത്രയാണ് എന്റെ ശമ്പളമെന്നോ എന്റെ കൂടെയുള്ള വർക്ക് എത്രയാണ് ശമ്പളമെന്നോ  എനിക്ക് അറിയില്ല. ഒരു മാസത്തെ ശമ്പളം  കിട്ടാൻ പോകുന്നു. എനിക്ക് ഒരു കവറിൽ ആക്കി സൂപ്പർ വൈസർ ശമ്പളം കൊണ്ട് തന്നു.ഞാൻ സന്തോഷത്തോടെ അദ്ദേഹം പോയതിന്ന്  ശേഷം ആ കവർ പൊട്ടിച്ച് എണ്ണി നോക്കി.നൂറ്റി അറുപത്തിരണ്ട് രൂപ: എന്റെ ഒരു മാസത്തെ ശമ്പളം. ഞാൻ സൂപ്പർവൈസറോട് കാര്യം അന്യേഷിച്ചു. "ഏക് ദിൻ മേം ഛെ റുപിയ ചുട്ടി കാ   ദിൻ  നഹി മിലേഗാ". നൂറു കണക്കിന് സംഗീതജ്ഞൻ മാരെ രക്ഷിക്കാനുള്ള, ആയിരക്കണക്കിന്, കവികളെ രക്ഷിക്കാനുള്ള ലക്ഷക്കണക്കിന് ഗായകരെ രക്ഷിക്കാനള്ള, കോടി ക്കണക്കിന് കസെറ്റുകൾ രക്ഷിക്കാനുള്ള, കോടാനുകോടി  പാട്ടുകൾ രക്ഷിക്കാനുള്ള, ഒരു മാസത്തെ കത്തിയും പിടിച്ചുള്ള എന്റെ കാവലിന് ഒരുദിവസത്തെ കൂലി വെറും ആറ് രൂ പ. വിശ്വ മഹാ കവികളേ, ഗന്ധർവ്വഗായകരേ, മനം മയക്കും മാസ്മരിക സംഗീതജ്ഞരേ, മോല്ല്യേൻമാരേ, മുല്ല മാരേ പാതിരിമാരേ, സന്യാസിമാരേ, രാഷ്ട്രീയക്കാരേ. എന്നോട്  ക്ഷമിക്കുക നിങ്ങളുടെ രചനകളെയും ശബ്ദത്തെയും, സംഗീതത്തെയും, പ്രഭാഷണങ്ങളെയും, പ്രസംഗങ്ങളെയും  സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഈ പാവമായ എന്നെ കൊണ്ട് മാത്രം കഴിയുകയില്ലല്ലോ .ഈ മുതലാളി കൂടെ ഒന്ന് സഹായിക്കേണ്ടേ?. നാളെ അകാലത്തിൽ മരിച്ചു പോകുന്ന സംഗീതത്തിന്റെ ഉത്തരവാദിത്തം, പ്രഭാഷണങ്ങളുടെ ഉത്തരവാദിത്തം പ്രസംഗങ്ങളുടെ ഉത്തരവാദിത്തം '': ' മുതലാളിയെ മാത്രം  ഏൽപിച്ച് ഞാനവിടെ നിന്ന് പോന്നു. മറ്റൊരു ഉത്തരവാദിത്തമേറ്റെടുക്കാൻ. ആ മഹാ നഗരത്തിന്റെ അഴകറിയാൻ, അഴുക്കറിയാൻ, അടുത്തറിയാൻ കൂടുതലടുത്തറിയാൻ.

Monday, December 19, 2016

മേജർ രവിക്കൊരു തുറന്ന കത്ത്.



മിസ്റ്റർ മേജർ രവി, താങ്കൾ സിനിമയെടുക്കുന്നത് മലപ്പുറത്തെയും കോഴിക്കോട്ടേയും ചിലയാളുകളെ ദേശീയ ബോധം വളർത്താനാണെന്ന് കണ്ടു.ഇയാളുടെ  ദേശീയ ബോധത്തിന്നു് ആകെ രണ്ടര മണിക്കൂറിന്റെ ആയുസ്സേ ഉള്ളൂ എന്ന്  നിങ്ങൾ സ്വയം സാക്ഷ്യപ്പെടു ത്തി കൊണ്ട് അല്പനാവുകയാണ് ഉണ്ടായത്. അല്ലെങ്കിൽ മേജർ എന്ന നിലയിൽ കയ്യിൽ കിട്ടിയ തോക്ക് ഉപയോഗിച്ച് ഏതെങ്കിലും നുഴഞ്ഞുകയറ്റക്കാരനെയൊ  തീവ്രവാദി യേയോ വധിക്കുന്നതിന് വേണ്ടികാഞ്ചി വലിക്കുന്ന ഒരു നിമിഷത്തിന്റെ ആയുസ്സ് മാത്രവും.(അത് തന്നെ തന്റെ തൊഴിലിന്റെ ഭാഗമായി ചെയ്യുന്നത്)  എന്നാൽ ദേശീയ ബോധം ഉണ്ടാവുന്നത് നിരന്തരമായ പോരാട്ടങ്ങൾ വഴിയാണു്.ആ പോരാട്ടത്തിന്റെ ചരിത്രം ആരാണ് ഇവിടെ സൃഷ്ടിച്ചത് എന്ന്, മൂന്നാംകിട സ്വയം പുകഴ്ത്തൽ സിനിമയെടുക്കുന്നതിനു മുൻപ് ചരിത്രം എന്താണെന്നുള്ള പ്രാഥമിക പാഠ പുസ്തകങ്ങളെങ്കിലും ഒന്നുമറിച്ചു നോക്കണം. ആദ്യമായി ഇന്ത്യാ രാജ്യം കീഴടക്കാൻ വന്ന പോർച്ചുഗീസുകാർ മലബാറിലെ മാപ്പിളമാർക്കെതിരായി യുദ്ധപ്രഖ്യാപനം നടത്തുകയും ആ യുദ്ധത്തിന് അവർ എട്ടാം കുരിശുയുദ്ധം എന്നു് പേരിടുകയും ചെയ്തു. എന്നാൽ മലബാറിലെ മാപ്പിള മാരാകട്ടെ  ഇതിനെ കുരിശ് യുദ്ധമായല്ല കണ്ടത്. മറിച്ച് തങ്ങളെയും, തങ്ങളുടെ രാജ്യത്തെയും, രാജ്യത്തിന്റെ സമ്പത്തിനെയും കൊള്ളയടിക്കാൻ വന്ന വിദേശാക്രമണമായി തന്നെ യാണ് കണ്ടത്.  അത് കൊണ്ട് തന്നെ അതൊരു മത യുദ്ധമായല്ല അവർ കണ്ടത്. തികച്ചും ദേശീയമായ ചെറുത്ത് നിൽപും ഐതിഹാസികമായ സമരങ്ങളുമാണ് അവർ ഇന്ത്യൻ മണ്ണിൽ ആധിപത്യമുറപ്പിച്ച് ഇന്ത്യക്കാരെ അടക്കി ഭരിക്കാമെന്നുള്ള മോഹത്തോട് കൂടെ  കാല് കുത്തിയ  ആദ്യ യൂറോപ്യൻമാർക്കെതിരെ നടത്തിയത്.ആ പോരാട്ടം തന്നെപ്പോലെ രണ്ടര മണി ക്കൂർ സിനിമ കൊണ്ടോ രണ്ട് മണിക്കൂർ നാടകം കൊണ്ടോ അവർ അവസാനിപ്പിച്ചില്ല. നൂറ്റാണ്ടുകളോളം അവർ പോരാടി, (ഇന്ത്യൻ ചരിത്രകാരൻമാരും യൂറോപ്യൻ ചരിത്രകാരൻമാരും അവരെ തിരസ്കരിച്ചാലും, ആകാലത്ത് തങ്ങളുടെ  ഇടയിൽ നിന്നും തങ്ങളുടെ ചരി ത്രം എഴുതാൻ ഒരാളും ഉണ്ടായിരുന്നില്ലല്ലോ?) ചരിത്രത്തിൽ ഇടം പിടിക്കുന്നതിനു വേണ്ടിയല്ല, അതിജീവനത്തിന് വേണ്ടി, അടിമയാകാതിരിക്കാൻ വേണ്ടി. അന്നവർക്ക്, പ്രത്യയശാസ്ത്രം പഠിപ്പിച്ചു കൊടുക്കാൻ  (ഒരു കമ്യൂണിസ്റ്റുകാരനായി തന്നെ പറയട്ടെ) കാറൽ മാർക്സും ഏംഗൽസും ജനിച്ചിട്ടുണ്ടായിരുന്നില്ല, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതപ്പെട്ടിട്ടില്ല. മഹാത്മജി ജനിച്ചിട്ടില്ല സഹനസമരം കേട്ടിട്ടില്ല, ശ്രീനാരായണ ഗുരു ജനിച്ചിട്ടില്ല, നവോത്ഥാനം തുടങ്ങിയിട്ടില്ല, പക്ഷെ നൂറ്റാണ്ടുകൾക്ക് മുൻപെ അവർ സമരം നടത്തി സ്വാതന്ത്ര്യ സമരം ഇന്ത്യയിലെ വിദേശികൾക്കെതിരായ  ആദ്യ പോരാട്ടം, അന്നവർക്ക് പിൻബലമായുണ്ടായിരുന്നത്  അവരുടെ കയ്യിലുണ്ടായിരുന്ന പ്രത്യയശാസ്ത്രമാണ്, അതായിരുന്നു അവരുടെ കരുത്ത്.അതിനെ യവർ വിദേശി കൾക്കെതിരായ പോരാട്ട വീര്യത്തിൻറെ പ്രത്യയശാസ്ത്രമായി മാറോടണച്ചു പിടിച്ചു. സ്വദേശിയരായ അന്യ മതസ്ഥരായ സാമൂതിരിമാരുടെയടുത്ത് അവരെ സഹായിക്കാനു ള്ള പ്രത്യയശസ്ത്രമുണ്ടായിരുന്നില്ല, മറിച്ച് തന്റെ അധികാരവും രാജ്യവും സംരക്ഷിക്കാൻ ഈ മാപ്പിളമാരുടെ പ്രത്യയ ശാസ്ത്രത്തിന്റെയും പോരാട്ട വീര്യത്തിന്റെയും സഹായം സ്വീകരിക്കുകയാണുണ്ടായത്. അന്ന് ബങ്കിം ചന്ദ്രതോപ ദ്ധ്യായയുടെ, വന്ദേ മാതരം ഉണ്ടായിരുന്നില്ല, രവീന്ദ്രനാഥ ടാഗോറിന്റെ ജനഗണമന ഉണ്ടായിരുന്നില്ല, സുബ്രമണ്യ ഭാരതിയുടെ പോരാട്ട കവിതകളുണ്ടായിരുന്നില്ല, മോയിൻകുട്ടി വൈദ്യരുടെ കാവ്യമുണ്ടായിട്ടില്ല, മുഹമ്മദ് ഇഖ്ബാലിന്റെ സാരേ ജഹാം സെ അഛാ ഉണ്ടായിരുന്നില്ല, കുമാരനാശാൻ, കവിതകളുണ്ടായിരുന്നില്ല, വള്ളത്തോൾ കവിതകളും ഉണ്ടായിരുന്നില്ല .പക്ഷെ, പൊന്നാനിക്കാരനായ ഷേയ്ക്ക് സൈനുദ്ദീൻ മഖ്ദും ഒന്നാമന്റെ "തഹ്രീള്  അഹ്ലിൽ  ഈമാൻ അലാ  ജിഹാ ദി അബ ദത്തിസ്സുൽ ബാൻ എന്ന  സമര കാവ്യമുണ്ടായി. അതവർ ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക്, തെരുവകളിൽ  നിന്ന് തെരുവുകളിലേക്ക് പാടി പകർന്നു.പോരാട്ടത്തിന്റെ അണയാത്ത സമരജ്വാലയായി, ദേശസ്റ്റേഹത്തിന്റെ മഹാകാവ്യമായി. വിദേശികൾക്കെതിരെയുള്ള സമരത്തിന്റെ ആദ്യ മുദ്രാവാക്യമായി.
ആ പാരമ്പര്യം പേറുന്ന മലപ്പുറത്ത് കാരെയും കോഴിക്കോട് കാരേയും ഇയാൾ രണ്ടര മണിയ്ക്കുർ മ സാല കോണ്ട് ദേശിയ ബോധം  ഉലത്താൻ നോക്കണ്ട.
മേജർ രവീ ആ മലപ്പുറത്തെയും കോഴിക്കോട്ടേയും പൂർവികരുടെ അവിടുന്നിങ്ങോട്ട് മാത്രമേ ഞാനും നിങ്ങളും മാത്രമല്ല ഇന്ത്യയിലെ ഏതൊരു മനുഷ്യനും യൂറോപ്യൻമാർക്കെതിരെ സ്വാതന്ത്ര്യ സമരം നടത്തിയിട്ടുള്ളൂ. സമരകാവ്യം പാടിയിട്ടുള്ളൂ. അത് മനസ്സിലാകണമെങ്കിൽ മനസ്സിലെ വർഗ്ഗീയത  കളഞ്ഞ് കുറച്ചു ചരിത്ര പുസ്തകങ്ങൾ കൂടെ വായിക്കുക.
NB : ഞാൻ ഇവിടെ രവിയുടെ കോഴിക്കോട്ടേയും മലപ്പുറത്തെയും ചില ആളുകൾ എന്നു് പറഞ്ഞതിന് മറുപടിയായാണ് മാപ്പിള എന്ന പദം ഉപയോഗിച്ചത്.കാരണം ആ ചില ആളുകൾ ഈ മാപ്പിളമാർ തന്നെയാണെന്ന് അയാളുടെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നു.
NB :2 .. ഈ പോസ്റ്റ്  വായിക്കുന്നവരെല്ലാം മാക്സിമം ഷെയർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. ഈ പോസ്റ്റ്  അയാളിലേക്കും ചരിത്രം അറിയാത്ത  ഇത്തരത്തിലുള്ള വർഗ്ഗീയ വാദികളിലേക്കും എത്തട്ടെ.
എന്നു്.
                       കൊണ്ടേത്ത് ബഷീർ.




Wednesday, December 14, 2016

കോഹിനൂർ ഇൻസ്റ്റിറ്റ്യൂട്ട് .

1978,SSLC,കഴിഞ്ഞ് ബോമ്പെ ഗാരേജിൽ നിന്ന് നാല് ഇന്നത്  പഠിക്കാൻ ഇറങ്ങി പോന്ന് നില്ക്കുന്ന കാലം. എന്നെയും ഹുസൈനെയും ഇങ്ങനെ നിറുത്തിയാൽ പറ്റുകയില്ലല്ലോ. ഒന്നുകിൽ പത്താം ക്ലാസ് വീണ്ടും പഠിക്കണം അല്ലെങ്കിൽ വേറെ എന്തെങ്കിലും പഠിക്കാനയക്കണം. വീട്ടുകാർ ആലോചിച്ചു.അന്ന് ജേഷ്ടൻ അബ്ദു റഹ്മാനും ( കുഞ്ഞിമാൻ  കാക്കു),പെങ്ങൾ സുഹറ (മാളുമ്മ)യും ഭർത്താവും കൂട്ടി ബിന്ദുവും .ബോമ്പെയിലുണ്ട്. വലിയ ജേഷ്ടൻ മുഹമ്മദലി കാക്കു സൗദിയിലാണ്.വലിയ ജേഷ്ടനോട് ആലോചിച്ച്, ഞങ്ങളെ ഏതെങ്കിലും കോഴ്സിന് ചേർക്കാൻ തീരുമാനിച്ചു.അങ്ങനെ ബോമ്പെയിൽ, ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർത്തതായി കുഞ്ഞിമാൻ കാക്കു വിന്റെ കത്ത് കിട്ടി . ഒരു മാസം കഴിഞ്ഞ് ക്ലാസ് തുടങ്ങും ഇലക്രീഷ്യൻ
കോഴ്സ് ആണ്. ഞങ്ങൾ വലിയ സന്തോഷത്തിലായി. ബോമ്പെയിലേക്കുള്ള ടിക്കറ്റ് റിസർവ് ചെയ്തു.അന്ന് ഒറ്റപ്പാലം ബോമ്പെ ടിക്കറ്റിന്ന് അമ്പത്തി ഒമ്പത് രൂപ മാത്രമാണ് ചാർജ്. റിസർവേഷൻ ബർതിന്, പന്ത്രണ്ട് രൂപ കൂടെ അധികം കൊടുക്കണം.
ആദ്യമായി ഒരു ദീർഘദൂര തീവണ്ടിയാത്ര. പോകാത്തദൂരങ്ങൾ,കാണാത്ത ദേശങ്ങൾ, കണ്ടിട്ടില്ലാത്ത നദികൾ, കേൾക്കാത്ത ഭാഷകൾ, രുചിക്കാത്ത ഭക്ഷണങ്ങൾ, കണ്ടിട്ടില്ലാത്ത വേഷങ്ങൾ , കണ്ടിട്ടില്ലാത്ത ആളുകൾ, അനുഭവിക്കാത്ത ചൂരുകൾ, പരിമളം, കെട്ടഗന്ധം, കട്ടർഗന്ധം, അനുഭവിക്കാത്ത യാത്ര, എല്ലാം അനുഭവിക്കാനുള്ള ഒരു തീവണ്ടിയാത്ര.
അന്ന് ജയന്തി ജനത പുലർച്ചെ രണ്ട് മണിക്കാണ് ഒറ്റപ്പാലത്ത് എത്തുന്നത് . ഞങ്ങൾ നേരത്തെ തന്നെ പോകാൻ തീരുമാനിച്ചു ഒറ്റപ്പാലത്തേക്ക് വൈകിയാൽ ബസ്സില്ല.വൈകുന്നേരം അഞ്ചര മണിയോടു കൂടെ ഒറ്റപ്പാലത്തെത്തി .ഇനി എന്ത് ചെയ്യും
ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനമുമ്പിൽ തന്നെയാണ് 'ഇംപീരിയൽ' തിയേറ്റർ . അവിടെ ' ഇവനെന്റെ പ്രിയപുത്രൻ' സിനിമ കളിക്കുന്നു. മുൻപ് 'സെയിനി'ൽ നിന്ന് കണ്ടതാണ്, എങ്കിലും സമയം പോകണ്ടേ, ഫസ്റ്റ്  ഷോക്ക് കയറി, സിനിമ കണ്ടിറങ്ങി, ഊണ് കഴിച്ചു, ഇനിയും ഒരു പാട് സമയം ബാക്കി, വീണ്ടും അതേ സിനിമക്ക് തന്നെ സെക്കന്റ് ഷോക്ക് കയറി.പ്രേംനസീർ, K P ഉമർ, ജയൻ, സോമൻ, റീന തുടങ്ങിയവരഭിനയിച്ച ആ സിനിമയിലെ ഒരു പാട്ട് ഇന്നും മനസ്സിൽ തങ്ങി നില്ക്കുന്നു.ജീവിതാവസാനം വരെ മൂളാൻ പറ്റിയ പാട്ട്. എന്നെപ്പോലെ ഒരു പാട് പേർ മൂളുന്ന പാട്ട്.
ഈ  ജീവിതമൊരു പാരാവാരം
എന്തെന്തപാരം
അലറും തിരമാലകൾ
അടിയിൽ വൻ ചുഴികൾ
തിരമുറിച്ചെന്നും മറുതീരം തേടി
തുഴയുന്നു ഞാനേകനായ്
ഈ വിശ്വതലത്തിലെ സമരാങ്കണത്തിലെ
അതിധീര യോദ്ധാക്കൾ നമ്മളെല്ലാം
ഒരു യുദ്ധസമയം അടുക്കുമ്പോൾ പലരും
ഒളിക്കാം പടവെട്ടി മരിച്ചു പോകാം
പ്രതിബന്ധമെല്ലാം
എനിക്കാത്മശക്തി.
പൊരുതുന്നു ഞാനേകനായ്.

ഞങ്ങൾ കൃത്യം രണ്ട് മണിക്ക് തന്നെ തീവണ്ടി കയറി.
ഞങ്ങളെയും വഹിച്ചുകൊണ്ട് ആ തീവണ്ടി ഭരതപ്പുഴയോരത്ത് നിന്നുള്ള ആ റെയിൽവേ സ്റ്റേഷനിൽ നിന്ന്  യാത്രയായി. വാളയാർ കാട്ടിലൂടെ,   ചോള  ചരിത്രമുറങ്ങുന്ന, കാലത്തെ  കരികാല ചോളന്റെ, നാട്ടിലൂടെ  ആദിത്യ ചോളന്റെ നാട്ടിലൂടെ, രാജരാജ ചോളന്റെ നാട്ടിലൂടെ, രാജേന്ദ്ര ചോളന്റെ നാട്ടിലൂടെ,  തിരുവള്ളുവരുടെ തിരുക്കുറൾ പാട്ടിൻ  നാട്ടിലൂടെ, ചിലപ്പതികാര കഥയുടെ നാട്ടിലൂടെ, ഭാരതിയാർ കവിത മൂളും നാട്ടിലൂടെ, തന്തൈ പെരിയോറുടെ നാസ്തിക നാട്ടിലൂടെ,  കുലശേഖരവർമ ഭരിച്ച, രാജശേഖരവർമ ഭരിച്ച, രാമരാമവർമ ഭരിച്ച ചേരസാമ്രാജ്യത്തിലൂടെ, മഹാവർമ പല്ലവൻ വാണരുളിയ നാട്ടിലൂടെ, നരസിംഹവർമ പല്ലവൻ വാണരുളിയ നാട്ടിലൂടെ,  തെലുങ്കിന്റെ ചരിത്ര സ്രഷ്ടാക്കളായ ഇക്ഷാക്കു രാജവംശം ഭരിച്ചിരുന്ന രാജ്യത്തിലൂടെ, ചന്ദ്രഗുപ്ത മൗര്യൻ ഭരിച്ചിരുന്ന സാമ്രാജ്യത്തിലൂടെ,  രായലസീമ യിലൂടെ,  വിജയനഗര സാമ്രാജ്യമായിരുന്ന  സമതലത്തിലൂടെ,  നവാബ്മാർ ഭരിച്ചിരുന്ന റയ്ച്ചൂർ രാജ്യത്തിലൂടെ, ഡക്കാൻ പീഠ ഭൂമിയിലൂടെ, വിന്ധ്യനിലൂടെ, വിദർഭയിലൂടെ, പശ്ചിമഘട്ട മലനിരകളിലൂടെ,  സഹ്യാദ്രി മലകളിലൂടെ, കാവേരി നദിക്ക് മുകളിലൂടെ, ഗോദാവരി നദിക്ക് മുകളിലൂടെ, കൃഷ്ണ നദിക്ക് മുകളിലൂടെ,  തുംഗഭദ്ര നദിക്ക് മുകളിലൂടെ, ഉൽഹാസ്പുഴക്ക് മുകളിലൂടെ,    കർജത്  മലനിരകളെയും ലോനാവാലാകുന്നുകളെയും തുളച്ചു പോകുന്ന കണ്ടാല തുരങ്കങ്ങളിലൂടെ, നൂറുകണക്കിന് യാത്രക്കാരോടൊപ്പം ശതാവാഹനർ ഭരിച്ചിരുന്ന  രാജ്യത്തിലൂടെ, രാഷ്ട്ര കൂടർ ഭരിച്ചിരുന്ന രാജ്യത്തിലൂടെ, പശ്ചിമചാലൂക്യർ ഭരിച്ചിരുന്ന നാട്ടിലൂടെ, ശിവജിയുടെയും ഔറംഗസേബ് ന്റെയും  പോരാട്ട ഭൂമിയിലൂടെ  ഞങ്ങളെയും ഗർഭത്തിലേറി  ഏഴു തുരുത്തായി കിടന്നിരുന്ന, മുംബാ ദേവിയുടെ നാട്ടിലേക്ക് ചാൾസ് രണ്ടാമന് സ്ത്രീധനം  കിട്ടിയ  അറേബ്യൻ സാഗര കരയിലെ ആ മനുഷ്യ മഹാസാഗര നഗരത്തിലേക്ക്  പാഞ്ഞു.
                                                                         ഞങ്ങളെയും കൊണ്ട് മൂന്നാം ദിവസം പുലർച്ചെയാണ് പലവിധ തടസ്സങ്ങളെയും പിന്നിട്ടു കൊണ്ട് ആ കരി എഞ്ചിൻ ഘടിപ്പിച്ച വണ്ടി   വി.ടി. റെയിൽവേ സ്റ്റേഷനിൽ എത്തിയത് .
കുഞ്ഞിമാൻ കാക്കു തീവണ്ടിയുടെ സമയം ചോദിചു മനസ്സിലാക്കി, ഞങ്ങളെ കാത്ത് നിന്നിരുന്നു. അന്നുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ. ഒൻപത് പളാറ്റ്ഫോമുകൾ.അത്ര മാത്രമെ അപ്പോൾ ശ്രദ്ധിക്കാൻ കഴിഞ്ഞുള്ളൂ. കാക്കുവും പെങ്ങളുമൊക്കെ അന്ന് നേവി നഗറിലാണ് താമസം.
അളിയനും കാക്കുവും നേവിക്കാരാണ്, അവർക്ക് അവിടെ കോർട്ടേഴ്സ് ഉണ്ട്. ഞങ്ങൾ പുറത്തിറങ്ങി, ഞാനാ പ്രകാശപൂരിതമായ ബോമ്പെയുടെ ശിരസ്സിലേക്ക് ഒന്നു നോക്കി. വിക്ടോറിയാ ഇറ്റാലിയൻ ഗോതിയാക്ക് ശില്ല ഭംഗിയിൽ പണി തീർത്തിട്ടുള്ള  അതി മനോഹരമായ രണ്ട് കെട്ടിടങ്ങൾ,
വി.ടി.റെയിൽവേസ്റ്റേഷൻ കെട്ടിടവും ബോമ്പെ മുനിസിപ്പൽ കോർപ്പറേഷൻ കെട്ടിടവും. ഇനിയും നൂറുകണക്കിന് പ്രാവശ്യം കാണാൻ കിടക്കുന്ന കെട്ടിടങ്ങൾ ആനയെയും കടലിനെയും നോക്കുന്നത് പോലെ കണ്ടാലും കണ്ടാലും വീണ്ടും വീണ്ടും കാണാൻ തോന്നുന്ന കെട്ടിടങ്ങൾ. എതിർവശത്തായി കാപിറ്റോൾ തിയേറ്ററിന്റെ ബോർഡ് ആ പുലർ കാലെ തന്നെ ഞൻ ശ്രദ്ധിച്ചു വച്ചു.
                                                     ഞങ്ങൾ അവിടെ നിന്ന് ഒരു ടാക്സി എടുത്ത് ഫൗണ്ടൻ വഴി കൊളാബ വഴി ( ഇനിയും നൂറുകണക്കിന്നു് പ്രാവശ്യം നടക്കാൻ ഉള്ള വഴി) ശക്തമായ നേവി പോലീസ് കാവലും ചെക്ക് പോസ്റ്റും  കടന്ന്  നേവി ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കും മാത്രം പ്രവേശനമുള്ള ( മറ്റാർക്കെങ്കിലും അവിടെ പ്രവേശിക്കണമെങ്കിൽ പ്രത്യേക പാസ് ലഭിച്ചവരായിരിക്കണം, കച്ചവടക്കാർ, അലക്ക് കാർ, മറ്റു സേവന ജോലികൾ ചെയ്യുന്നവർ എന്നിവർക്കൊക്കെ പ്രത്യേക അനുമതി വേണം.) ബോമ്പെയുടെ ഏറ്റവും തെക്ക് വശത്തായി  കിടക്കുന്ന നേവി നഗറിലെത്തി. നിറയെ കോട്ടേജുകൾ, ചെക്ക് പോസ്റ്റും കടന്ന്, കിഴക്കോട്ട് പോയി.( ആദ്യത്തെ  മൂന്ന് കെട്ടിടങ്ങൾ കഴിഞ്ഞ് നാലാമതായി വടക്ക് വശത്തായാണ് കാക്കു  താമസിച്ചിരുന്ന കോട്ടേജ് ഉള്ള കെട്ടിടം സ്ഥിതി ചെയ്തിരുന്നത്,  മൂന്ന് നിലയുള്ള ആ കെട്ടിടത്തിലെ രണ്ടാം നിലയിലായിരുന്നു ആ കോട്ടേജ് ) ഞങ്ങൾ ആ കോട്ടേജി ന് മുമ്പിലെത്തി.  കാക്കു ആ കോട്ടേജിന്റെ  പ്രധാന വാതിൽ തുറന്ന് അകത്ത് കടന്നു,  പുറകെ ഞങ്ങളും  മുന്നിൽ ഒരു വരാന്ത. ആവരാന്തയിൽ നിന്ന് രണ്ട് വാതിലുകൾ. ഒരു വാതിൽ വരാന്തയിലേക്ക് ഉള്ള  പ്രധാന  വാതിൽ  കടന്ന  ഉടനെ  വലത് വശത്ത് ആയും മറ്റേ വാതിൽ നേരെ നാം ചെല്ലുന്നതിന് അഭിമുഖമായും. ഞങ്ങൾക്ക്  ചെല്ലേണ്ടിയിരുന്നത് ഈ അഭിമുഖമായി കിടക്കുന്ന വാതിലിനടുത്തേക്കാണ്.
 വലത് വശത്ത് ഉള്ള വാതിലിനുള്ളിലെ മുറികളിൽ താമസിക്കുന്നത് ഒരു ബീഹാറിയും ഭാര്യയുമാണ്. ഞങ്ങൾ അഭിമുഖമായി കിടക്കുന്ന വാതിലിനടുത്തേക്ക് നടന്നു. കാക്കു വാതിൽ മുട്ടി വിളിച്ചു. "ഹഫ്സാ". താത്ത  അകത്ത് നിന്ന് വന്ന് വാതിൽ തുറന്നു. ഒരു സ്വീകരണമുറി/ഭക്ഷണ മൂറി, (ഇതാണ് ഇനി മൂതൽ ഞങ്ങളുടെ ബെഡ്റൂമും കൂടെ). പിന്നെ ഒരു ബെഡ് റൂമും ഒരു  അടുക്കളയും. ഞങ്ങൾ  കുളിച്ച് ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ ബീഹാറിയുടെ അടുക്കളയിൽ നിന്നു് അന്നു വരെ  അനുഭവിക്കാത്ത ഭക്ഷണ0 തയ്യാറാക്കുന്ന രൂക്ഷഗന്ധം.(കടുകെണ്ണയിൽ വെളുത്തുള്ളി മൂപ്പിച്ച് ഭക്ഷണം തയ്യാറാക്കുന്നതാണ് എന്ന് പിന്നീട് ഏറെ കഴിഞ്ഞാണ് മനസ്സിലായത്). ഞങ്ങൾ ചായ കുടി കഴിഞ്ഞ് അന്നു് കിടന്നുറങ്ങി.
പിറ്റെന്നു് ഉച്ചക്കാണ് .ഞങ്ങൾക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ പോകേണ്ടത്. ദാദറിലാണ് ഇൻസ്റ്റിറ്റ്യൂട്ട്. നേവി നഗറിൽ നിന്ന് ബസ് കയറി,കൊളാബ  റീഗൽ തിയേറ്ററിന് മുൻവശം ഇറങ്ങി  ചർച്ച് ഗേറ്റ് റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു പോയി അവിടെ നിന്ന്  ട്രെയിനിന് ടിക്കറ്റെടുത്ത്  ദാദർ വെസ്റ്റിൽ  ഇറങ്ങണം. ആദ്യ ദിവസം കാക്കു കൂടെ പോന്നു. ഞങ്ങൾ നേവി നഗറിൽ സുമിത്ര മാർക്കറ്റിന്റെ അടുത്ത് നിന്നു് മൂന്നാം നമ്പർ ഡബിൾ ഡക്കർ ബി.ഇ.എസ്.ടി  ബസിൽ കയറി. (ആദ്യ ഡബിൾ ഡക്കർ  ബസ് യാത്ര). രണ്ട് മണിക്കാണ് ക്ലാസ് അതു കൊണ്ട് തന്നെ ഒരു പത്രണ്ട് മണിയോട് കൂടെ പുറപ്പെട്ടു .ആ സമയമായതുകൊണ്ട് ബസ്സിൽ അധികം തിരക്കില്ല.മുകളിൽ തന്നെ കയറി. ഏറ്റവും  മുൻവശത്തായി സീറ്റ് പിടിച്ചു. ആ മഹാ നഗരത്തെയൊന്ന് അടുത്തറിയാൻ കൺകുളിർക്കെ കാണാൻ, കാണാത്ത കാഴ്ചകൾ കാണാൻ. ആ കാഴ്ചയിൽ അധികമൊന്നും  മനസ്സിലാക്കാൻ  കഴിഞ്ഞില്ലെങ്കിലും. സെൻറ് ജോൺ ചർച്ചും, ഡൽഹി ദർബാർ ഹോട്ടലും, രണ്ട് വശത്തും നിരനിരയായുള്ള അതി മനോഹരങ്ങളായ കളിപ്പാട്ടങ്ങൾ തൂക്കി ഇട്ടു കൊണ്ടുള്ള വഴിയോര കച്ചവടക്കാർ, കുട്ടികളുടെ ഉടുപ്പുകൾ വലിയവ രു ടെ വസ്ത്രങ്ങൾ, പുരുഷൻമാരുടെ ജീൻസുകൾ, പാന്റുകൾ,ഷഡ്ഡികൾ ബ നിയനുകൾ, ബെൽറ്റുകൾ, പഴ്സുകൾ, സ്ത്രീകളുടെ പഴ്സുകൾ, വാനിറ്റി ബാഗുകൾ ലിപ്സ്റ്റിക്കുകൾ, മേക്ക്അപ് കിറ്റുകൾ, അവരുടെ അടിവസ്ത്രങ്ങൾ ,ജലക്ട്രോണിക് സാധനങ്ങൾ,മ്യൂസിക്ക് ഇൻസ്ട്രമെന്സ് ,ഇതൊക്കെ ആഒരു യാത്രയിൽ തന്നെ ഇന്നും മനസ്സിൽ തങ്ങി നില്ക്കുന്ന കാഴ്ചകളാണ്. ഞങ്ങൾ  റീഗൽ തിയേറ്റർ കഴിഞ്ഞ്  ബോമ്പെ  മ്യൂസിയത്തിനു  മുൻപിൽ ബസ്സിറങ്ങി. ഇനി ചർച്ച് ഗേറ്റ് വരെ നടക്കണം. ഹൈക്കോടതിയുടെ മുമ്പിലൂടെ, മഹിന്ദ്ര ഹോക്കി ഗ്രൗണ്ടിന് ഓരം ചേർന്നു് വഴി വാണിഭക്കാരെയൊക്കെ പുറകിലാക്കി  ഞങ്ങൾ കടന്നു പോയി. മുമ്പിൽ ഇടത് വശത്ത് ഈ റോസ് തിയേറ്റർ  നേർ എതിർവശത്തായി ഞങ്ങളുടെ വലത് വശത്തായി ചർച്ച് ഗേറ്റ് റയിൽവേ സ്റ്റേഷൻ.
ഞങ്ങൾ അവിടുന്ന് തന്നെ ഒരു സീസൺ ടിക്കറ്റെടുത്തു. ഒരു മാസത്തേക്ക് ഒരാൾക്ക് പതിനഞ്ച് രൂപ മാത്രം. "ഈ സമയമായത് കൊണ്ട് ഇരിക്കാൻ  സീറ്റ് കിട്ടി "കുത്തിമാൻ കാക്കു പറഞ്ഞു. ബോമ്പെയുടെ തെക്കെ അറ്റത്ത് കിടക്കുന്ന  ടെർമിനസ് സ്റ്റേഷൻ വഴിയാണല്ലോ ദിവസേന മുപ്പത് ലക്ഷത്തോളം ആളുകൾ,നരിമാൻ പോയന്റിലേക്ക്, കഫ് പരേഡിലേക്ക്, കൊളാബയിലേക്ക്, മന്ത്രാലയയിലേക്ക്, ഹൈക്കോടതിയിലേക്ക്,മറൈൻ ഡ്രൈവിലേക്ക്, ഫുട്ബാൾ സ്റ്റേഡിയത്തിലേക്ക്, ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക്, ഹോക്കി സ്റ്റേഡിയത്തിലേക്ക്, ഓവൽ മൈതാനത്തേക്ക്, വന്ന് പോയി കൊണ്ടിരിക്കുന്നത്. ആ തിരക്കൊക്കെ ഞങ്ങൾ അനുഭവിക്കാൻ കിടകുന്നതേയുള്ളൂ. സബർബൻ തീവണ്ടിയിലെ കാല് വെക്കാൻ പറ്റാത്ത തിരക്ക്, തല തിരിക്കാൻ പറ്റാത്ത തിരക്ക്,പുറം കാഴ്ചകൾ ക്കായി  എത്തി നോക്കാൻ പറ്റാത്ത തിരക്ക്, മൂക്ക്  കൊണ്ട് ശ്വസിക്കാൻ പറ്റാത്ത തിരക്ക്, വയറുകളുടെ, തിരക്ക്, ചന്തികളുടെ തിരക്ക്, ലിംഗങ്ങളുടെ തിരക്ക്, വിയർപ്പുകളുടെ തിരക്ക്, കെട്ട ഗന്ധത്തിന്റെ തിരക്ക്, ശബ്ങ്ങളുടെ തിരക്ക്,പോക്കറ്റടിക്കാരുടെ തിരക്ക്,ഇതൊക്കെ ഞങ്ങൾ  പിന്നീട് അനുഭവിക്കുക തന്നെ ചെയ്തു.
ഞങ്ങൾ ദാദർ റെയിൽവേ സ്റ്റേഷനിൽ വണ്ടി  ഇറങ്ങി.ഒന്നാം നമ്പർ  പ്ളാറ്റു ഫോമിലായത് കൊണ്ട് ഫ്ളൈ ഓവർ കയറേണ്ടി വന്നില്ല. നേരെ പടിഞ്ഞാറ് വശത്തുള്ള റോഡിലേക്കിറങ്ങി,തെക്കോട്ട് നടന്നു. ഇവിടെയും നടക്കാൻ പറ്റാത്ത തിരക്ക്, കൈവണ്ടിക്കാരുടെ  തിരക്ക്, കാൽനടയാത്രക്കാരുടെ തിരക്ക്, കറുപ്പും മഞ്ഞയും ചായമടിച്ച ഫിയറ്റ് ടാക്സി കാരുടെ തിരക്ക്, പൂകച്ചവടക്കാരുടെ തിരക്ക് , പൂക്കളുടെ തിരക്ക്, പൂക്കാരികളുടെ തിരക്ക്,
പൂക്കാരികൾ പൂ വാങ്ങിക്കാനായി പുക്കാർ ചെയ്യുന്ന തിരക്ക്. പൂക്കളുടെ സുഗന്ധത്തിന്റെ തിരക്ക്, മുല്ലയുടെ സുഗന്ധം, മല്ലികയുടെ സുഗന്ധം, ജമന്തിയുടെ സുഗന്ധം, പനിനീരിന്റെ സുഗന്ധം, ചെമ്പകത്തിന്റെ സുഗന്ധം,
 ഭംഗികൾ, താമര പൂവിന്റെ ഭംഗി, ആമ്പൽ പൂവിന്റെ ഭംഗി,  സൂര്യകാന്തി പൂവിന്റെ ഭംഗി, വാടാമല്ലിയുടെ ഭംഗി, വാഴം തട്ടയുടെ ഭംഗി, ഇതെല്ലാം ആ സ്വദിച്ചും അനുഭവിച്ചും ഞങ്ങൾ ഇവയെല്ലാം കടന്നു പോയി. ഒരു മുന്നൂറ് മീറ്റർ കൂടെ മുന്നോട്ട്  പോയപ്പോൾ വലത് വശത്തായി ഞങ്ങ ൾ ക്ക്  ഇരുന്ന് പഠിക്കേണ്ടുന്ന ഇൻസ്റ്റിറ്റ്യൂട്ട്.
'കോഹിനൂർ ഇൻസ്റ്റിറ്റ്യൂട്ട്'. ഞങ്ങൾ  അവിടെ കടന്നു് ചെന്നു.പ്രിൻസിപ്പൽ ഞങ്ങളുടെ പേർ അഡ്മിഷൻ രജിസ്റ്ററിൽ ചേർത്തു. അന്ന് കുറച്ചു നേരം ക്ലാസിൽ ഇരുന്നു. ആകെ ഒരു ദിവസം രണ്ട് മണിക്കൂറാണ്  ക്ലാസ്.ക്ലാസ് മാസ്റ്റർ അശോക് സർ.ക്ലാസെടുത്തത് മുഴുവൻ ഇംഗ്ലീഷിൽ. ഇംഗ്ലീഷ് എന്തെങ്കി ലും വല്ലതും രണ്ടക്ഷരം അറിയുമായിരുന്നെങ്കിൽ നാട്ടിൽ പത്താം ക്ലാസ് ജയിച്ചേനെ, ഈ ഇലക്ട്രീഷ്യൻ കോഴ്സ് പഠിക്കാൻ വരുമായിരുന്നില്ലല്ലോ?. ഒന്നും മനസ്സിലായില്ല. അന്ന് എഴുന്നേറ്റ് പോന്നു പിറ്റെ  ദിവസം ഞങ്ങൾ  ഒറ്റക്ക്  പോന്നു. തലേ ദിവസം തന്നെ ഒറ്റക്ക് വരേണ്ടുന്ന വിധവും ബസ് സ്റ്റോപ്പും ബസ് നമ്പറുകളും വഴികളും ഒക്കെ പറഞ്ഞു തന്നിട്ടുണ്ടായിരുന്നു. ഞങ്ങൾ ഉച്ചക്ക് തന്നെ ക്ലാസിലെത്തി.അശോക് സാറാണ് ക്ലാസെടുക്കുന്നത്. ആകെ മൂന്ന് മാസത്തെ ക്ലാ സാണ്. അതിലിടക്ക്  വിദ്യുഛക്തി കൂടെ എത്താത്ത കുഗ്രാമത്തിൽ നിന്ന് വന്ന രണ്ട് പേർ ഈ മഹാനഗരത്തിൽ വച്ച്, നെഗറ്റീവിനെയും, പൊസിറ്റീവിനെയും, പഠിക്കണം, ന്യൂട്ടറും, ഫേസും,  പഠിക്കണം, ഇലക്ടോണും, ന്യൂട്രോണും, പ്രോടോണും, പഠിക്കണം, എർത് എന്താണെന്നു് പഠിക്കണം, കപാസിറ്റർ, എന്താണെന്നു് പഠിക്കണം, സ്വിച്ച് എന്താണെന്ന് പഠിക്കണം,റെസിസ്റ്റൻസ് എന്താണെന്ന്  പഠിക്കണം. ഇതൊക്കെ അന്നത്തെ അറിവ് വച്ച് പൊതുവായി ഞാൻ എന്താണ് പഠിക്കേണ്ടത് എന്ന്  എന്റെ മനസ്സിലുള്ള ധാരണ. എന്നാൽ ക്ലാസ് തുടങ്ങിയപ്പോൾ ഇതൊന്നും അല്ല കറണ്ടിനെ കുറിച്ച് ഒരു പാട് പഠിക്കാനണ്ട് എന്ന് മനസ്സിലായി. പക്ഷെ മനസ്സിലാക്കണമെങ്കിൽ ഭാഷ വഴങ്ങണം, ഹിന്ദി വഴങ്ങണം, ഇംഗ്ലീഷ് വഴങ്ങണം. എല്ലാം പതുക്കെ പതുക്കെ വഴങ്ങി വ രുന്നുണ്ടായിരുന്നു.എന്റെ ധാരണയി ലുണ്ടായിരുന്നത് മാത്രമല്ല കറണ്ട്, അതിന്റെ ബാലപാഠം പഠിക്കാനള്ള പുസ്തകങ്ങൾ കിട്ടി, ഞങ്ങൾക്ക് ക്ലാസെടുക്കുന്ന പുസ്തകങ്ങൾ കിട്ടി.
പ്രതിരോധിക്കാത്ത വാഹക പ്രതലത്തിലൂടെയുള്ള സ്വതന്ത്ര ഇലക്ട്രോണകളുടെ ഒരാറ്റത്തിൽ നിന്ന് മറ്റൊരാറ്റത്തിലേക്ക് ഊർജം കൈമാറിക്കൊണ്ടുള്ള ഒഴുക്കാണ് വിദ്യുഛക്തി  എന്ന് ജോസഫ് മാസ്റ്റർ  ഫിസിക്സിൽ ഒമ്പതാം ക്ലാസിലോ പത്താം ക്ലാസിലോ പഠിപ്പിച്ചിരിക്കാം  പക്ഷെ ഞാനന്നു് അഭ്രപാളികളിലെ പുതിയ പുതിയ ലോകം തിരയുകയായിരുന്നല്ലോ. ഈ വിവരം ഞാൻ ബോമ്പെയിൽ നിന്നാണു് പഠിച്ചത്.വിദ്യുഛക്തിയുടെ അടിസ്ഥാന ബ വിശേഷങ്ങളായ വോൾട്, ആമ്പിയർ, ഓം എന്നിവയൊക്കെ എന്താണെന്നു് പഠിച്ചതും ബോമ്പെയിൽ നിന്നു തന്നെ. വോൾടെന്നാൽ പ്രവാഹ വേഗത ( ഇലക്ട്രോണകളുടെ ഒഴുക്ക് സമ്മർദ്ദo ചെലുത്തുന്ന മാത്ര ) ആണെന്നും, ആമ്പിയർ എന്നാൽ ഒരു വാഹക  ആറ്റത്തലൂടെ നിശ്ചിത സമയത്ത് കടന്നു പോകുന്ന  ഇലക്ട്രോണുകളുടെ എണ്ണമാണെന്നും, ഓം എന്നാൽ വിദ്യുഛക്തിയെ  കടത്തിവിടാതിരിക്കാൻ  വാഹകം ചെലുത്തുന്ന പ്രതിരോധ ത്തിന്റെ  മാത്രയാണെന്നും ഞാൻ അവിടെ നിന്നു തന്നെ പഠിച്ചു. വൈദ്യുതോർജം യാന്ത്രികോർജമായി മാറുന്നതെങ്ങനെയെന്ന് പഠിച്ചു.സർവ്വോപരി ഒരു വയർ ചുരുളിലൂടെ വിദ്യുഛക്തി കടത്തിവിടുമ്പോൾ  അതിനു ചുറ്റും ഒരു കാ ന്തികമണ്ഡലം ഉണ്ടാവുമെന്നും, ഈ വയർ ചുരുളി നടുത്ത് ഒരു സ്ഥായിയായ കാന്തിക മണ്ഡലം നിറുത്തിയതിനു ശേഷം വയർ  ചുരുളിലൂടെയുള്ള വിദ്യുഛക്തി പ്ര വാഹത്താൽ ഉണ്ടാവുന്ന താത് കാലിക കാന്തിക മണ്ഡലവും സ്ഥിര മണ്ഡലവും ആകർഷണമോ  വി കർഷണമോ ഉണ്ടാവുമെന്നും, ഇത്  ചലനത്തിന്ന് കാരണമാകുമെന്നും അവിടെ നിന്ന് തന്നെ  പഠിച്ചു. അങ്ങനെ കറണ്ടിനെ കുറിച്ച് ഉള്ള പ്രാഥമിക വിവരം മാത്രം പഠിച്ചു. ഒരു ഇലക്ട്രിഷ്യനോട് അസിസ്റ്റന്റായി വരട്ടെ എന്നു് ചോദിക്കാൻ ഉള്ള പഠിപ്പ് മാത്രം.ഈ പഠിപ്പെല്ലാം കഴിഞ്ഞ് മൂന്ന് മാസങ്ങൾക്ക് ശേഷം നാട്ടിൽ തിരിച്ചെത്തി.പഠിച്ച പഠിപ്പൊന്നും പ്രയോഗിക്കാൻ അവസരം കിട്ടാതെ രണ്ട് മാസം വെറുതെ നടന്നു. സൗദിയിൽ  ഫോട്ടോഗ്രാഫർക്ക് നല്ല ചാൻസ് ആണ് എന്ന് പറഞ്ഞ് വലിയ കാക്കു ഹുസൈനോട് ഫോട്ടോഗ്രാഫി പഠിക്കാൻ  പറഞ്ഞു ഹുസൈൻ ഫോട്ടോഗ്രാഫി പഠിക്കാൻ പോയി. അപ്പോൾ കുഞ്ഞിമാൻ കാക്കു എന്നെ വീണ്ടും വിളിച്ചു.ബോബെയിൽ ഒരു പ്ളാസ്റ്റിക്ക് കമ്പനിയിൽ ജോലി ഉണ്ട് എന്ന് പറഞ്ഞ്. ഞാൻ വീണ്ടും ബോമ്പെയിലേക്ക് തന്നെ പോയി.
ഇപ്പോൾ എന്റെ രണ്ടാമൂഴം, ഈ രണ്ടാമൂഴത്തിൽ  ഞാൻ ഒരു പാട് പഠിത്തം പഠിച്ചു സൽസ്വഭാവവും,ദുസ്വഭാവവും പഠിച്ചു.  എന്റെ അനുഭവ പാOങ്ങളുടെ ആയിരക്കണക്കിന് അധ്യായങ്ങളിൽ  നൂറുകണക്കിന് അധ്യായങ്ങൾ ബോമ്പെ എനിക്ക് പറഞ്ഞു തന്നു.
അതെല്ലാം പിന്നീട്.
ഈ പോസ്റ്റ് ഞാനെന്റെ കുഞ്ഞിമാൻ കാക്കുവിന് സമർപ്പിക്കുന്നു.




Monday, December 12, 2016

കോഹിനൂർ ഇൻസ്റ്റിറ്റ്യൂട്ട്

1978 SSLC കഴിഞ്ഞ് ബോമ്പെ ഗാരേജിൽ നിന്ന് നാല് ഇന്നത്  പഠിക്കാൻ ഇറങ്ങി പോന്ന് നില്ക്കുന്ന കാലം എന്നെയും  ഹുസൈനെയും ഇങ്ങനെ നിറുത്തിയാൽ പറ്റുകയില്ലല്ലോ. ഒന്നുകിൽ പത്താം ക്ലാസ് വീണ്ടും പഠിക്കണം അല്ലെങ്കിൽ വേറെ എന്തെങ്കിലും പഠിക്കാനയക്കണം. വീട്ടുകാർ ആലോചിച്ചു.അന്ന് ജേഷ്ടൻ അബ്ദു റഹ്മാനും ( കുഞ്ഞിമാൻ  കാക്കു),പെങ്ങൾ സുഹറ (മാളുമ്മ)യും ഭർത്താവും .ബോമ്പെയിലുണ്ട്. വലിയ ജേഷ്ടൻ മുഹമ്മദലി കാക്കു സൗദിയിലാണ്.വലിയ ജേഷ്ടനോട് ആലോചിച്ച്, ഞങ്ങളെ ഏതെങ്കിലും കോഴ്സിന് ചേർക്കാൻ തീരുമാനിച്ചു.അങ്ങനെ ബോമ്പെയിൽ, ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർത്തതായി കുഞ്ഞിമാൻ കാക്കു വിന്റെ കത്ത് കിട്ടി . ഒരു മാസം കഴിഞ്ഞ് ക്ലാസ് തുടങ്ങും ഇലക്രീഷ്യൻ
കോഴ്സ് ആണ്. ഞങ്ങൾ വലിയ സന്തോഷത്തിലായി. ബോമ്പെയിലേക്കുള്ള ടിക്കറ്റ് റിസർവ് ചെയ്തു.അന്ന് ഒറ്റപ്പാലം ബോമ്പെ ടിക്കറ്റിന്ന് അമ്പത്തി ഒമ്പത് രൂപ മാത്രമാണ് ചാർജ്. റിസർവേഷൻ ബrതിന്, പന്ത്രണ്ട് രൂപ കൂടെ അധികം കൊടുക്കണം.
ആദ്യമായി ഒരു ദീർഘദൂര തീവണ്ടിയാത്ര. പോകാത്തദൂരങ്ങൾ,കാണാത്ത ദേശങ്ങൾ, കണ്ടിട്ടില്ലാത്ത നദികൾ, കേൾക്കാത്ത ഭാഷകൾ, രുചിക്കാത്ത ഭക്ഷണങ്ങൾ, കണ്ടിട്ടില്ലാത്ത വേഷങ്ങൾ , കണ്ടിട്ടില്ലാത്ത ആളുകൾ, അനുഭവിക്കാത്ത ചൂരുകൾ, പരിമളം, കെട്ടഗന്ധം, കട്ടർഗന്ധം, അനുഭവിക്കാത്ത യാത്ര, എല്ലാം അനുഭവിക്കാനുള്ള ഒരു തീവണ്ടിയാത്ര.
അന്ന് ജയന്തി ജനത പുലർച്ചെ രണ്ട് മണിക്കാണ് ഒറ്റപ്പാലത്ത് എത്തുന്നത് . ഞങ്ങൾ നേരത്തെ തന്നെ പോകാൻ തീരുമാനിച്ചു ഒറ്റപ്പാലത്തേക്ക് വൈകിയാൽ ബസ്സില്ല.വൈകുന്നേരം അഞ്ചര മണിയോടു കൂടെ ഒറ്റപ്പാലത്തെത്തി .ഇനി എന്ത് ചെയ്യും
ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനമുമ്പിൽ തന്നെയാണ് 'ഇംപീരിയൽ' തിയേറ്റർ . അവിടെ ' ഇവനെന്റെ പ്രിയപുത്രൻ' സിനിമ കളിക്കുന്നു. മുൻപ് 'സെയിനി'ൽ നിന്ന് കണ്ടതാണ്, എങ്കിലും സമയം പോകണ്ടേ, ഫസ്റ്റ്  ഷോക്ക് കയറി, സിനിമ കണ്ടിറങ്ങി, ഊണ് കഴിച്ചു, ഇനിയും ഒരു പാട് സമയം ബാക്കി, വീണ്ടും അതേ സിനിമക്ക് തന്നെ സെക്കന്റ് ഷോക്ക് കയറി.പ്രേംനസീർ, K P ഉമർ, ജയൻ, സോമൻ, റീന തുടങ്ങിയവരഭിനയിച്ച ആ സിനിമയിലെ ഒരു പാട്ട് ഇന്നും മനസ്സിൽ തങ്ങി നില്ക്കുന്നു.ജീവിതാവസാനം വരെ മൂളാൻ പറ്റിയ പാട്ട്.
ഈ  ജീവിതമൊരു പാരാവാരം
എന്തെന്തപാരം
അലറും തിരമാലകൾ
അടിയിൽ വൻ ചുഴികൾ
തിരമുറിച്ചെന്നും മറുതീരം തേടി 
തുഴയുന്നു ഞാനേകനായ്
ഈ വിശ്വതലത്തിലെ സമരാങ്കണത്തിലെ
അതിധീര യോദ്ധാക്കൾ നമ്മളെല്ലാം
ഒരു യുദ്ധസമയം അടുക്കുമ്പോൾ പലരും
ഒളിക്കാം പടവെട്ടി മരിച്ചു പോകാം 
പ്രതിബന്ധമെല്ലാം 
എനിക്കാത്മശക്തി.
പൊരുതുന്നു ഞാനേകനായ്.

ഞങ്ങൾ കൃത്യം രണ്ട് മണിക്ക് തന്നെ തീവണ്ടി കയറി.

 ബർതിൽ കയറി കിടന്നു.കൃഷ്ണ കാവേരി ഗോദാവരി തുംഗഭദ്ര.






Saturday, December 10, 2016

നവാഗതർക്ക് സ്വാഗതം

1982 അന്ന് PTM കോളേജ് അങ്ങാടിപ്പുറം പോളിടെക്ക് നിക്കിന്റെ കെട്ടിടത്തിൽ സ്വന്തം കെട്ടിടമാകുന്നത് വരെ താല്കാലികമായി നടത്തുന്ന കാലം. അവിടെയാണ് ഞാൻ പ്രിഡിഗ്രിക്ക്ചേരുന്നത്.ശങ്കേഴ്സിൽ നിന്ന് ട്യൂഷൻ എടുത്ത്, SSLC പാസായി, കോളേജിൽ ചേരുന്നതിന്നു് വേണ്ടി അപേക്ഷ കൊടുത്ത എനിക്ക് ഇൻറർവ്യു കാർഡ് വന്നു. അവിടെ ഫസ്റ്റ് ഗ്രൂപ്പും സെക്കന്റ് ഗ്രൂപ്പും ഇല്ല തേഡ്, ഫോർത്, ഫിഫ്ത് , എന്നീ ഗ്രൂപ്പുകൾ മാത്രമാണ് ഉള്ളത്,
അതു കൊണ്ട് തന്നെ അത്യാവശ്യം  കുതിര സെറ്റൊക്കെ ഒത്ത് കൂടുന്ന ഒരു സ്ഥലം.കാരണം ഒരു വിധം  കുതിര കളിച്ച് നടന്ന വനൊന്നും 300 മാർക്കിനപ്പുറം പത്താം ക്ലാസിൽ വാങ്ങിക്കാൻ നല്ല പ്രയാസമായിരുന്ന കാലം. 300 മാർക്കോ കൂടുതലോ വാങ്ങിയവരധികവും ഫസ്റ്റ് ഗ്രൂപ്പ്,അല്ലെങ്കിൽ സെക്കന്റ് ഗ്രൂപ്പ് എടുത്ത് മണ്ണാർക്കാടോ മഞ്ചേരിയോ പോയിട്ടുണ്ടാവും. അപൂർവ്വമായി ഫോർത് ഗ്രൂപ്പിൽ ഫസ്റ്റ് ക്ലാസ് മേടിച്ചവർ ഇല്ലെന്നല്ല,
ഞാൻ 238 മാർക്ക് കാരൻ തേഡ് ഗ്രൂപ്പിനാണു് ഫസ്റ്റ് ചോയ്സ് കൊടുത്തത് അന്നേ എനിക്ക്  economics ഉം History യും ഇഷ്ടമാണ്. 225 മാർക്ക് നേടിയവർക്ക് വരെ പല വിധ ഗ്രേസ് മാർക്ക് നേടി അന്നവിടെ തേഡ് ഗ്രൂപ്പിൽ അഡ്മിഷൻ ലഭിച്ചു.അതിലും താഴ്ന്ന 210 കാരൊക്കെ ഫിഫ്ത് ഗ്രൂപ്പിലും.  കൂടുതൽ മാർക്ക് വാങ്ങിച്ച ആരെങ്കിലും ഫിഫ്ത് ഗ്രൂപ്പ് ഫസ്റ്റ് ചോയ്സ് ആയി കൊടുത്തിട്ടുണ്ടായിരുന്നോ എന്നു് എനിക്കറിയൂല്ല. ഏതായാലും ഒരു കാര്യം അറിയാം ഇന്നത്തെ പല ബുദ്ധിമാൻമാരും പ്രഗത്ഭന്മാരും ആയ വക്കീലൻമാർ പലരും അന്നത്തെ 210 കാരാണ് എന്ന്, (അതവർ ഈഗോ കൊണ്ട് ഇപ്പോൾ സമ്മതിക്കുക ഇല്ലെങ്കിലും), തനിക്ക് പണ്ടേ ഭയങ്കര ബുദ്ധിയാ എന്നായിരിക്കും ഇപ്പോഴത്തെ അവരുടെ നിലപാട്.(സ്കൂൾ പഠിത്തം കഴിഞ്ഞാലും കോളേജ് പഠിത്തം കഴിഞ്ഞാലും ഉപയോഗിച്ചാൽ ബുദ്ധി മൂർച്ച കൂടും). ഏതായാലും എനിക്ക് തേഡ് ഗ്രൂപ്പിൽ അഡ്മിഷൻ ലഭിച്ചു.
ഇന്ന് കോളേജ് തുറക്കുന്നു. ഞാൻ വളരെ ആഹ്ളാദത്തോട് കൂടെ പുതിയ  ഷർടും തുണിയും ഒക്കെ ഉടുത്ത് രണ്ട് നോട്ട് പുസ്തകവും ചരിത്ര പുസ്തകവും, എക്കണോമിക്സും, കയ്യിൽ പിടിച്ച് കോളേജിന്റെ മുൻപിൽ ബസ് സ്റ്റോപ്പിൽ ബസിറങ്ങി. അന്നവിടെ റെയിൽവേ ഗേറ്റ് കഴിഞ്ഞാൽ തെക്ക് വശത്ത് ഓടിട്ട തട്ടുള്ള കെട്ടിടത്തിനു മുകളിൽ  ദേശസേവിനി വായനശാല, ജോസേട്ടന്റെ ടെയ്ലർ ഷോപ്പ്, അതിനടി വശത്ത് ഉപ്പോടൻപോക്കർ ഹാജിയുടെ ഹോട്ടൽ അത് കഴിഞ്ഞ് മൊയതുട്ടി കാക്കയുടെ സൈക്കൾ ഷോപ്പ്, തൊട്ടടുത്തായി മൊയ്തുട്ടി കാക്കയുടെ തന്നെ ഹോട്ടൽ, പിന്നെ ചെരുപ്പ് കുത്തി അച്ചുട്ടിയേട്ടൻ ഇരിക്കുന്നു, അത് കഴിഞ്ഞാൽ രായിൻ കാക്കയുടെ സ്റ്റേഷനറി, ശേഷം സർവ്വീസ് ബാങ്ക്. പിന്നെ തെക്ക് വശത്ത് കടകളൊന്നും ഇല്ല, രണ്ട് വീടുകൾ പിന്നെ പ്രതിഭ ട്യൂട്ടോറിയൽ കോളേജ്, വർക്ക്ഷോപ്പ്, അടുത്തായി വീടുകൾ.കുറെ കഴിഞ്ഞ് വരിക്കത്ത് ബാലന്റെയൊക്കെ ചായക്കട,വർക്ക്ഷോപ്പ്.വടക്ക് വശത്ത് FC1 യിലേക്ക് പോകുന്ന റോഡ് റോഡിന് തൊട്ട് കിഴക്കായി ഉണ്ണിയേട്ടന്റെ ബാർബർ ഷോപ്പ് അതു കഴിഞ്ഞാൽ സൈനുക്കാന്റെയും കുഞ്ഞാൻ കാക്കാന്റെയും പല ചരക്ക് കട അതിനു മുകളിലായി എം എസ് എഫ് ആപ്പീസ്, കീഴെപലചരക്ക് കട കഴിഞ്ഞാൽ
സപ്ളൈ ആപ്പീസറുടെ വീട്, അതിനു മുമ്പിലായി ബസ് സ്റ്റോപ്പ്, പ്രതിഭ മുഹമ്മദലി മാസ്റ്ററുടെ വീട്, അത് കഴിഞ്ഞാൽ ഇടയിലായി ഒരു പത്തടി വീതി വഴി വടക്കോട്ട് വെയർ ഹൗസിലേക്ക് കോളേജ് മതിലിന് ചാരി പോകുന്നു, ഈ വഴിയുടെ പടിഞ്ഞാറ് വശത്തായി  അബ്ദറ കാക്കാന്റെ വീട്, മാടശ്ശേരി മമ്മി കാക്കാന്റെ വീട്, അഫ്സലിന്റെ ജിംനേഷ്യം, , നന്നാസാഹിബിന്റെ തറവാട് വീട്, (ബീ താത്തയുടെ വീട് )  ബീതാത്താന്റെ വീടിന്റെ കോലായിയിൽ വി.ശശികുമാറിന്റെ ഒരു ഒറ്റമുറി ട്യൂഷൻ സെന്റർ. അതിനപ്പുറം കോളേജിന്റെ മതിൽ.ചിലപ്പോഴൊക്കെ കോളേജിലേക്ക് മതിൽ ചാടിക്കടന്ന് കുറുക്കു വഴിയായി ഈ വഴിയും ഉപയോഗിക്കും.ഈ വഴി തുടങ്ങുന്നേടത്ത് കിഴക്ക് വശത്തായി, (കിഴക്കോട്ട് പോകുന്ന PWDറോഡിന്റെ വടക്ക് വശത്തായി) നായരുടെ ഒരു ചെറിയ ചായക്കട , പിന്നെ ഹംസക്കയുടെ ബാർബഷാപ്പ്,  അതിനു മുകളിൽ CPI(M) പാർടി LC .ആപ്പീസ്, ഒരു പഴയ ഓടിട്ട കെട്ടിടം. പുറകിലൂടെയാണ് ആപ്പീസിലേക്കുള്ള വഴി നേരത്തെ പറഞ്ഞ പത്തടി വഴിയിൽ നിന്ന് വേണം അങ്ങോട്ട് കയറാൻ ഒരു പഴയ മരക്കോണി, അതിലേക്ക് കയറണമെങ്കിൽ കെട്ടിടത്തിലെ മുകളിലെ കഴുക്കോലിൽ  നിന്നു് ഒരു ചകിരി കയർ ഏതോ വർഷങ്ങൾക്ക് മുൻപ് തൂക്കിയിട്ടിരിക്കുന്നു. കോണിയാണെങ്കിൽ ശരിക്കും ഒന്നിടവിട്ട  പടികൾ മാത്രമാണുള്ളത്, ബാക്കി  ഇടയിലെ പടികൾ വേറിട്ട് പോകുകയോ  ഒരു ഭാഗം പൊട്ടി കോണിയുടെ വശത്തെ കാലിൽ  തൂങ്ങി കിടക്കുകയോ ആണ്. ആ ആപ്പീസിന്മുകളിൽ കയറിയാൽ നല്ല ഒരു ട്രക്കിങ്ങിന്റെ ഫലം ചെയ്യും അതിനു ഉള്ളിൽ കയറിയാൽ ഒരു എട്ട് x ഒമ്പത് സൈസിൽ ഒരു കുടുസ്സുമുറി 3 ബഞ്ച്, ഒരു വലിപ്പുള്ള മേശ, ഒരു മരത്തിന്റെ വാതിൽ ഇളകി കിടക്കുന്ന കബോഡ്, ഇത്രയുമായാൽ അങ്ങാടിപ്പുറത്തെ അന്നത്തെ CPIM ആപ്പീസും, SFI ആപ്പീസും,DYFl, CITU,ആപ്പീസും,KP T U, KGTA, കർഷക സംഘം, കർഷക തൊഴിലാളി, മഹിള, തുടങ്ങി പാർടിയുമായി ബന്ധപ്പെട്ട എല്ലാ തൊഴിലാളി സംഘടനകളുടെയും പ്രവർത്തനങ്ങളുടെ കേന്ദ്രമായി ഉപയോഗിച്ചിരുന്ന ആപ്പീസായി.
അത് കഴിഞ്ഞാൽ ആലസ്സൻ ഹാജിയുടെ വീട് ,ഹംസക്ക,വെള്ള അസി തുടങ്ങിയവരുടെ വീട്, ക്ലീനർ ഹമീദിന്റെ വീട്.
ആ വീടിന മുൻപിലെ കോലായിൽ ആനമങ്ങാട് ബാബുരാജിന്റെ ബുക്ക് ഷോപ്പ് ഇവിടെയും SFIക്കാരുടെ ഒരു ഇരിപ്പിട കേന്ദ്രമാണ് ജില്ലാ കമിറ്റിയിൽ നിന്ന് നേതാക്കളാരെങ്കിലും വന്നാൽ ഇവിടെയാണ് ഇരിക്കാറ്.പിന്നെയും കിഴക്ക് പോളിയിലേക്കുള്ള ഇരട്ട ഗേറ്റ് കവാടം. അത് കഴിഞ്ഞാൽ ബസ്സ്റ്റോപ്,അബ്ദുഹാജിയുടെ മരമല്ല്, അബ്ദുഹാജിയുടെ വീട്, ബാവക്കയുടെ വീട്, ഉണ്ണി  ചെട്ടിയാരുടെ വീട്, പോളി ഹോസ്റ്റലിലേക്കുള്ള വഴി, വഴിക്ക് കിഴക്ക് വശത്തായി,  പോളി കോർട്ടേഴ്സ്. റെയിൽവെ ഗേറ്റിന് പടിഞ്ഞാറ് തെക്ക് അപ്പുവേട്ടന്റെ  ചായക്കട വടക്ക് തരകൻ ഹൈസ്കൂൾ കാളിപ്പാടൻ അലവിക്കയുടെ സ്റ്റേഷനറി കട റെയിൽവെ സ്റ്റേഷനിലേക്ക്  ഉള്ള റോഡ്.ഇത്രയും  പറഞ്ഞത് ഞാൻ കോളേജ് തുറന്ന ദിവസം പുതിയകുപ്പായവും തുണിയും ധരിച്ച് കയ്യിൽ പുസ്തകവുമായി വന്നിറങ്ങിയ റയിൽവേ ഗേറ്റിന്റെ പരിസരം.
ഞാൻ പ്രധാന കവാടത്തിലൂടെ തന്നെ അകത്ത് കടന്നു.നേരെ മുൻപിൽ വടക്കോട്ടായി ഒരു ടാറിട്ട റോഡ് ആകെ ഒരു 150 മീറ്റർ ദൂരം കാണും. ആ റോഡ് അവസാനിക്കുന്നത് പോളിടെക്ക് നിക്കിന്റെ ആപ്പീസും, സ്റ്റാഫ് റൂമും, പ്രിൻസിപ്പൽ റൂമും മെക്കാനിക്കൽ, ഇലക്ട്രിക്കൽ, തുടങ്ങിയ ക്ലാസ് മുറികളും നടക്കുന്ന പ്രധാന ഇരു നില കെട്ടിടം. കെട്ടിടത്തിന് മുമ്പിലായി വൃത്താകൃതിയിലുള്ള തറ, ആ തറ ചുറ്റും ഒരു രണ്ടരയടി ഉയരത്തിൽ ഉയർത്തി കെട്ടിയിരിക്കുന്നു. ഈ തറയിലാണ് പോളി കൊടിമരവും SFI, MSF, KSU  എ ന്നീ വിദ്യാർത്ഥി സംഘടനകളുടെ കൊടി  മരവും ഉള്ളത് ഈ റോഡിന്റെ വലത് വശം വോളിബോൾ, ബാസ്കറ്റ് ബോൾ കോർട്, വൃത്താകൃതിയിലുള്ള തറ എത്തുന്നതിനു മുൻപായി പടിഞ്ഞാറ് ഭാഗത്തായി വെയർഹൗസിസിനോട് ചേർന്നു് ആസ്ബറ്റോസ് ഷീറ്റിനാൽ മേഞ്ഞ  പോളി ഓഡിറ്റോറിയം. ഈ ഓഡിറ്റോറിയത്തിലാണ് ഫസ്റ്റ് ഇയറിന്റെയും സെക്കന്റ് ഇയറിന്റെയും രണ്ട് ഷിഫ്റ്റുകളായുള്ള ഫിഫ്ത് ഗ്രൂപ്പ് ക്ലാസുകൾ നടക്കുന്നത് സ്റ്റേജും ഈ കെട്ടിടത്തിനകത്ത് തന്നെയാണ് എന്തെങ്കിലും പ്രധാന ഫങ്ങ്ഷൻ നടക്കുമ്പോൾ  മര തട്ടിക കൊണ്ടു മറച്ച രണ്ട് ക്ലാസ് മുറികളും ഒന്നാക്കി മാറ്റും.ഈ സ്റ്റേജിനും  പുറകിലായി ലൈബ്രറി. പോളിയുടെ തന്നെ പ്രധാന കെട്ടിടത്തിനോട് ചേർന്ന് പടിഞ്ഞാറുവശത്തായി തെക്ക് വടക്കായി പടിഞ്ഞാറോട്ട് പ്രധാന കവാടമായി കൊണ്ട് കോളേജിന്റെ ഓഫീസും പ്രിൻസിപ്പൽ റൂമും സ്റ്റാഫ് റൂമും സ്ഥിതി ചെയ്യുന്ന കെട്ടിടം. ഈ കെട്ടിടത്തിന്റെ അടിവശം ഓഫീസ് ആവശ്യ ങ്ങൾക്കും അറബി ഓപ്ഷൻ ആയി എടുത്തവരുടെ ക്ലാസ് റൂമിനായും ഉപയോഗിക്കുന്നു. മുകൾ വശത്ത് തേഡ് ഗ്രൂപ്പ് രണ്ടാം കൊല്ലക്കാരുടെ രണ്ട് ഷിഫ്റ്റ് ക്ലാസും നാലാം ഗ്രൂപ്പുകാരുടെ രണ്ട് ഷിഫ്റ്റ് ക്ലാസ്സും ഹിന്ദി  അനുബന്ധ ഭാഷയായി എടുത്തവരുടെ ഒരു ക്ലാസ് മുറിയായും ഉപയോഗിക്കുന്നു.കൂടാതെ പെൺകുട്ടികളുടെ മൂത്രപ്പുര മുകളിലും സ്റ്റാഫ് മൂത്രപ്പുര അടിവശത്തും.ഈ കെട്ടിടത്തിനു് മുൻപിൽ  വിദ്യാർത്ഥി സംഘടനകളുടെ കൊടിമരങ്ങളും കോളേജിന്റെ കൊടിമരവും.ഈ പ്രധാന കെട്ടിടത്തിന്നു് വടക്ക് വശത്തായി  കുറച്ച് താഴ്ന്ന ഭാഗം ഇവിടെ കിഴക്ക് പടിഞ്ഞാറായി നീളത്തിൽ ആസ്ബറ്റോസിന്റെ മൂന്ന് ഒറ്റ നില കെട്ടിടങ്ങൾ, ഈ കെട്ടിടങ്ങളിലെ ഏറ്റവും വടക്ക് ഭാഗത്ത് കോളേജിന്റെ പ്രധാന കെട്ടിടത്തിന്ന് അഭിമുഖമായി കിടക്കുന്ന കെട്ടിടത്തിൽ പ്രിഡിഗ്രി ക്ലാസുകൾ, മൂന്നാം ഗ്രൂപ്പിന്റെ ഒന്നാം കൊല്ലത്തെ രണ്ട് ഷി'ഫ്റ്റുകളൂം നാലാം ഗ്രൂപ്പിന്റെ ഒന്നാം കൊല്ലത്തെ രണ്ട് ഷിഫ്റ്റുകളൂം. പുറകിലായി പോളിയുടെ പ്രാക്ടിക്കൽ ലാബ് .അതിനും പുറകിലായി കളി മൈതാനം. ഈ കെട്ടിടത്തിന്ന് പടിഞ്ഞാറു വശത്തായി കാന്റീൻ, പോളി കെട്ടിടത്തിന്റെ തൊട്ടു പുറകിലായിസ്ഥിതിചെയ്യുന്നു.പുറകിലാണെങ്കിലും കോളേജിന്റെയും പോളിയു ടെ യും ഭാഗങ്ങളിൽ നിന്നൊക്കെ ഇവിടേക്ക് വേഗത്തിൽ എത്തിപ്പെടാനുള്ള വഴികളുണ്ട്.
കോളേജിന്റെ പടിഞ്ഞാറ് വശത്ത്  FCI യിലേക്ക് പോകുന്ന റോഡിൽ നിന്നും വെയർ ഹൗസിന്റെ രണ്ട് കെട്ടിടങ്ങളുടെ ഇടയിൽ കൂടെ കയറി കൊണ്ട് വരാൻ പാകത്തിൽ കോളേജിലേക്ക്  ഉള്ള പ്രധാന ഗെയിറ്റ് വച്ചിരിക്കുന്നു. ഈ ഗെയിറ്റ് കടക്കുമ്പോൾ ഇടത് വശത്തായി ആൺകുട്ടികളുടെ മൂത്രപ്പുര.  ഈ പറഞ്ഞതൊക്കെ ആ കോളേജിന്റെ പരിസരവും പശ്ചാതലവും. ഞാൻ അകത്തേക്ക് കയറുമ്പോൾ ഇ തൊക്കെ അവിടെ കുറെ കാലത്തേക്കെങ്കിലും സ്ഥായി ആയി നില്ക്കുന്ന പശ്ചാതല സൗകര്യങ്ങൾ. എന്നാൽ ഇതിനേക്കാളൊക്കെ എന്നെ ആകർഷിച്ചത് ഞാൻ പോളിയുടെ പ്രധാന കവാടം കടന്നു  വരുമ്പോൾ തന്നെ. ഞങ്ങൾ ആദ്യവർഷക്കാരെ സ്വീകരിക്കാൻ വച്ചിരിക്കുന്ന  സ്വാഗത ബോർഡുകളും ബാനറുകളുമാണ്. പ്രധാന കവാടത്തിൽ തന്നെ പ്രധാന വിദ്യാർത്ഥി സംഘടനകളുടെ യൊക്കെ ബാനറുകളുണ്ട്, ബോർഡുകളുണ്ട്. SFi ക്കാരുടെ വക, KSU വിന്റെ വക, MSF ന്റെ
വക, ABVP യുടെ വക, AIMSF, കൂടാതെ, LDSF, UDSF എന്നീ  പേരു കളിലും സ്വാഗത ബോർഡുകൾ ബാനറുകൾ. വെള്ള, നീല, പച്ച, തുടങ്ങിയതോരണങ്ങൾ, തോരണങ്ങൾക്കിടയിൽ  - - - -                                   'നവാഗതർക്ക് സ്വാഗതം'
രണ്ട് ഷിഫ്റ്റ് കൂടെ ആയി ആയിര കണക്കിന് കുട്ടികൾ .എസ് എഫ് ഐ ക്കാർ, എം, എസ് എഫുകാർ, കെ എസ് യു ക്കാർ എ ബി വി പി ക്കാർ എ ഐ എം എസ് എഫുകാർ ഇതിലൊന്നും പെടാത്ത രാഷ്ട്രീയം ഇല്ലാത്തവർ,  കുറച്ച്  എ ഐ എസ് എ  ഫുകാർ .ഞാൻ കേറിപോകുമ്പോൾ തന്നെ ആകെ നിറങ്ങൾ കൊടിതോരണങ്ങളുടെ നിറങ്ങൾ, ബാനറുകളുടെ നിറങ്ങൾ, ബോർഡുകളുടെ നിറങ്ങൾ കുട്ടികളുടെ നിറങ്ങൾ, നിറങ്ങൾ, നിറങ്ങൾ, നിറങ്ങൾ, ..... ബഹളം ആകെ ബഹളം, മു ദ്രാവാക്യങ്ങൾ, ജാഥകൾ, പ്രകടനങ്ങൾ, നവാഗതർക്ക് സ്വാഗതമോതി ക്കൊണ്ട് . സ്വാഗതം, സ്വാഗതം, സ്വാഗതം, എസ് എഫ് ഐ യുടെ സ്വാഗതം, നവാഗതർക്ക്, സ്വാഗതം, സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം, സിന്ദാബാദ്, എസ് എഫ് ഐ  സിന്ദാബാദ്.
സ്വാഗതം നവാഗതർക്ക് എം എസ് എഫിൻ സ്വാഗതം.  സ്വാഗതം സ്വാഗതം സ്വാഗതം നവാഗതർക്ക് സ്വാഗതം KSU വിൻ സ്വാഗതം. എസ് എഫ് ഐ യും, എം എസ് എഫും, കെ എസ് യു വും വ്യത്യസ്ഥ സംഘങ്ങളായി തന്നെ മുദ്രാവാക്യം വിളിച്ച് കാമ്പസ് ഒന്നാകെ പ്രകടനം നടത്തുന്നു, അതത് സംഘടനകളുടെ യൂനിറ്റ് പ്രസിഡൻറുമാരും സെക്രട്ടറിമാരും ഈ പ്രകടനങ്ങൾക്ക് നേതൃത്വം കൊടുത്ത് കൊണ്ട് മുൻപിൽ തന്നെയുണ്ട്. എസ് എഫ് ഐ യുടെ മുൻപിൽ മധു, ഹനീഫ, സതീഷ്, മനോജ്, ശങ്കരൻ,  എം എസ് എഫിന് അബ്ദുള്ള, യൂസുഫ്, നൂറുദീൻ, സെയ്തലവി, കെ എസ് യു വിന്റെ മുൻപിൽ എ.പി.അനിൽകുമാർ, ഡേവിഡ്, അച്ചു, കുഞ്ഞിമുഹമ്മദ്, കൃഷ്ണദാസ് .എസ് എഫ് ഐ സംഘത്തിൽ ഒരു  മുപ്പതോളം ആളും കെ.എസ്.യു  പ്രകടനത്തിൽ ഒരു  നാൽപതോളം ആളുകളും എം എസ് എഫ് പ്രകടനത്തിൽ ഒരു അമ്പതോളം ആളുകളും ഉണ്ടാവും. സ്വാഗതം, സ്വാഗതം, സ്വാഗതം' നവാഗതർക്ക് സ്വാഗതം, ഒരു വിഭാഗത്തിന്റെ മുദ്രാവാക്യത്തേക്കാൾ തങ്ങളുടെ ശബ്ദം ഉയർന്നു കേൾക്കണം ഓരോരുത്തരും ഉച്ചത്തിലുച്ചത്തിൽ...... ഞാൻ ക്ലാസിൽ കയറിയിട്ടില്ല, ക്ലാസിൽ  പുസ്തകം വച്ചിട്ടില്ല അധ്യാപകരെ കണ്ടിട്ടില്ല'പ്രിൻസിപ്പലിനെ (മുഹമ്മദുണ്ണി സാറിനെ) കണ്ടിട്ടില്ല പക്ഷെ  ഈ ബഹളമൊക്കെയും കണ്ടു, സ്വാഗത ബോർഡുകൾ കണ്ടു, കൊടിതോരണങ്ങൾ കണ്ടു, പ്രകടനങ്ങൾ കണ്ടു,  അതിലൊരു പ്രകടനം എന്നെ വല്ലാതെയാകർഷിച്ചു എസ് എഫ് ഐ ക്കാരുടെ പ്രകടനം ( ആളു കുറവായിരുന്നെങ്കിലും ) കാരണം ഞാൻ സ് കൂളിൽ പഠിക്കുന്ന കാലം അടിയന്തരാവസ്ഥ കാലം KSF ഉമായി ചങ്ങാത്തത്തിലായിരുന്നല്ലോ പുലാക്കൽ മുഹമ്മദലി മുദ്രാവാക്യം വിളിക്കുമ്പോൾ  കൂ ടെ  ചേർന്ന്. അന്നേ അതെന്റെ ഉപ്പാന്റെ പാർടിയാണെന്ന ബോധം  വല്ലാത്ത ഒരു ആകർഷണമാണ് ഉണ്ടാക്കിയത്.
എസ് എഫ് ഐ ക്കാരുടെ പ്രകടനത്തിന്റെ പിന്നിൽ ആ വരുന്ന വരവിൽ തന്നെ ഞാനും മു ദ്രാവാക്യം ഏറ്റുചൊല്ലി നടന്നു. അവസാനം എല്ലാ പ്രകടനങ്ങളും കോളേജിന്റെ പ്രധാന കെട്ടിടത്തിന്റെ കവാടത്തിന മുൻപിൽ ഒത്ത് കൂടി. ഉറക്കെയുറക്കെ  മത്സരിച്ച് മുദ്രാവാക്യം വിളിച്ചു. സ്വാഗതം, സ്വാഗതം, സ്വാഗതം, നവാഗതർക്ക് സ്വാഗതം, എസ് എഫ് ഐ സിന്ദാബാദ് ,കെ സ് യു സിന്ദാബാദ് എം എസ് എഫ് സിന്ദാബാദ്...... എസ്എഫ് --.... കെ.എസ്...എം എസ് .... എസ് .... കെ.... എം.... സിന്ദാ........ സി....... എനിക്കാവേശമായി, ഞാൻ നില്ക്കുന്ന സംഘത്തിന്റെ ശബ്ദം ആ ളു കുറവാണെങ്കിലും താഴാൻ പാടില്ല. എനിക്കാണെങ്കിൽ നല്ല ഒച്ചയും ഞാൻ ഉച്ചത്തിലുച്ചത്തിൽ വിളിച്ചു എസ് എഫ് ഐ സിണ്ടാബാദ്, എസ് എഫ് ഐ സിന്ദാബാദ്, എസ് എഫ്,േO..േഠ..... ട്ടേ... എവിടുന്നൊക്കെയോ അടിപൊട്ടി എന്റെ മുഖത്തും  പുറത്തും നെഞ്ചിലും ഞാൻ നോക്കിയപ്പോൾ മുന്നിൽ എ.പി അനിൽകുമാർ, അച്ചു,ഡേവിഡ്.അനിൽ കുമാറൊക്കെ എന്നെ അടിക്കുകയാണ്. അടിപൊട്ടിയ തോട്  കൂടെ എസ് എഫ് ഐ ക്കാർ എല്ലാവരും ഓടിയിരിക്കുന്നു അവിടെ കെ.എസ് .യു ക്കാരും എം എസ് എഫുകാരും മാത്രം. അവരുടെ നടുവിൽ ഞാനൊറ്റക്ക് അവരെന്നെ പൊതിരെ തല്ലുന്നു അനിൽ കുമാർ എന്നെ ചവിട്ടി, ഞാൻ പുറകോട്ട് മറിഞ്ഞു വീഴുന്നു വീഴ്ചയിൽ ഞാൻ അനിൽകുമാറിന്റെ തുണി പിടിച്ച് വലിച്ചു ആ മുണ്ട് കീറി.കൂട്ടത്തിൽ ഞാനൊറ്റക്ക് ആവുംവിധം ചെറുത്ത് നിന്നു. ഒരു എസ് എഫ് ഐ ക്കാരനും സഹായത്തിനില്ല പിടിച്ചു മാറ്റാനില്ല.നിറയെ അടി വീഴുന്നു. ഭാവിയിൽ ഇതിനേക്കാൾ കൂടുതൽ അടി കിട്ടാനുള്ള അടിയുടെ തുടക്കം. ഞാൻ ഇനി ഒരു എസ് എഫ് ഐ പ്രകടനത്തിലും നിൽക്കരുത് അതിനുള്ള താക്കീത്  "മേലിൽ എസ് എഫ് ഐ പ്രകടനത്തിൽ നിൽക്കുകയില്ല എന്ന് പറഞ്ഞാൽ അടി നിറുത്താം" അടി നിങ്ങളെത്രയടിച്ചാലും ഞാൻ എസ് എഫ് ഐ ക്കാരനായി ഇവിടെ ഉണ്ടാവുംഇല്ലെങ്കിൽ കൊന്നിടാം." ഓട ടാ എല്ലാവരും ഓടിയില്ലേ എന്താ  നിനക്കോടിയാൽ" ആരോടിയാലും ഞാനോ ടുകയില്ല. അതിനുശേഷവും ആ വർഷം മുഴുവൻ ഒരു ആഴ്ചയിൽ ചുരുങ്ങിയത് (കോളേജ് ഉണ്ടെങ്കിൽ)ഒരു പ്രാവശ്യമെങ്കിലും ചിലപ്പോൾ അത് രണ്ടാവാം മൂന്ന് പ്രാവശ്യം വരെ ഒരു ആഴ്ചയിൽ അങ്ങനെ അടി കിട്ടിയിട്ടുണ്ട് അതും പത്തോ   ഇരുപതോ ആളുകളിൽ കുറഞ്ഞ് ഒരിക്കലും അവർ തച്ചിട്ടില്ല. കോളേജിലെ കെ എസ് യു ക്കാരും എം എസ് എഫു കാരും മാത്രമല്ല, പോളിയിലെ കെ എസ് യു ക്കാരും എസ് എഫ് ഐ ക്കാരനായി എന്ന ഒറ്റ കാരണത്തിന് അവർക്ക് കിട്ടുന്ന അവസരം അവരും പാഴാക്കാറില്ലായിരുന്നു. പക്ഷെ എത്ര കൂട്ടം തച്ചാലും, ബോധം കെട്ട് വീഴുന്നത് വരെ തച്ചാലും ഒരിക്കൽ പോലും ഞാൻ ഓടിയിട്ടില്ല. അന്നും ഞാൻ ഓടിയില്ല.തല മിന്നുന്നു, ആകെ ഒരു കറക്കം ആരോ തലക്ക് ഇടിച്ചു, കണ്ണ്  ഇരുട്ടടക്കുന്നു... ഓർമ വരുമ്പോൾ സ്റ്റാഫ് റൂമിൽ പാലക്കീഴ് മാഷ് ഒരു ഗ്ലാസ് വെള്ളം നീട്ടിപ്പിടിച്ച് കുടിക്കാൻ പറയുന്നു....ആ ശുപത്രിയിൽ കൊണ്ടു പോകുന്നു..കോൺഗ്രസ് ഭരണകാലം. ആൻറണി കോൺഗ്രസ് ഇന്ദിരാ കോൺഗ്രസിൽ ലയിച്ച കാലം അവരുടെ അതീവ ശക്തി കാലം എന്റെ കേസില്ല അവരെ സഹായിക്കാൻ എം.എം മുസ്തഫ, എം.എം ബഷീർ, ഛോട്ടാസദാശിവൻ -ഉണ്ണിയേട്ടൻ, വിശ്വൻ (വിശ്വൻ പിന്നീട് എന്നെ മാത്രം ഇങ്ങനെ തല്ലുന്നതിന് അവരെ എതിർത്തിട്ടുണ്ട് ) എന്നെ വന്ന് നോക്കാൻ ഗന്ധർവൻ  അബ്ദു കാക്ക, മൂസ കട്ടി കാക്ക, മാധവൻ നായർ...
അതൊരു ഗംഭീര വരവേല്പ് ആയിരുന്നു എന്റെ P TM കോളേജിലേക്ക് ഉള്ള വരവേല്പ്..
 ' നവാഗതർക്ക് സ്വാഗതം'. അടിയുടെ    ഉത്രാളിക്കാവ് വെടിക്കെട്ട് കൊണ്ട് സ്വാഗതം.തൃശുർ വെടിക്കെട്ട് വരാൻ കിടക്കുന്നേയുള്ളൂ,  പാറ,വല്ലങ്ങി പിന്നെയും ബാക്കിയാണ് എന്ന മുന്നറിയിപ്പ്. തൃശുരും, വല്ലങ്ങിയും,പാറയും എല്ലാം ഞാൻ അനുഭവിക്കുക തന്നെ ചെയ്തു.  ഡയഫ്രo   തെറ്റി കൈമുട്ടിന്റെ എല്ല് പൊട്ടി.ആശുപത്രിയിൽ കിടന്നു. കള്ള കേസുകൾ, വീടിൽ കയറി എത്രയോ പ്രാവശ്യം പോലീസ് നായാട്ട്, ലാത്തിയടി, ജയിൽവാസം, കേസുകൾ,കോടതികൾ,
എല്ലാം ആ 'നവാഗതർക്കുള്ള സ്വാഗതത്തോട് കൂടെ '     തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ.
ശേഷം ഓരോ അനുഭവവും പിന്നീട് പറയാം.



  

Thursday, December 8, 2016

എങ്ക പാട്ടൻ സൊത്തു.

തിരൂർക്കാട് A.M.H.Sൽ പഠിക്കുന്ന കാലം ഏഴാം ക്ലാസ് കൊല്ലപ്പരീക്ഷ അടുക്കുന്നു. പരീക്ഷയുടെ തലേ ദിവസം ക്ലാസ് മാസ്റ്റർ വർഗ്ഗീസ് മാഷ്  ക്ലാസിൽ വന്നു.ഓരോ കുട്ടികളുടെയും ഹാജർ നിലവാരത്തെ കുറിച്ചും പഠന നിലവാരത്തെ കുറിച്ചും കുട്ടികൾക്ക് ഹാജർ പട്ടിക നോക്കി Alphabeticalഓർഡറിൽതന്നെ പേർവിളിച്ചു പറഞ്ഞു കൊടുക്കുകയായിരുന്നു. ഓരോരുത്തരെയും
വിളിച്ച് അവരവർ ഹാജരായ ദിവസം, അവർക്ക് അരക്കൊല്ല പരീക്ഷയിൽ കിട്ടിയ മാർക്ക് എന്നിവ പറഞ്ഞു കൊടുത്തു. പട്ടികയിൽ എന്റെ പേരി നടുത്തെത്തിയപ്പോൾ എന്നെ വിളിച്ചു.
"മുഹമ്മദ് ബഷീർ ".ഒരു ദിവസം പോലും, അവധിയില്ല മുഴുവൻ ഹാജർ. അരക്കൊല്ല പ്പരീക്ഷയിൽ എല്ലാത്തിലും നല്ല മാർക്ക്.അഭിമാനത്തോട് കൂടെ ഞാൻ ഇരുന്നു. കൊല്ലപ്പരീക്ഷയിൽ ഫുൾ മാർക്ക് വാങ്ങാൻ മാഷുടെ പ്രോത്സാഹനം. ഞാൻ  അങ്ങനെ തന്നെ ചെയ്തു.
ഇപ്പോൾ ഞാൻ ഏഴാം ക്ലാസിൽ നിന്ന് നല്ല മാർക്കോട് കൂടെ പാസായി വന്ന്, എട്ടാം ക്ലാസിൽ അഭിമാനത്തോട് കൂടെ ഇരിക്കുന്നു. സ്കൂൾ ജീവിതത്തിലെ അവസാന അഭിമാന നിമിഷം അതായിരുന്നു എന്ന്പിന്നീട്  ഉള്ള എന്റെ പെർഫോർമൻസ് തെളിയിച്ചിട്ടുണ്ട്. കുറെ പഴയ  കൂട്ടുകാരും ഒപ്പം പുതിയ കൂട്ടുകാരും.കബീർ പാതാരി,K H സെയ്ത് ചെറുകര.C H സുബൈർ, ഛോട്ടാ മുഹമ്മദലി, മായിൻ, ഉമർ M . ഉമർ E.P സെയ്തലവി അരിപ്ര, പിന്നെ ഏലംകുളം ബഷീറും.
കുളത്തൂർ ടി.മുഹമ്മദ് മൗലവിയാണ് ക്ലാസ് മാസ്റ്റർ. അറബിക്ക് അധ്യാപകനാണ് അദ്ദേഹത്തിന്റെ ക്ലാസ് അതീവ രസകരമാണ്.ഒരുപാട് ഒപ്പാരികൾ ഉണ്ടാവും, കഥകളുണ്ടാവും ഹാസ്യം ഉണ്ടാവും. അങ്ങാടിപ്പുറത്തെ  ഹംസ  കുഞ്ഞായിൻ ഹംസയായി ഇന്നും തുടരുന്നത് അദ്ദേഹത്തിന്റ.ഹംസയുടെ കോമാളിത്തം കണ്ടുള്ള "എട കുഞ്ഞായീനേ " എന്നുള്ള   ഒറ്റ വിളി  കൊണ്ടാണ. പല്ല് തേക്കാത്ത മകന് കരിമ്പ് വാങ്ങി തിന്നാൻ പൈസ കൊടുത്ത വാപ്പാന്റെയടുത്തേക്ക് കൊപ്ര പിണ്ണാക്കും തിന്ന് വരുന്ന മകനെ കണ്ട വാപ്പാന്റെ അവസ്ഥയാക്കരുത്  നിങ്ങളെന്നെ എന്നുള്ള പ്രയോഗമൊക്കെ ഇന്നും മായാതെ മനസ്സിൽ തങ്ങി നില്ക്കുന്നു. അങ്ങനെ വളരെ പ്രഗത്ഭനും പ്രശസ്തനുമായ അദ്ദേഹം എന്റെ ക്ലാസ് മാഷായിരുന്നു എന്നുള്ളത് വളരെ അഭിമാനത്തോട് കൂടി തന്നെ ഓർക്കുന്നു . എപ്പോഴും വെള്ളക്കളർ കുപ്പായമോ ഇളം കളർ കപ്പായമോ മാത്രമേ ഇടുകയുള്ളൂ. എപ്പോഴും ചിരിച്ച മുഖഭാവം. ആകെ ഒരു പ്രാവശ്യം മാത്രമാണദ്ദേഹത്തിന്റെ കയ്യിൽ നിന്ന് ചൂരലടി വാങ്ങിയിട്ടുള്ളത്. അങ്ങനെയാവില്ല ശരി അദ്ദേഹം അടിക്കാറേ ഇല്ലായിരുന്നു. ആ ഒരടി നിർബ്ബന്ധപൂർവ്വം ചോദിച്ച് വാങ്ങിച്ചതായിരിക്കും.
ഇനിയാണ്  ജീവിതത്തിന്റെ ടേണിങ്ങ് പോയന്റ്. ഏലംകുളം ബഷീറും ഞാനും,സ്കൂളിൽ വലിയ കൂട്ടായി .ബഷീർ ഏലംകുളം മമ്മദ് ഹാജിയുടെ മകൻ ഇലാഹിയ്യ കോളേജ് ബോർഡിങ്ങിൽ നിന്നു് പഠിക്കുന്നു. ബോർഡിങ്ങിൽ പഠിക്കുന്ന കൂട്ടികളെയൊക്കെ ഏതോ രാജ കുടുംബത്തിലെ കുട്ടികളെ കാണുന്നത് പോലെ മനസ്സിൽ ഒരു വല്ലാത്ത ചെറുപ്പം സ്വയം തോന്നുന്ന അവസ്ഥയിലാണ് നോക്കി കണ്ടിരുന്നത്. കാരണം ബോർഡിങ്ങിൽ പഠിക്കുക എന്ന് പറഞ്ഞാൽ വളരെ പണച്ചെലവ് ഉള്ള കാര്യം ആണ്. അത് അന്നത്തെ കാലത്ത് സമൂഹത്തിൽ വളരെ കുറച്ച് പേർക്ക് മാത്രം കഴിയുന്ന കാര്യമാണ്. അതു കൊണ്ട് തന്നെ കയ്യെത്തിപ്പിടിക്കാൻ കഴിയാത്ത ഉയരത്തിൽ നില്ക്കുന്ന ഒരുത്തൻ എന്നോട്‌ സുഹൃത്തായത് വലിയ അഭിമാനം തോന്നിയ സ് കൂൾ ദിനങ്ങളായിരുന്നു. ഒരു വെള്ളിയാഴ്ച ദിവസം ബഷീർ എന്നോട് പറഞ്ഞു " സെയിൻ തിയേറ്ററിൽ ഒരു ഉഗ്രൻ സിനിമ വന്നിരിക്കുന്നു" ഞാൻ ചോദിച്ചു ഏതാണ് സിനിമ?. " ,എങ്ക പാട്ടൻ സൊത്തു', തമിഴ് സിനിമയാണ്, കളറാണ്, ജയശങ്കറും, അശോകനും ഭയങ്കര സ്റ്റണ്ടാണ് ,മോട്ടോർ സൈക്കിൾ റേസിങ്ങ് ഒക്കെ ഉണ്ട് ഞാൻ ഇന്ന് മാറ്റിനിക്ക് പോകും നീ പോരുന്നോ " ഞാൻ അതിനു മുൻപ് ജീവിതത്തിൽ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് സിനിമ മാത്രമെ കണ്ടിട്ടുള്ളൂ. 'ലോട്ടറി ടിക്കറ്റ് ' .അത് സ് കൂളിൽ നിന്ന് കൊണ്ടുപോയതാണ്.അല്ലാതെ സിനിമയൊന്നും കണ്ടിട്ടില്ല കാണാൻ ഉമ്മ സമ്മതിച്ചിട്ടും ഇല്ല. അരിപ്ര മഹല്ല് ഖാളിയാരായിരുന്ന മുഹമ്മദ് മുസ്ല്യാരുടെ മകളായ ഉമ്മാക്ക് സിനിമ പെരുത്ത് ഹറാമായിരുന്ന കാലം. സിനിമ കണ്ടതിന് ഉമ്മാന്റടുത്ത്നിന്ന് ഒരു പാട് തല്ല് പിന്നീട് കിട്ടിയിട്ടുണ്ട്. (ഇതിനൊക്കെ ഉമ്മാ നോട് പ്രതികാരം ചെയ്തത് പിന്നീട് കുറെ വർഷങ്ങൾക്ക് ശേഷം വീട്ടിൽ ഒരു ടെലിവിഷൻ വാങ്ങിയിട്ടാണ്. മഗ്രിബ് നിസ്കാരത്തിന് ശേഷം ഇശാ വരെ ഓതിയിരുന്ന ഉമ്മ ഓത്തിന്റെ നീളം  കുറച്ചു സീരിയലു കാണാ തിരിക്കാൻ വയ്യ എന്നായി. "അങ്ങനെ തന്നെ വേണം ങ്ങക്ക്, സിനിമ കണ്ടതിന്ന് എന്നെ തച്ചതിന്നു് പടച്ചവൻ അപ്പളക്കപ്പളെ അല്ലെങ്കിലും  ഈ ജീവിതകാലത്ത് തന്നെ  തന്ന പണിയാണ് ഈ സീരിയലുകൾ "എന്ന് ഞാൻ പറയുമ്പോൾ നിഷ്കങ്കമായ ഒരു പൊട്ടിച്ചിരിയായിരിക്കും മറുപടി "ജ്ജൊന്ന് മുന്നിന്ന് മാറിന്നാ ഞാൻതൊന്ന് കാണട്ടെ".
ഏതായാലും ബഷീറിന്റെ ചോദ്യം ഒരു വലിയ
മോഹമായി മനസ്സിൽ പ്രത്യേ കിച്ചും നല്ല സ്റ്റണ്ടും ബൈക്ക് റേസിങ്ങും ഒക്കെ ഉണ്ട് എന്നറിഞ്ഞതോട് കൂടെ വലിയ ആകാംക്ഷയായി അതൊന്ന് കാണണം. പിന്നീട് ക്ലാസിൽ ശ്രദ്ധിക്കാനേ കഴിഞ്ഞില്ല.
ചർച്ചയായി ഞാനും ബഷീറും തമ്മിൽ, എങ്ങനെ പോകും, ടിക്കറ്റ് എങ്ങനെ എടുക്കും, അഞ്ച് പൈസക്ക് കാപ്പിയും അഞ്ച്പൈസക്ക് പൂളയും കിട്ടുന്ന കാലം. ഒരു നയാ പൈസ കയ്യിലില്ല, ടിക്കറ്റിന് -ബഞ്ചിന് അറുപത് പൈസ വേണം. ബസ്സിന് സി,ടി അങ്ങോട്‌ പത്ത് പൈസ ഇങ്ങോട്ട് പത്ത് പൈസ, എൺപത് പൈസ ഇത്രയെങ്കിലും എങ്ങനെയെങ്കിലും ഒപ്പിക്കണം. അവന്റെ കയ്യിൽ വാപ്പ കൊടുത്ത പോക്കറ്റ് മണിയുണ്ട്. എന്റെ ബസ് പൈസ അവൻ എടുക്കാം എന്നേറ്റു. എന്നാലും  ടിക്കറ്റിന് പൈസ വേണം, ഉച്ചക്ക് ശേഷം ക്ലാസിൽ നിന്ന് ലീവ് വേണം , സിനിമ കാണണമെങ്കിൽ ഉമ്മാന്റെ സമ്മതം വേണം. ആ കാലത്ത് ഒരിക്കലും നടക്കാത്ത വലിയ വലിയ കടമ്പകൾ. പണം എന്ന ആനമല കയറിയാൽ സഹ്യപർവ്വതം എന്ന കുളത്തൂർ മൗലവി മുൻപിൽ. സഹ്യപർവ്വതവും താണ്ടികയറിയാൽ ഉമ്മ എന്ന എവെറസ്റ്റ്. ഞാൻ അന്ന് എട്ടാം ക്ലാസിലല്ലെ എത്തിയുള്ളൂ, കുഞ്ഞു കാലുകളല്ലെ, ഈ കുഞ്ഞു കാലുകളെങ്ങനെ താണ്ടും ഈ മഹാ മലകളെ ?.
രണ്ട്  കുഞ്ഞു ബുദ്ധികൾ കുളത്തൂർ മൗലവിയുടെ അറബി ക്ലാസ് കേട്ടില്ല, ചിന്നമ്മ ടീച്ചറുടെ കെമിസ്ട്രി കേട്ടില്ല,ജോസഫ് മാഷുടെ ഫിസിക്സും കേട്ടില്ല, മുഹമ്മദ് കുട്ടി മാസ്റ്ററ്ടെ കണക്കും കേട്ടില്ല. ഇടയിലെ ഇട വേളയിലും  ആലോചനയോടാലോചന. നാലാം പീരിയഡ് അവസാനം അവനൊരു വഴി കണ്ടു പിടിച്ചു.ശരിക്കും അവൻ ഒരു ബുദ്ധിജീവി തന്നെ, ഇപ്പോൾ 'എല്ലാത്തിനും പരിഹാരമായി'. അതൊരു ജനുവരി മാസം ആണ് എന്റെ വീട്ടിൽ അന്ന് ധാരാളം പറങ്കിമാങ്ങ ഉണ്ടാകുമായിരുന്നു. ഞാൻ അത് പച്ച ഈർക്കിലിൽ കോർമ്പല കുത്തി അവനും കൂട്ടുകാർക്കുംകൊണ്ട്കൊടുക്കു മായിരുന്നു.
അങ്ങനെയാണ് അവന് ആ ഐഡിയ മനസ്സിൽ വന്നത് An Idea Can  change your Life എന്ന പരസ്യമൊന്നും അന്നില്ലെങ്കിലും ആ ഐഡിയ എന്റെ ജീവിതം മാറ്റി മറിക്കുക തന്നെ ചെയ്തു. എന്റെ തൊടിയിൽ നിന്ന്  കുറച്ച് പറ്ങ്കേങ്ങന്റണ്ടി പെറുക്കണം എന്നിട്ട് അത് ഏത്ങ്കിലും പീടികയിൽ കൊണ്ടു കൊടുക്കണം ടിക്കറ്റിനു് പൈസ ആകും. ആ ഐഡിയ എനിക്ക്  ഇഷ്ടപ്പെട്ടു. എന്നാലും അതിനു്മുമ്പ്,ഒരുകടലക്കച്ചവടക്കാരന്റെയടുത്ത് നിന്ന് പോലും ഒരണ്ടിക്ക് പകരമായി ഒരുചൂരികടലയൊ,ഒരുചക്കരമുട്ടായിക്കാരന്റെയടുത്ത് നിന്നും രണ്ടണ്ടിക്ക്  പകരമായി  ഒരുചക്കരമുട്ടായിയോവാങ്ങിച്ചിട്ടില്ല.അങ്ങനെയെന്തെങ്കിലും  വേണമെങ്കിൽ ഉമ്മ പൈസ തരും അല്ലാതെ അണ്ടിയൊന്നും പെറുക്കി വിൽക്കരുത്  അത് നല്ല സ്വഭാവമല്ല എന്ന് ഉമ്മ എപ്പോഴും പറയും. അങ്ങനെയൊരു സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഉമ്മ നേരത്തേ കണ്ടിട്ടുണ്ടാവും, എന്നെ പെറ്റ ഉമ്മയല്ലെ? -  'ഉമ്മ ഏതാ മൊതല് '.
                                    ഞാൻ ഉച്ചക്ക് കഞ്ഞിക്ക് പോയി വരുമ്പോൾ  അണ്ടി കൊണ്ടുവരണം .
എനിക്ക് പേടിയാവാൻ തുടങ്ങി. എങ്ങനെ അണ്ടി പെറുക്കും ഈ നട്ടുച്ച നേരത്ത് കഞ്ഞിക്ക് വന്നു് അണ്ടിപെറുക്കുന്നത് ഉമ്മ കണ്ടാൽ 'പറുങ്കൂച്ചി ചുള്ളി മുതുവമ്പുറത്ത് കൂടെ വുഗ്ഗും.' ഞാൻ ആലോചിച്ചു അവനോട് കൂടെ എന്നോടൊത്ത് ഉച്ചക്ക് കഞ്ഞിക്ക് വരാൻ പറഞ്ഞു. അവൻ നേരത്തേ  ബോർഡിങ്ങിൽ നിന്ന് ഉച്ചക്ക്  സ്കൂൾ  വിട്ടാൽ വീട്ടിൽ  ആവശ്യമുണ്ടെന്നു് നൊണ  പറഞ്ഞ് ലീവെടുത്തിട്ടുണ്ടായിരുന്നു. ഇനി ഉച്ചക്കഞ്ഞിക്ക് വിടാനുള്ള ബെല്ലടിക്കണം ഒരു അഞ്ചോ പത്തോ മിനുട്ട് കൂടെ ഉണ്ടാവും. അതൊരു ഒന്നൊന്നര പത്ത് മിനുട്ടായിരുന്നു.അത്രയും ദീർഘിച്ച പത്ത് മിനുട്ട് എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന് ഇപ്പോൾ ഓർമ്മ വരുന്നില്ല.  ( ഇനി ഇത് പോലുള്ള ഏതെങ്കിലും നിമിഷങ്ങളെ പറ്റി ഓർക്കമ്പോഴായിരിക്കും ചിലപ്പോൾ നീളം കൂടിയ മറ്റൊരു പത്ത് മിനുട്ട് ഓർമ വരിക.അതപ്പോൾ പറയാം).
                            ബെല്ലായി തൂക്കിയിട്ടിരുന്ന കനം കൂടിയ പിച്ചള തളികയിൽ പ്യൂൺ മുഹമ്മദ് കാക്ക ബെല്ല് മുട്ടി കൊണ്ട് നീട്ടിയടിച്ചു. തറയിൽ വീണുടഞ്ഞ കോട്ടി ഭരണി മാതിരി വ്യത്യസ്ഥ നിറങ്ങൾ  വ്യത്യസ്ഥ വസ്ത്രങ്ങൾ വ്യത്യസ്ഥ വലുപ്പമുള്ള ആണും പെണ്ണുമായിട്ടുള്ള കുട്ടികൾ സ്കൂൾ മൈതാനത്തേക്ക് നിറഞ്ഞൊഴുകി. അന്ന് യൂനിഫോം സമ്പ്രദായം തുടങ്ങിയിട്ടില്ല.  അന്ന് വരെയും എന്റെ അയൽവാസിയായ ഗുണ്ടു മയമാലി ആണ് ഉച്ചക്കഞ്ഞിക്ക് വിട്ടാൽ ഒരു കിലോമീറ്റർ ദൂരമുള്ള വീട്ടിലേക്ക് ആദ്യമെത്തുക. അവൻ സ്കൂൾ വിടലും ഓടലും കഴിയും  ആ ഒരു കിലോമീറ്റർ ഒരിക്കൽ പോലും അവൻ നില്ക്കുകയില്ല. പക്ഷെ അന്ന് ഞങ്ങളവനെ മറികടന്നു. അങ്ങനെ ബഷീറും എന്റെ കൂടെ കഞ്ഞി കുടിച്ചു . ടെൻഷൻ കാരണം എനിക്ക്  കഞ്ഞി കുടിച്ചിട്ട്  ഇറങ്ങിയില്ല.ഉമ്മാന്ററടുത്ത് അവന് പറ്ങ്കേങ്ങ വേണംന്നു് പറഞ്ഞ് പറ്ങ്കേങ്ങ പെറുക്കാൻ സമ്മതം വാങ്ങിച്ചു, തൊടിയിലേക്കോടി.പറങ്കി മാങ്ങ ആയിരുന്നില്ല ഉദ്ദേശം പറങ്കി അണ്ടിക്ക് കിലോക്ക് ഒന്നര രൂപയുള്ള ആ കാലത്ത് ഒരു അരക്കിലോ അണ്ടി എങ്ങനെയെങ്കിലും വേഗം പെറുക്കിയെടുക്കണം.ഉമ്മാക്ക് അന്ന് വരെ ഉമ്മാന്റെ നല്ല കുട്ടിയായിരുന്ന എന്നെ സംശയമൊന്നും ഇല്ലല്ലോ!.?
അന്ന് തൊടിയിൽ നിറയെ പറങ്കിമാവുകൾ വ്യത്യസ്ഥ വലുപ്പങ്ങളിൽ പത്ത് മുപ്പതോളം വരുന്ന പറങ്കിമാവുകൾ. ചിലവ ആർക്കും വഴങ്ങാതെ അടിവശത്ത് ഒരു കൊമ്പ് പോലുമില്ലാതെ ഉയർന്നു പൊങ്ങി പോയിട്ടുണ്ടാവും,ചിലത് ഏത് കുട്ടിക്കും കയറാനും കളിക്കാനും പാകത്തിൽ നാലുഭാഗത്തേക്കും പടർന്നു് നില്ക്കുന്ന കൊമ്പുകളുള്ളവയായിരിക്കും,ചിലവയാ കട്ടെ തായ് മരത്തിനെയാകെ സംരക്ഷിച്ച് നിറുത്തുന്നവിധത്തിൽ നാല് വശവും ആകെ പടർന്ന് പന്തലിച്ച് നിലം മുട്ടിക്കിടക്കുന്നവ യായിരിക്കും.ഒരു പറങ്കിമാവും മറ്റൊരു പറങ്കി മാവിന്റെ മാങ്ങയുടെ രൂപത്തിലും, രുചിയിലും, വലുപ്പത്തിലും പറങ്കിമാങ്ങകളെ തന്റെ ചില്ലയിൽ തൂക്കിയിടുകയില്ല ഓരോ പറങ്കി മാവിന്റെ മാങ്ങയും വ്യത്യസ്ഥ ങ്ങളായിരിക്കും ചിലത് മഞ്ഞ, ചിലത് ചുവപ്പ്, ചിലത് കടുംമഞ്ഞ, ചിലത് കടും ചുവപ്പ് , ചിലത് ഇളം മഞ്ഞ , ചിലത് ഇളം ചുവപ്പ്, ചിലത് അതിമധുരം, ചിലത് ഇളം മധുരം, ചിലത് എത്ര പഴുത്താലും ചവർപ്പ്, ചിലത് പറങ്കിമാങ്ങയുടെ രുചിയോടു കൂടെ തന്നെവരിക്കച്ചക്കയുടെ രുചി കൂടെ സ്വാംശീകരിച്ച് വെച്ചവർ, ചിലവ കറു മൂസിന്റെ രുചിയെ സ്വാംശീകരിച്ചവർ ചിലരെ വെറുതെ  തിന്നേണ്ടവർ, ചിലരെ   ഉപ്പും മുളകും കൂട്ടി തിന്നേണ്ടവ, ഓരോ പറങ്കി മാവും ഓരോ മുഖ ഛായയുള്ള പറങ്കി മാങ്ങയെയും അണ്ടിയെയും ' ആണ്  വിളയായ് നൽ കാറെങ്കിലും ഒരു പറങ്കിമാവും തന്റെ വ്യത്യസ്ഥ ചില്ലകളിൽ വ്യത്യസ്ഥ മുഖഛായയുള്ള പറങ്കി മാങ്ങയെയും അണ്ടിയെയും  വിളയായ് നൽ കാറില്ല, അവർ ക്കെല്ലാം ഒരേ ഛായ ആയിരിക്കും അതുകൊണ്ട് തന്നെ വീട്ടിൽ കൂട്ടത്തോടെ  കൂട്ടയിൽ വച്ചാലും ഇന്നത് ഇന്ന മാവിന്റെ അണ്ടി എന്ന് വ്യക്തമായും തിരിച്ചറിയാം ഒരു കടയിൽ കൊണ്ടു കൊടുത്താൽ പോലും എത്ര വലിയ കൂട്ടത്തിൽ നിന്നും സ്വന്തം കുഞ്ഞിനെ തിരിച്ചറിയുന്നത് പോലെ ഒരു കശുമാവ് ഉടമസ്ഥൻ തന്റെ  കശുമാവിന്റെ അണ്ടി ഏതാണെന്ന് തിരിച്ചറിയും.
എന്നാൽ ഈ വ്യത്യസ്ഥങ്ങളായ പറങ്കി മാങ്ങകളൊക്കെയും തങ്ങളുടെ തല കീഴ്ക്കാം തൂക്കായി ഇട്ടു കൊണ്ട് വ്യത്യസ്ഥ മരങ്ങളിൽ വ്യത്യസ്ഥ മുഖഛായയോടു കൂടെ സ്വയം ഞെട്ടറ്റു വീഴാനോ തോട്ടിയുമായി വന്ന് ഞെട്ടറ്റു വീഴ്ത്തുന്നവന് വഴങ്ങി കൊടുക്കാനോ ആയി ചില്ലകളിൽ തൂങ്ങി കിടക്കാറാണ് പതിവ്. കാറ്റിനാൽ സ്വയം ആടുമ്പോഴോ ആരെങ്കിലും കുലുക്കി ചാടിക്കുമ്പോഴോ  കൂട്ടത്തോടെ വീണു കിടക്കുന്ന പറങ്കിമാങ്ങകൾ  അതി മനോഹരമായകാഴ്ചയാണെങ്കിലും,എന്നെയും ഹുസൈനെയും സംബന്ധിച്ച് അതൊരു  വേദനിക്കുന്ന പണിയായിരുന്നു. ചില മാങ്ങകളിൽ നിന്ന് അണ്ടി വേഗത്തിൽ ഇടിഞ്ഞെടുക്കാം. ചിലതിൽ നിന്ന് തള്ളവിരലും ചൂണ്ടും വിരലും നടുവിരലും വേദനിച്ചാലും അണ്ടി ഇടിഞ്ഞെടുക്കാൻ     പറ്റുകയില്ല.ചില ചുവട്ടിൽ ചാടി കിടക്കുന്ന പറങ്കിമാങ്ങകൾ രണ്ട് ദിവസമാകമ്പോഴേക്ക് ചീഞ്ഞ് അഴുകിയിട്ടുണ്ടാവും. അങ്ങനെയുള്ള മാങ്ങയുടെ അണ്ടിയിൽ പിടിച്ചു കൊണ്ടാണ് ആ മാങ്ങ പെറുക്കാറ്. അണ്ടിയിൽ പിടിച്ച് ഉയർത്തുമ്പോഴേക്ക് തന്നെ അഴുകിയ മാങ്ങയുടെ തൊണ്ണൂറ്റഞ്ച് ശതമാനവും നിലത്ത് വീണിട്ടുണ്ടാവും. എന്നാൽ ബാക്കി അഞ്ച് ശതമാനത്തിൽ നിന്ന്  ആ പറങ്കിണ്ടിയെ വേർപ്പെടുത്താനുള്ള ശക്തി അന്നത്തെ ഞങ്ങളുടെ കുഞ്ഞു വിരലുകൾക്കുണ്ടായിരുന്നില്ല . മറ്റു ചിലവ തോട്ടി കൊണ്ടു കൊളുത്തി വലിക്കുന്നതിനിടയിൽ വീണ പച്ച അണ്ടികളായിരിക്കും.അങ്ങനെയുള്ളഅണ്ടികൾക്ക്  മാങ്ങ ഉണ്ടാവുകയില്ല കുഞ്ഞുകാറമാങ്ങ പോലും ആകാത്ത ആ മാങ്ങയുടെ പൂപ്പ പച്ച അവസ്ഥയിൽ ഉണങ്ങിയാൽ പിന്നെ പൊട്ടിച്ചെടുക്കണം പറങ്കിമാവിന്റെ ചുവട്ടിൽ എപ്പോഴും പൊന്തക്കാടുകളായിരിക്കും. ഒരു പാട് തൊട്ടാവാടിച്ചെടികൾ കാര മൂൾച്ചെടികൾ താളിമുൾച്ചെടികൾ പുല്ലാനി പൊന്തകൾ അതിനിടക്ക് തൊടു  കക്കൂസായി ഉപയോഗിക്കുന്ന കാലം.കാരമുൾചെടി  കുപ്പായമിടാത്ത ശരീരത്തിന്റെ പുറത്ത് കോറി മുറിയാക്കുമെങ്കി്ൽ താളിമുൾചെടി ഷഡ്ഡി യി ടാത്ത  ചന്തിയെയും  കാൽ തുടകളെയും കുത്തി വേദനിപ്പിച്ചിട്ടുണ്ടാവും. തൊട്ടാവാടിയാകട്ടെ കൽപാദങ്ങളിൽ കുത്തി കേറിയിട്ടുണ്ടാവും. അങ്ങനെ  മുറിവു പറ്റിയും വേദന സഹിച്ചും ചിലപ്പോഴൊക്കെ തീട്ടത്തിൽ ചവിട്ടിയും തന്നെ ദിവസേന യെന്നോണം നാല്പതും അമ്പതും കിലോ അണ്ടി ഞങ്ങൾപെറുക്കിയുണ്ടാക്കിയിരുന്നു.
                                    ഞാനും ബഷീറും വേഗം അണ്ടി പെറുക്കാൻ തുടങ്ങി ചിലവ കുഞ്ഞു അണ്ടികൾ ചിലവ ഇടത്തരം ചിലവ മുഴുത്തത്. ഒരു നൂറ് നൂറ്റി ഇരുപത്തി അഞ്ച് അണ്ടിയെങ്കിലും വേണം അര കിലോ ആകാൻ ആ കണക്ക് ഒക്കെ അന്നേക്ക് ഉമ്മാന്റെ കൂടെമലഞ്ചരക്ക്കാരൻെറയടുത്ത് അണ്ടി വിൽകാൻ പോയുള്ള പരിചയം കൊണ്ട് പഠിച്ച് വച്ചിട്ടുണ്ടായിരുന്നു. അത്രയും അണ്ടി ഞങ്ങൾ പെറുക്കി അരയിൽതിരുകി.
                              ആ അണ്ടി തോട്ടോളി ഉണ്ണീൻ കാക്കയുടെ കടയിൽ കൊണ്ടു കൊടുത്തു .എഴുപത്തിയഞ്ച് പൈസ കിട്ടി.
പണം എന്ന ആനമല കയറി,കുളത്തൂർ മൗലവി എന്ന സഹ്യപർവ്വതവും ഉമ്മ എന്ന എവറസ്റ്റും കയറാൻ നിന്നില്ല എല്ലാം കുറുക്കു വഴി ആരോടും ഒന്നും പറഞ്ഞില്ല. ഉമ്മായോട് മിണ്ടിയില്ല, ഉച്ചക്ക് ശേഷം ക്ലാസിൽ കയ റിയില്ല, തിരൂർക്കാട് 2.20 ന് എത്തുന്ന മഞ്ചേരി  ഒറ്റപ്പാലം 'വിജയ ' ബസ്സിൽ അന്നാദ്യമായി സിനിമ കാണാനുള്ള യാത്രയുടെ തുടക്കം കുറിച്ചു. സിനിമ കാണാനുള്ള ആയിരക്കണക്കിന് യാത്രയുടെ തുടക്കം, സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ യാത്രയുടെ തുടക്കം. അന്നാദ്യമായി സിനിമ ടിക്കറ്റിന് വേണ്ടി വരിയിൽ തിക്കി  തിരക്കി നിന്നു. അതിനു ശേഷം നില്ക്കാൻ പോകുന്ന ആയിരക്കണക്കിന് വരികളുടെ തുടക്കം. എന്റെ ജന്മം തന്നെ വരി നിന്നാണെങ്കിലും, അത് ഒരാളുടെ പുറകിൽ മാത്രം നിന്നാൽ മതിയായിരുന്നു.ഇവിടെയിതാ നൂറു കണക്കിനാളുകൾ മുമ്പിൽ, രണ്ട് ഭാഗവും ഉയർത്തിക്കെട്ടി  കൃത്രിമമായി ഉണ്ടാക്കിയ ഇരുട്ട് പിടിച്ചഇടനാഴിയിലെ ശ്വാസം മുട്ടിക്കുന്ന വരികളിൽ.അവരുടെയിടയിൽ ഒരാളായി ഞാനും. (ഭാവിയിലെ ഇതിനേക്കാൾ നീണ്ട ഇടനാഴിയിലെ ഇരുട്ടിൽ ഇതിലും നീണ്ട നേരം ഒരു ബഞ്ചിന്റെ ടിക്കറ്റിനായി കാത്ത് നിലേക്കണ്ടുന്ന എന്റെ നിൽപിന്റെ തുടക്കം).
ഞങ്ങൾ രണ്ട് പേരും ടിക്കറ്റെടുത്തു തിയേറ്ററിനകത്ത് കയറി.ബഞ്ചിൽ നടുവിലായാണ് ഇരിപ്പിടം കിട്ടിയത്.
സിനിമ തുടങ്ങി (അന്നെനിക്ക് ഒരു നടീനടൻ മാരെയും അറിയില്ല എന്നാൽ പിന്നീട് അതിലുള്ളവരെയൊക്കെ എനിക്കറിയാം ജയശങ്കർ, ശിവകുമാർ ,അശോകൻ,രാജ കോകില,തുടങ്ങി അന്നത്തെ പ്രശസ്തർ തന്നെ ).സിനിമ യുടെ തുടക്കത്തിൽ തന്നെ ഒരു കശപിശ അത് ജയശങ്കറിന്റെ ജേഷ്ടന്റെ കൊലപാതകത്തിൽ കലാശിക്കുന്നു.തുടർന്ന് പ്രതികാരം. ആ സിനിമയിൽ ഞാനാദ്യമായി സ്റ്റണ്ട് കണ്ടു, പാട്ട് രംഗം കണ്ടു അർദ്ധനഗ്നകളായ ആദിവാസി വേഷധാരിയായ നായികയെ കണ്ടു അർദ്ധ നഗ്നകളായ പാട്ടുകാരികളെ കണ്ടു പക്ഷെ  പിള്ള മനസ്സിൽ കള്ളമില്ലല്ലോ ആ കള്ളികളെ ആസ്വദിക്കാനുള്ള മൂപ്പായിരുന്നില്ലല്ലോ?.  അന്നുവരെ ഞാൻ കാണാത്ത മോട്ടോർ സൈക്കിളോട്ട മത്സരംകണ്ടു,അന്നുവരെ ഞാൻ കാണാത്ത മരുഭൂമി കണ്ടു, അന്ന് വരെ കാണാത്ത ഒട്ടകയോട്ടം കണ്ടു, ഞാൻ കാണാത്ത മഞ്ഞുമലകളെകണ്ടു,കാശ്മീരതുഷാരത്തിലെ ഐസ് ചേസിങ്ങ് കണ്ടു, ഒരു 13കാരന്റെ മുമ്പിൽ അഭ്രപാളിയിൽ ഒരു വിശാല ലോകം തുറക്കുന്നു. പുതിയ പുതിയ അഭ്രപാളിയിൽ പുതിയ പുതിയ ലോകം കാണാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ തുടക്കം.
'എങ്ക പാട്ടൻ സൊത്തു' ഒറ്റ ഡോസിൽ അടിമപ്പെടുത്തുന്ന കോക്ടെയിൻ ലഹരിയെക്കാൾ വീര്യം കൂടിയ സിനിമ ലഹരിയാണ് എന്നിൽ പടർത്തിയത്, അവിടുന്നിങ്ങോട്ട് ആയിരക്കണക്കിന് സിനിമകൾ ആയിരക്കണക്കിന് അഭ്രപാളികൾക്ക് മുൻപിൽ,ചിത്രാലയ, സംഗീത, ജഹനറ, കോഴിക്കോട്ടെ, സംഗം,
അപ് സര, ഡേവിസൺ, കോറണേഷൻ, രാധ, ക്രൗൺ, പുഷ്പ, തൃശൂർ_ രാഗം, രാമദാസ്,ഗീത, പാലക്കാട്‌ അരോമ, പ്രിയ, പ്രിയദർശിനി, ന്യൂ , ഗൗഢർ, എറണാകുളം, ഷേണായീസ്, ലിറ്റിൽ ഷേണായീസ്, പത്മ, മേനക, ശ്രീധർ, നിലമ്പൂർ ഫെയറിലാന്റ്, ജ്യോതി ,തിരൂർ സെൻട്രൽ, മലപ്പുറം, ഡിലൈറ്റ്, പെരുമാൾ, മഞ്ചേരി ശ്രീദേവി, അവസാനം, ബോമ്പെ,- മിനർവ, റീഗൽ, ഈ റോസ്, കാപ്പിറ്റോൾ, ഷാലിമാർ, രൂപം, മറാത്ത മന്ദിർ '---- എന്റെ ജീവിത പഠന കാലം, പത്താം ക്ലാസ് കൊല്ല പരീക്ഷ വരെ ഞാൻ ശിവദാസൻ മാസ്റ്ററു ടെ ഇംഗ്ലീഷ് ക്ലാസ് കേട്ടില്ല, മുഹമ്മദ് കുട്ടി മാസ്റ്ററുടെ കണക്ക് കേട്ടില്ല, ചിന്നമ്മ ടീച്ചറുടെ കെമിസ്ട്രി കേട്ടില്ല, സരസമ്മ ടീച്ചറുടെ മലയാളം കേട്ടില്ല, അയ്യപ്പൻ പിള്ള സാറിന്റെ ഹിന്ദിയും, സുമതി ടീച്ചറുടെ ഹിന്ദിയും കേട്ടില്ല. കുളത്തൂർ മൗലവിയുടെ അറബിയും കേട്ടില്ല,രാമൻ മാസ്റ്ററുടെ ഡ്രോയിങ്ങ് വരച്ചില്ല, മൊയ്തുട്ടി മാസ്റ്ററുടെ ഡ്രോയിങ്ങും വരച്ചില്ല, ഉസ്മാൻ മാസ്റ്ററുടെ ചരിത്രവും കേട്ടില്ല, വീട്ടിൽ വന്നാൽ ഒരു പുസ്തകവും ഞാൻ കണ്ടില്ല.കേട്ടത് സിനിമാക്കഥകൾ മാത്രം, കണ്ടത് സിനിമ പോസ്റ്ററുകൾ മാത്രം. സിനിമ,സിനിമ,സിനിമ............. മോണിങ്ങ് ഷോ, നൂൺഷോ, മാറ്റിനി, ഫസ്റ്റ് ഷോ, സെക്കന്റ് ഷോ,.......സിനിമ,സിനിമ, സിനിമ........
ഒരു പാട് സിനിമ കൂട്ടുകാർ, അവരോടൊത്ത് സിനിമ കാണാൻ പോയതിന്റെയും  കണ്ട് വന്നിട്ടുള്ളതുമായ രസകരമായ കഥകൾ പിന്നീട്.
ഈ പോസ്റ്റ് ഹൃദയ സ്തംഭനം വന്ന് മരിച്ചു പോയ ഏലംകുളം ബഷീർ എന്ന കൂട്ടുകാരന് സമർപ്പിക്കുന്നു.

Wednesday, December 7, 2016

ഒരു ട്യൂഷൻ ക്ലാസ്.

S.S.L.C ക്ക് രണ്ടാമത് പഠിക്കുന്ന കാലം.ട്യൂഷൻ പഠിക്കാൻ അങ്ങാടിപ്പുറം റെയിൽവെ സ്റ്റേഷന് നേർ എതിർവശത്തുള്ള നമ്പൂതിരി മാസ്റ്ററുടെ ട്യൂഷൻ സെന്ററിൽ ചേർന്നു് പഠിക്കുകയാണ്. അധ്യാപകരായി നമ്പൂതിരി മാസ്റ്റർ (കണക്കും ഇംഗ്ലീഷും മൂപ്പർ തന്നെ) പിന്നെ ഉസ്മാൻ മാസ്റ്റർ ചാത്തോലിക്കുണ്ട്,  ഹരി മാസ്റ്റർ അങ്ങാടിപ്പുറം,ഉമർ മാസ്റ്റർ അരിപ്ര. എല്ലാ അധ്യാപരും നല്ല കഴിവും ആത്മാർത്ഥതയും ഉള്ളവർ. ട്യൂഷൻ സെന്റർ കെട്ടിടം ഓടിട്ടതാണ്. പക്ഷെ നിലത്ത് സിമന്റ് തേക്കുകയോ ചാണകം മെഴുകുകയോ ഒന്നും ചെയ്തിട്ടില്ല. നെരിയാണിക്ക് മുകൾഭാഗം വരെ കാൽ ആഴ്ന്ന് പോകുന്നത് വരെ  നിറയെ നല്ല ചുവന്ന മണ്ണ്. ആരെങ്കിലും കോരി കൊണ്ടു പോയാൽ ആ കാലത്തെ ചുമരുകൾ തേക്കാൻ പറ്റിയ അത്ര മിനുസമുള്ള പൊടി. ഈ പൊടിയിൽ കാൽ വച്ചാണ്  സുന്ദരികളും സുന്ദരൻമാരുമായ ഞങ്ങൾ   ആക്ലാസിലെ ബഞ്ചുകളിലിരുന്നിരു ന്നത് . ഇതേ പൊടിയിലാണ്  ക്ലാസെടുത്തു കൊണ്ട് സ്മാർടൻ മാരും,സുന്ദരൻമാരുമായ ഉമ്മർ മാസ്റ്ററും, ഉസ്മാൻ മാസ്റ്ററും, ഹരി മാസ്റ്ററും നടന്നിരുന്നത്, മുതലാളിയായ നമ്പൂതിരി മാഷും അതിലൂടെ നടന്നു തന്നെയാണ് ക്ലാസെടുത്തിരുന്നത്. ഒരു സുന്ദരി ടീച്ചർ അണിഞ്ഞൊരുങ്ങി നല്ല സാരിയൊക്കെ ഉടുത്ത് ഒരു ദിവസം വന്നു പിറ്റന്നു് കണ്ടില്ല. പറമ്പിൽ പച്ചക്കറി ഉണ്ടാക്കിയാൽ ഇത്ര പൊടി മേലാകുകയില്ലല്ലോ എന്നു് കരുതിക്കാണും. ഉമ്മർ മാസ്റ്ററും, ഉസ്മാൻ മാസ്റ്ററും, ഹരി മാസ്റ്ററും നന്നായി വസ്ത്രം ധരിച്ച് ആണ് വരിക, നല്ല പാൻറും ഷർടും ഇസ്ത്രി ഇട്ട് ദിവസേന കുളിച്ച് ഇന്നിട്ട വസ്ത്രം നാളെ ഇടൂല.നമ്പൂതിരി മാഷ് ആണെങ്കിൽ വലിയ വെള്ള ഡബിൾമുണ്ട് ആണ് ഉടുക്കുക പുള്ളി ആണെങ്കിൽ ഒരു തുണി മാസത്തിൽ ഒരിക്കലെങ്കിലും എങ്ങനെ തിരുമ്പാതെ ഉപയോഗിക്കാം എന്ന് പരീക്ഷണം നടത്തുന്ന കാലഘട്ടവും. ഇന്ന് ഉടുത്ത തുണി ഓഫീസിൽ നിലത്ത് അഴിച്ചു വച്ചിട്ടുണ്ടാവും, നാളെ ആ തുണിയുടെ അരയിൽ കുത്തിയ ഭാഗം ഇന്ന് നിലത്ത് കൂടെ വലിച്ചിഴച്ച ഭാഗം ആയി മാറിക്കഴിഞ്ഞിട്ടുണ്ടാകും. നാളെ ഉടുത്ത തുണി മറ്റന്നാൾ ഓഫീസിന്റെ മൂലയിൽ വിശ്രമം .മറ്റന്നാൾ അലക്കി വച്ച വേറൊരു മുണ്ട്. ആദ്യത്തെ തുണിയുടെ തനിയാവർത്തനം ഈ ഡബിൾ മുണ്ടിനും സംഭവിക്കും.ആകെ രണ്ട്തുണി.രണ്ടാമത്തെ തുണി ആദ്യത്തെ തുണിയെ അനുകരിച്ച് തീർന്നാൽ, വീണ്ടും ആദ്യത്തെ ഡബിൾ മുണ്ടിലേക്ക്. ഇപ്പോൾ ഞങ്ങളുടെ ആരുടെയെങ്കിലും സഹായം വേണം ആ രണ്ട് തലയും പൊടിയിലിഴഞ്ഞ് വലഞ്ഞ ഡബിളിനെയൊന്ന് അകം പുറം മറിച്ച് കരയോട് കര ഒപ്പം പിടിക്കാൻ. അങ്ങനെ ആദ്യത്തെതുണിയുടെ രണ്ടാമൂഴവും രണ്ടാമത്തെ തുണിയുടെ രണ്ടാമൂഴവും കഴിഞ്ഞാൽ ആദ്യത്തെ ഡബിൾ ന്റെയും രണ്ടാമത്തെ ഡബിൾന്റെയും മൂന്നാമൂഴം. അവസാനം ആരിൽ നിന്നാണ് തുടങ്ങിയത് എന്ന് തിരിച്ചറിയാവാനാവാത്ത അവസ്ഥ. ആരാ തൊമ്മൻ(തമ്മിൽ ഭേദം) എന്നു് പുള്ളിക്ക് തന്നെ തിരിച്ചറിയാതാവുമ്പോൾ വീട്ടിൽ കൊണ്ടു പോകും.                         പുള്ളി ക്ലാസെടുക്കുമ്പോൾ തന്നെക്കാൾ നന്നായി ക്ലാസെടുക്കാൻ അറിയുന്ന ആരും ഈ ഭൂമിമലയാളത്തിൽ ഇല്ല എന്ന് ഇടക്കിടക്ക് പറയും. സ്വയം പൊക്കി പറയുക എന്നാൽ പുള്ളിക്ക് പായസത്തിന്ന് ശേഷം വയറ്റിൽ സ്ഥലം ഉണ്ടങ്കിൽ രണ്ട് പൂവൻപഴം കൂടെ തിന്നുന്ന അത്ര ഇഷ്ടമാണ്. "നിങ്ങടെ മാഷമ്മാരെയൊക്കെ എന്തിനു് പറ്റും അവരൊക്കെ പഠിപ്പിച്ചത് എഴുതിയാൽ നിങ്ങൾക്ക് കുമ്പളങ്ങ കിട്ടും, ഒരു വഹക്കും കൊള്ളുകയില്ല".ഒരു ദിവസം ക്ലാസെടുത്തപ്പോൾ ഇതു തന്നെ പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു. " ഞങ്ങളുടെ മാഷമ്മാരൊക്കെ നിങ്ങളേക്കാൾ നല്ല അധ്യാപകരാണ്.(  കുഞ്ഞാലൻ കുട്ടി മാസ്റ്ററെ കുറിച്ചും , ശിവദാസൻ മാഷെ പറ്റിയും, കുട്ടികൃഷ്ണൻ മാഷെ സംബന്ധിച്ചും, ഉസ്മാൻമാഷെ ആയാലും, ചിന്നമ്മ ടീച്ചറെയൊ, സരസമ്മ ടീച്ചറെയൊ പറ്റി ആയാലും പുള്ളിക്കെന്തറിയാം). ഇത് പുള്ളിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല " ഞാൻ ഒരു നമ്പൂതിരിയാണ് പറയുന്നത്. ലോകത്ത്  ഒരേ ഒരു നമ്പൂതിരിയേ കള്ളം പറയുകയുള്ളൂ അത് ഇ.എം.എസ് ആണ്."ഞാൻ പറഞ്ഞു, ഇ.എം.എസ്.കള്ളം പറയുന്നത് ഞാൻ കേ ട്ടിട്ടില്ല. പക്ഷെ കള്ളം പറയുന്ന ഒരു നമ്പൂതിരിയെ ഇപ്പോൾ ഞാനും കണ്ടു. ക്ലാസിലെ കുട്ടികളൊക്കെചിരിച്ചു. ഇതിനു് പുള്ളി പകരം വീട്ടിയത് അത്രയും കുട്ടികളുടെ ഇടയിൽ വച്ച് എന്നോട്  ട്യൂഷൻ ഫീസ് ചോദിച്ചു കൊണ്ടാണ്.
                                   എന്റെ ബഞ്ചിൽ ഞാനും മദനനും, പുത്തനങ്ങാടി ഉസ്മാനും, അമാനത്ത് ബാപ്പുട്ടിയും അബ്ദുള്ളയും . ഒക്കെ അടുത്തടുത്താണ് ഇരുന്നിരുന്നത് ഞങ്ങളുടെ മുൻ ബഞ്ചിൽ കുറെ പെൺ കുട്ടികൾ  മിനി, ഹേമ, ഗീത, സരസ്വതി, കാർത്തിക. എല്ലാവരും സുന്ദരികൾ.മദനൻ ഒരു ദിവസം ഡസ്കിൽ തന്റെ രണ്ട് കയ്യും അമർത്തി പിടിച്ച് ശരീരം ബഞ്ചിനും ഡസ് കിനും ഇടയിലേക്ക് ഒന്ന് കൂടെ  താഴ്ത്തി   എത്തി വലിഞ്ഞ്  സുന്ദരിയായ ഹേമയുടെ കാലിൽ തന്റെകാലുകൊണ്ട്തോണ്ടി. ഉസ്മാൻ മാസ്റ്ററുടെ ക്ലാസ്, ഹേമ പരാതി പറഞ്ഞു.
                             തോണ്ടിയില്ല എന്നായി മദനൻ. മാഷ് ഹേമയോട് എഴുന്നേറ്റ് മുൻപോട്ട് വരാൻ പറഞ്ഞു.എന്നിട്ട് കാലിന്റെ പുറക് വശം കാണിക്കാൻ ആവശ്യപ്പെട്ടു.ഹേമ തന്റെ കാലിന്റെ പുറക് വശം  മടമ്പിന് മുകളിലായി തന്റെ പാവാട കുറച്ച് ഉയർത്തി കാണിച്ചു. അതാ കിടക്കുന്നു മദനന്റെ വലത്തു കാലിലെ പെരുവിരലിന്റെയും അടുത്ത രണ്ട് വിരലുകളുടെയും പഞ്ചാരയടിയുടെ പഞ്ചാരപൊടി അടയാളം, ഹേമയുടെ മടമ്പിന് തൊട്ട് മുകളിൽ. മദനൻ ആ പീരിയഡ് പുറത്ത്. ഇൻറർവെല്ലിന് ചായയും ഉഴുന്ന് വടയും കഴിക്കാൻ ഞങ്ങൾ ചെല്ലുന്നത് വരെ അപ്പുവേട്ടന്റെ ചായക്കടയിൽ കാത്തിരുന്നു.
മാസങ്ങൾ കഴിഞ്ഞു ഞങ്ങളെല്ലാവരും മാർച്ചിൽ പരീക്ഷയെഴുതി. റിസൾട് വന്നു ഞാൻ ജയിച്ചു, മദനൻ തോറ്റു,  . മിനിയും ഹേമയും. ജയിച്ചു.  കുറെ പേർ ജയിക്കുകയും കുറെ പേർ തോല്ക്കുകയും ചെയ്തു. സ്വപ്രയത്നത്തിന്റെ ഫലമായാണോ ട്യൂഷന്റെ ഗുണം കൊണ്ടാണോ ഏതായാലും ഞാൻ ജയിച്ചു.ശേഷമുള്ള പരസ്യ ബോർഡിൽ കയറാൻ ഏതായാലും ഫോട്ടോ എടുക്കേണ്ടി വന്നില്ല. 238 മാർക്ക് കാരെ അന്നും പിന്നീടും ട്യൂഷൻ സെന്റെറുകാർ പടമടിച്ച് പരസ്യം ചെയ്യുന്ന പതിവില്ലല്ലോ. ഈ വിവരം പറയാൻ നമ്പൂതിരി മാഷ്ടെ അടുത്ത് ചെന്നു."അത്ഭുതം,അത്ഭുതം".പെട്ടെന്നായിരുന്നു മാഷുടെ പ്രതികരണം. ഏതായാലും അന്നത്തെ    ഗ്രൂപ്പ് സമ്പ്രദായത്തിനു്  നന്ദി പറയാൻ തോന്നുന്നത് ഇടക്കിടക്ക് പഴയ ആ SSLC സർടിഫിക്കറ്റ് മറിച്ചു നോക്കു മ്പോഴാണ്. PASSED.
അതിനു ശേഷം പാലക്കാട്ടേക്ക് പോയ മിനിയേയും, ഷൊർണ്ണൂരിലേക്ക് പോയ ഹേമയേയും. ഞാൻ കണ്ടിട്ടേ ഇല്ല. വർഷങ്ങൾക്ക് ശേഷം ഒരു ത്തെട്ടലോടെ ഞാനറിഞ്ഞു ഞങ്ങളുടെ പ്രിയ സഹപാഠി, കൂട്ടുകാരി ഹേമ ആത്മഹത്യ ചെയ്തു എന്ന്.
ഈ പോസ്റ്റ് ആ കൂട്ടുകാരിക്ക് സമർപ്പിക്കുന്നു.